1859 ലെ വേനല്‍ക്കാലത്ത്, നയാഗ്ര വെള്ളച്ചാട്ടം മുറിച്ചുകടക്കുന്ന ആദ്യത്തെ വ്യക്തിയായി മിസ്റ്റര്‍ ചാള്‍സ് ബ്ളോണ്ടിന്‍ മാറി. ഇത് പിന്നീട് നൂറുകണക്കിന് തവണ അദ്ദേഹം ചെയ്തു. ഒരിക്കല്‍ മാനേജര്‍ ഹാരി കോള്‍കോര്‍ഡിനെ പുറത്തിരുത്തിക്കൊണ്ട് അദ്ദേഹം ഇത് ചെയ്തു. ബ്ളോണ്ടിന്‍ കോള്‍കോര്‍ഡിന് ഈ നിര്‍ദ്ദേശങ്ങള്‍ നല്കി: ‘നോക്കൂ, ഹാരി. . . നിങ്ങള്‍ ഇപ്പോള്‍ കോള്‍കോര്‍ഡ് അല്ല, നിങ്ങള്‍ ബ്ളോണ്ടിന്‍ ആണ് . . . . ഞാന്‍ ആടുകയാണെങ്കില്‍, എന്നോടൊപ്പം ആടുക. സ്വയം ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കരുത്. നിങ്ങള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍, നമ്മള് രണ്ടുപേരും നമ്മുടെ മരണത്തിലേക്ക് നിപതിക്കും.”
ചുരുക്കത്തില്‍ പൗലൊസ്് ഗലാത്യ വിശ്വാസികളോട് പറഞ്ഞു: ക്രിസ്തുവിലുള്ള വിശ്വാസം കൂടാതെ നിങ്ങള്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കാനാവില്ല. എന്നാല്‍ ഇതാ സന്തോഷവാര്‍ത്ത – നിങ്ങള്‍ അതു ചെയ്യേണ്ടതില്ല! ദൈവത്തിലേക്കുള്ള വഴി സമ്പാദിക്കാനുള്ള നമ്മുടെ ഒരു ശ്രമവും ഒരിക്കലും വിജയിക്കയില്ല. അതുകൊണ്ട് നമ്മുടെ രക്ഷയില്‍ നാം നിഷ്ക്രിയരാണോ? അല്ല! ക്രിസ്തുവിനോട് പറ്റിനില്‍ക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. യേശുവിനോട് പറ്റിനില്‍ക്കുകയെന്നാല്‍ പഴയതും സ്വതന്ത്രവുമായ ജീവിതരീതിയോടു മരിക്കുക എന്നതാണ്; നമ്മള് സ്വയം മരിച്ചുപോയതുപോലെയാണിത്. എന്നിരുന്നാലും, നാം ജീവിക്കുന്നു. എന്നാല്‍ നാം ‘ഇപ്പോള്‍ ജഡത്തില്‍ ജീവിക്കുന്നതോ എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നത്” (ഗലാത്യര്‍ 2:20).
ഇന്ന് നാം എവിടെയാണ് കയറിന്മേല് നടക്കുവാന്‍ ശ്രമിക്കുന്നത്? തന്നിലേക്ക് കയറില്‍ നടക്കാന്‍ ദൈവം നമ്മെ വിളിച്ചിട്ടില്ല; അവനോട് പറ്റിനില്‍ക്കാനും അവനോടൊപ്പം ഈ ജീവിതം നടക്കാനും അവന് നമ്മെ വിളിച്ചിരിക്കുന്നു.
സ്വന്തമായ നിലയില്‍ ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ശ്രമം നിങ്ങള്‍ക്ക് എങ്ങനെ നിര്‍ത്താനാകും? യേശുവിന്റെ നീതിയെ ആശ്രയിച്ച് നിങ്ങള്‍ക്ക് ഇന്ന് ഏതു കാര്യത്തിലാണ് അവനോടു പറ്റിനില്‍ക്കേണ്ടത്?
പ്രിയ യേശുവേ, എനിക്കുവേണ്ടി എനിക്ക് ഒരിക്കലും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ എനിക്കായി ചെയ്യുന്നതിന് നന്ദി. അങ്ങയെ സ്വന്തനിലയില്‍ പ്രസാദിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ നിന്ന് ഞാന്‍ പിന്തിരിയുന്നു. അങ്ങയുടെ സ്നേഹം അധ്വാനിച്ച് നേടേണ്ട ആവശ്യമില്ലാത്തതില്‍ എനിക്ക് സന്തോഷമുണ്ട്.