അലാസ്‌കയിലെ ഒരു പര്‍വതപ്രദേശത്തുള്ള ഒരു കുടിയേറ്റക്കാരന്റെ കുടിലിനു തീപിടിച്ചപ്പോള്‍, യുഎസിലെ ഏറ്റവും തണുപ്പുള്ള ആ സംസ്ഥാനത്ത് അഭയമില്ലാതെയും മതിയായ വിഭവങ്ങളില്ലാതെയും – കഠിനമായ കാലാവസ്ഥയില്‍ – ശീതകാലത്തിന്റെ മധ്യത്തില്‍ അയാള്‍ ഒറ്റപ്പെട്ടു. മൂന്നാഴ്ചയ്ക്കുശേഷം, ആ സ്ഥലത്തുകൂടി പറന്ന ഒരു വിമാനം അയാളെ രക്ഷപ്പെടുത്തി – മഞ്ഞില്‍ കരിപ്പൊടി ഉപയോഗിച്ച് അയാള്‍ എഴുതിയ ഒരു വലിയ എസ്ഒഎസ് പൈലറ്റിന്റെ ശ്രദ്ധയില്‍ പെടുകയാണുണ്ടായത്.

സങ്കീര്‍ത്തനക്കാരനായ ദാവീദ് തീര്‍ച്ചയായും ദുരിതത്തിലായിരുന്നു. അസൂയാലുവായ ശൗല്‍ രാജാവ് അവനെ കൊല്ലുവാനായി വേട്ടയാടിക്കൊണ്ടിരുന്നു. അങ്ങനെ അവന്‍ ഗത്ത് നഗരത്തിലേക്ക് ഓടിപ്പോയി, അവിടെ തന്റെ ജീവന്‍ രക്ഷിക്കാനായി ഭ്രാന്തനാണെന്ന് നടിച്ചു (1 ശമൂവേല്‍ 21 കാണുക). ഈ സംഭവങ്ങളില്‍ നിന്നാണ് 34-ാം സങ്കീര്‍ത്തനം ഉണ്ടായത്. അവിടെവെച്ച് ദാവീദ് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും സമാധാനം കണ്ടെത്തുകയും ചെയ്തു (വാ. 4, 6). ദൈവം അവന്റെ അപേക്ഷ കേട്ട് അവനെ വിടുവിച്ചു.

നിങ്ങള്‍ നിരാശാജനകമായ ഒരു അവസ്ഥയില്‍ സഹായത്തിനായി ദൈവത്തോടു നിലവിളിക്കുകയാണോ? ഇന്നും നമ്മുടെ നിരാശാജനകമായ പ്രാര്‍ത്ഥനകള്‍ ദൈവം ശ്രദ്ധിക്കുകയും ഉത്തരം നല്‍കുകയും ചെയ്യുന്നുവെന്ന് ഉറപ്പുള്ളവരായിരിക്കുക. ദാവീദിന്റെ കാര്യത്തിലെന്നപോലെ, അവന്‍ നമ്മുടെ നിലവിളി ശ്രദ്ധിക്കുകയും നമ്മുടെ ഭയം അകറ്റുകയും ചെയ്യുന്നു (വാ. 4) – ചിലപ്പോള്‍ ‘സകല കഷ്ടങ്ങളില്‍നിന്നും’ നമ്മെ രക്ഷിക്കുകയും ചെയ്യുന്നു (വാ. 6).

‘നിന്റെ ഭാരം യഹോവയുടെമേല്‍ വച്ചുകൊള്ളുക; അവന്‍ നിന്നെ പുലര്‍ത്തും” എന്നു തിരുവചനം നമ്മെ ക്ഷണിക്കുന്നു (സങ്കീര്‍ത്തനം 55:22). നമ്മുടെ വിഷമകരമായ സാഹചര്യങ്ങളെ ദൈവത്തിലേക്ക് കൊണ്ടുവരുമ്പോള്‍, നമുക്ക് ആവശ്യമായ സഹായം അവിടുന്ന് നല്‍കുമെന്ന് നമുക്ക് വിശ്വസിക്കാം. അവന്റെ കഴിവുള്ള കൈകളില്‍ നാം സുരക്ഷിതരാണ്.