പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, ഓറഞ്ചിലെ വില്യം മനഃപൂര്‍വ്വം തന്റെ രാജ്യത്തിന്റെ ഭൂരിഭാഗവും വെള്ളപ്പൊക്കത്തില്‍ മുക്കി. അതിക്രമിച്ചു കടന്ന സ്പെയിനിന്റെ സൈന്യത്തെ തുരത്താനുള്ള ശ്രമത്തിലാണ് ഡച്ച് രാജാവ് ഇത്രയും കടുത്ത നടപടി സ്വീകരിച്ചത്. അതു ഫലവത്തായില്ലെന്നു മാത്രമല്ല, മികച്ച കൃഷിസ്ഥലങ്ങളുടെ വലിയൊരു ഭാഗം കടലില്‍ നഷ്ടപ്പെടുകയും ചെയ്തു. ‘ഗതികെട്ട സമയങ്ങള്‍ ഗതികെട്ട നടപടികള്‍ ആവശ്യപ്പെടുന്നു,” അവര്‍ പറയുന്നു.
യെശയ്യാവിന്റെ കാലത്ത്, അശ്ശൂര്‍ സൈന്യം ഭീഷണിപ്പെടുത്തിയപ്പോള്‍ യെരൂശലേം ഗതികെട്ട നടപടികളിലേക്ക് തിരിഞ്ഞു. ഉപരോധത്തെ നേരിടാന്‍ ജലസംഭരണ സംവിധാനം സൃഷ്ടിക്കുകയും ജനങ്ങള്‍ വീടുകള്‍ ഇടിച്ചുകളഞ്ഞ് മതിലുകള്‍ പണിതുയര്‍ത്തുകയും ചെയ്തു. അത്തരം തന്ത്രങ്ങള്‍ വിവേകപൂര്‍വ്വം ആയിരിക്കാം, പക്ഷേ അവര്‍ ഏറ്റവും പ്രധാനപ്പെട്ട നടപടിയെ അവഗണിച്ചു. ‘പഴയ കുളത്തിലെ വെള്ളം സൂക്ഷിക്കുവാന്‍ രണ്ടു മതിലുകളുടെ മദ്ധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്ക് നിങ്ങള്‍ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഓര്‍ത്തതുമില്ല’ (യെശയ്യാവ് 22:11).
ഇന്ന് നമ്മുടെ വീടുകള്‍ക്ക് പുറത്ത് അക്ഷരാര്‍ത്ഥത്തില്‍ ഒരു സൈന്യത്തെ നാം നേരിടാന്‍ സാധ്യതയില്ല. ‘പോരാട്ടം എപ്പോഴും കടന്നുവരുന്നത് സാധാരണ വഴികളില്‍ സാധാരണ ആളുകളിലൂടെയായിരിക്കും’ ഓസ്വാള്‍ഡ് ചേംബേഴ്സ് പറഞ്ഞു. എന്നിരുന്നാലും, അത്തരം ‘ആക്രമണങ്ങള്‍’ യഥാര്‍ത്ഥ ഭീഷണികള്‍ തന്നെയാണ്. നന്ദിയോടെ, നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ക്കായി ആദ്യം അവനിലേക്ക് തിരിയാനുള്ള ദൈവത്തിന്റെ ക്ഷണവും അവ കൊണ്ടുവരുന്നു എന്നതില്‍ നമുക്കു നന്ദിയുള്ളവരാകാം.
ജീവിതത്തിലെ അസ്വസ്ഥതകളും തടസ്സങ്ങളും വരുമ്പോള്‍, അവ ദൈവത്തിലേക്ക് തിരിയാനുള്ള അവസരങ്ങളായി നാം കാണുമോ? അതോ നമ്മുടെ സ്വന്തം ഗതികെട്ട പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുമോ?
ഇന്ന് നിങ്ങള്‍ നേരിടുന്ന സാധാരണ ഭീഷണികള്‍ എന്താണ്? അവയെ നേരിടാന്‍ നിങ്ങള്‍ക്ക് എന്താണ് വേണ്ടത്?
സ്നേഹവാനായ ദൈവമേ, ഇന്ന്, എന്റെ എല്ലാ വലുതും ചെറുതുമായ വെല്ലുവിളികളില്‍ ഞാന്‍ ആദ്യം അങ്ങയിലേക്കു തിരിയുന്നു.