ശുദ്ധജലം ഇല്ലാത്ത പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്നതിന്, സീവാട്ടര്‍ ഗ്രീന്‍ഹൗസ് കമ്പനി ഒരു പുതിയ കാര്യം നിര്‍മ്മിച്ചു: ആഫ്രിക്കയിലെ സൊമാലിലാന്‍ഡിലും സമാന കാലാവസ്ഥയുള്ള മറ്റ് രാജ്യങ്ങളിലും ‘കൂളിംഗ് ഹൗസുകള്‍’ നിര്‍മ്മിച്ചു. കൂളിംഗ് ഹൗസുകള്‍ സോളാര്‍ പമ്പുകള്‍ ഉപയോഗിച്ച് കോറുഗേറ്റഡ് കാര്‍ഡ്‌ബോര്‍ഡുകൊണ്ട് നിര്‍മ്മിച്ച ചുവരുകളിലൂടെ കടല്‍ ജലം ഇറ്റിറ്റു വീഴിക്കുന്നു. ഓരോ പാനലിലൂടെയും വെള്ളം താഴോട്ടുവീഴുമ്പോള്‍, അതിലെ ഉപ്പ് ബോര്‍ഡില്‍ തങ്ങിനില്‍ക്കുകയും ശുദ്ധജലം താഴേക്കു വീഴുകയും ചെയ്യുന്നു. അവശേഷിക്കുന്ന ശുദ്ധജലത്തിന്റെ ഭൂരിഭാഗവും കെട്ടിടത്തിനുള്ളില്‍ ബാഷ്പീകരിക്കപ്പെടുകയും ഇത് പഴങ്ങളും പച്ചക്കറികളും തഴച്ചുവളരാന്‍ സഹായിക്കുന്ന ഈര്‍പ്പമുള്ള സ്ഥലമായി മാറുകയും ചെയ്യുന്നു.

പുരാതന യിസ്രായേലിനായി ‘നിര്‍ജ്ജനപ്രദേശത്തു നദികള്‍ ഉണ്ടാക്കും’ എന്നു പറഞ്ഞുകൊണ്ട് ഒരു ‘പുതിയ കാര്യം’ ചെയ്യുമെന്ന് യെശയ്യാ പ്രവാചകന്‍ മുഖാന്തരം ദൈവം വാഗ്ദത്തം ചെയ്തു (യെശയ്യാവ് 43:19). മിസ്രയീമ്യ സൈന്യത്തില്‍ നിന്ന് തന്റെ ജനത്തെ രക്ഷിക്കാന്‍ അവിടുന്ന് ചെയ്ത പഴയ കാര്യത്തില്‍നിന്ന് ഈ പുതിയ കാര്യം വ്യത്യസ്തമാണ്. ചെങ്കടല്‍ സംഭവം ഓര്‍ക്കുന്നുണ്ടോ? തന്റെ ജനം ഭൂതകാലത്തെ ഓര്‍മ്മിക്കണമെന്നു ദൈവം ആഗ്രഹിച്ചു, എന്നാല്‍ അവരുടെ ജീവിതത്തിലെ ഇപ്പോഴത്തെ ഇടപെടലിനെ അത് മറയ്ക്കരുത് (വാ. 18). അദ്ദേഹം പറഞ്ഞു, ‘ഇതാ, ഞാന്‍ പുതിയതൊന്നു ചെയ്യുന്നു; അത് ഇപ്പോള്‍ ഉത്ഭവിക്കും; നിങ്ങള്‍ അത്
അറിയുന്നില്ലയോ? അതേ, ഞാന്‍ മരുഭൂമിയില്‍ ഒരു വഴിയും നിര്‍ജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും’ (വാ. 19).

ഭൂതകാലത്തിലേക്കു നോക്കുന്നത് ദൈവത്തിന്റെ കരുതലിലുള്ള നമ്മുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുമ്പോള്‍, ഭൂതകാലത്തില്‍ ജീവിക്കുന്നത് പരിശുദ്ധാത്മാവ് ഇന്നു ചെയ്യുന്ന പ്രവൃത്തികളുടെ നേരെ നമ്മുടെ കണ്ണ് കുരുടാക്കും. അവന്‍ ഇപ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് – സഹായിക്കുകയും പുനഃസൃഷ്ടി നടത്തുകയും തന്റെ ജനത്തെ നിലനിര്‍ത്തുകയും – കാണിച്ചുതരാന്‍ നമുക്ക് ദൈവത്തോട് ആവശ്യപ്പെടാം. സമീപത്തും വിദൂരത്തുമുള്ള മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവനോടൊപ്പം പങ്കാളിയാകാന്‍ ഈ അവബോധം നമ്മെ പ്രേരിപ്പിക്കട്ടെ.