ഒരു വിനോദയാത്രയ്ക്കിടെ, എന്റെ ഭര്‍ത്താവിന്റെ കുട്ടിക്കാലം മുതല്‍ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെ അറിയുന്ന ഒരു സ്ത്രീയെ ഞങ്ങള്‍ കണ്ടുമുട്ടി. അവര്‍ അലനില്‍ നിന്ന് ദൃഷ്ടി മാറ്റി ഞങ്ങളുടെ മകന് സേവ്യറിനെ നോക്കി. ‘അവന് അവന്റെ ഡാഡിയുടെ തനിപ്പകര്‍പ്പാണ്,’ അവര്‍ പറഞ്ഞു. ‘ആ കണ്ണുകള്‍. ആ പുഞ്ചിരി. അവനെപ്പോലെ തോന്നുന്നു.’ പിതാവും മകനും തമ്മിലുള്ള ശക്തമായ സാമ്യം അംഗീകരിക്കുന്നതില്‍ ആ സ്ത്രീ സന്തോഷിച്ചപ്പോള്‍, അവരുടെ വ്യക്തിത്വങ്ങളിലെ സമാനതകള്‍ പോലും അവര്‍ ശ്രദ്ധിച്ചു. എങ്കിലും, അവര്‍ പലവിധത്തില്‍ ഒരുപോലെയാണെങ്കിലും, എന്റെ മകന് പിതാവിനെ പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കുന്നില്ല.
പിതാവിനെ പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്ന ഒരു പുത്രന് യേശു മാത്രമേയുള്ളൂ. ക്രിസ്തു ‘അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സര്‍വ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു” (കൊലൊസ്യര്‍ 1:15). അവനിലും അവനിലൂടെയും അവനുവേണ്ടിയും എല്ലാം സൃഷ്ടിക്കപ്പെട്ടു (വാ. 16). ‘അവന് സര്‍വ്വത്തിനും മുമ്പെയുള്ളവന്‍; അവന് സകലത്തിനും ആധാരമായിരിക്കുന്നു” (വാ. 17).
ജഡത്തില്‍ വെളിപ്പെട്ട ദൈവമായ യേശുവിനെ നോക്കിക്കൊണ്ട് പിതാവിന്റെ സ്വഭാവം കണ്ടെത്തുന്നതിനായി നമുക്ക് പ്രാര്‍ത്ഥനയിലും ബൈബിള്‍ പഠനത്തിലും സമയം ചെലവഴിക്കാന്‍ കഴിയും. തിരുവെഴുത്തിലും നമ്മുടെ ദൈനംദിന ജീവിതത്തിലും മറ്റുള്ളവരുമായി എങ്ങനെ ഇടപഴകുന്നുവെന്ന് പരിശോധിച്ചുകൊണ്ട് അവിടുത്തെ സ്നേഹത്തിന് സാക്ഷ്യം വഹിക്കാന്‍ അവന് നമ്മെ ക്ഷണിക്കുന്നു. നമ്മുടെ ജീവിതം ക്രിസ്തുവിനു സമര്‍പ്പിക്കുകയും പരിശുദ്ധാത്മാവിന്റെ ദാനം സ്വീകരിക്കുകയും ചെയ്ത ശേഷം, നമ്മുടെ സ്നേഹവാനായ പിതാവിനെ അറിയുന്നതിലും വിശ്വസിക്കുന്നതിലും നമുക്ക് വളരാന്‍ കഴിയും. നമുക്ക് അവനുവേണ്ടി ജീവിക്കാന്‍ കഴിയേണ്ടതിന് അവന്റെ സ്വഭാവം പ്രതിഫലിപ്പിക്കുന്നതിനായി അവന് നമ്മെ രൂപാന്തരപ്പെടുത്തുന്നു.
നാം യേശുവിനെപ്പോലെയാണെന്ന് മറ്റുള്ളവര്‍ക്ക് പറയാന്‍ കഴിയുമെങ്കില്‍ അതെത്ര സന്തോഷമായിരിക്കും!
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിങ്ങളുടെ ജീവിതത്തില്‍ യേശുവിന്റെ ഏത് സ്വഭാവഗുണമാണ് വളര്‍ന്നതായി നിങ്ങള്‍ കണ്ടത്? വരുന്ന വര്‍ഷത്തില്‍ ഏത് സ്വഭാവമാണ് നിങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നത്?
കര്‍ത്താവായ യേശുവേ, അങ്ങെന്നെ കൂടുതലായി അങ്ങയോടു സദൃശ്യനാക്കുന്നതനുസരിച്ച് അങ്ങയെ കൂടുതല്‍ അറിയുവാന്‍ എന്നെ സഹായിക്കണമേ.