എന്റെ സുഹൃത്ത് ഡേവിന്റെ കൗമാരക്കാരിയായ മകള്‍ മെലിസയുടെ മരണത്തിന് ഒരു വര്‍ഷം മുമ്പ് എന്റെ സുഹൃത്ത് ഷാരോണ്‍ അന്തരിച്ചു. ഇരുവരും വാഹനാപകടത്തിലാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒരു രാത്രി ഷാരോണും മെലിസയും എന്റെ സ്വപ്‌നത്തില്‍ വന്നു. ഒരു വലിയ വിരുന്നു ഹാളില്‍ തോരണങ്ങള്‍ തൂക്കിയിട്ടുകൊണ്ട്് അവര്‍ ചിരിക്കുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു; ഞാന്‍ മുറിയിലേക്ക് കാലെടുത്തുവച്ചപ്പോള്‍ അവര്‍ എന്നെ അവഗണിച്ചു. വെള്ള വിരിപ്പുള്ള ഒരു നീളമുള്ള മേശയില്‍ സ്വര്‍ണ്ണപ്പാത്രങ്ങളും ചഷകങ്ങളും സജ്ജീകരിച്ചിരുന്നു. അലങ്കരിക്കാന്‍ സഹായിക്കട്ടെ എന്ന് ഞാന്‍ ചോദിച്ചെങ്കിലും ഞാന്‍ പറയുന്നത് അവര്‍ കേള്‍ക്കുന്നതായി തോന്നിയില്ല.

എന്നാല്‍ ഷാരോണ്‍ പറഞ്ഞു, ‘ഈ പാര്‍ട്ടി മെലിസയുടെ വിവാഹ സല്‍ക്കാരമാണ്.’

‘ആരാണ് വരന്‍?” ഞാന്‍ ചോദിച്ചു.

അവര്‍ പ്രതികരിച്ചില്ല, എങ്കിലും അറിയാമെന്ന മട്ടില്‍ പരസ്പരം നോക്കി പുഞ്ചിരിച്ചു. ഒടുവില്‍, എനിക്കതു മനസ്സിലായി – യേശു!

‘യേശുവാണ് മണവാളന്‍’ ഞാന്‍ ഉണര്‍ന്നുകൊണ്ടു മന്ത്രിച്ചു.

യേശു മടങ്ങിവരുമ്പോള്‍ അവന്റെ വിശ്വാസികള്‍ ഒരുമിച്ച് പങ്കിടുന്ന സന്തോഷകരമായ ആഘോഷത്തെയാണ് എന്റെ സ്വപ്‌നം ഓര്‍മ്മിപ്പിക്കുന്നത്. വെളിപ്പാടില്‍ ‘കുഞ്ഞാടിന്റെ കല്യാണ വിരുന്ന്” (19:9) എന്ന വിശിഷ്ട വിരുന്നായി അതിനെ ചിത്രീകരിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ ആദ്യ വരവിനായി ആളുകളെ ഒരുക്കിയ യോഹന്നാന്‍ സ്‌നാപകന്‍ അവനെ ‘ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’ എന്ന് വിളിച്ചു (യോഹന്നാന്‍ 1:29). അവന്‍ യേശുവിനെ ‘മണവാളന്‍” എന്നും തന്നെത്തന്നെ അവനെ കാത്തിരിക്കുന്ന ‘സ്‌നേഹിതന്‍’ (തോഴന്‍) എന്നും വിശേഷിപ്പിച്ചു (3:29).

ആ വിരുന്നു ദിനത്തിലും നിത്യതയിലും, നാം നമ്മുടെ മണവാളനായ യേശുവിനോടും ഷാരോണ്‍, മെലിസ, മറ്റെല്ലാ ദൈവജനത്തോടും ഒപ്പം അന്തമില്ലാത്ത കൂട്ടായ്മ ആസ്വദിക്കും.