അടുത്തിടെ ഞാന്‍ കണ്ട ഒരു ടിവി പരസ്യത്തില്‍, ഒരു സ്ത്രീ ടിവി കണ്ടുകൊണ്ടിരുന്ന ഒരു സംഘത്തിലെ ഒരാളോടു ചോദിക്കുന്നു, ‘മാര്‍ക്ക്, താങ്കള്‍ എന്താണ് അന്വേഷിക്കുന്നത്?” ‘ഭയത്തെ അടിസ്ഥാനമാക്കി തീരുമാനങ്ങള്‍ എടുക്കാത്ത എന്റെ ഒരു പതിപ്പ്,” അദ്ദേഹം ശാന്തമായി പ്രതികരിക്കുന്നു – ടിവിയില്‍ കാണാന്‍ ഇഷ്ടപ്പെടുന്നതെന്താണെന്നാണ് അവള് ചോദിക്കുന്നതെന്ന് അയാള്‍ മനസ്സിലാക്കുന്നില്ല!
വോ, ഞാന്‍ ചിന്തിച്ചു. ഒരു ടിവി പരസ്യം എന്നെ ഇത്രയധികം ബാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല! പക്ഷെ എനിക്കു പാവം മാര്‍ക്കുമായി ബന്ധമുള്ളതായി തോന്നി: ഭയം ചിലപ്പോള്‍ എന്റെ ജീവിതത്തെ നയിക്കുന്നതായി തോന്നുന്നതില്‍ എനിക്ക് ലജ്ജ തോന്നുന്നു.
യേശുവിന്റെ ശിഷ്യന്മാരും ഭയത്തിന്റെ അഗാധമായ ശക്തി അനുഭവിച്ചു. ഒരിക്കല്‍, അവര്‍ ഗലീലക്കടലിനു കുറുകെ പോകുമ്പോള്‍ (മര്‍ക്കൊസ് 4:35) ‘വലിയ ചുഴലിക്കാറ്റ് ഉണ്ടായി” (വാ. 37). ഭയം അവരെ പിടികൂടി, യേശുവിന് (ഉറങ്ങുകയായിരുന്നു) തങ്ങളെക്കുറിച്ചു വിചാരമില്ലെന്ന് അവര്‍ ചിന്തിച്ചു: ”ഗുരോ, ഞങ്ങള്‍ നശിച്ചുപോകുന്നതില്‍ നിനക്കു വിചാരമില്ലയോ?” (വാ. 38).
ഭയം, ശിഷ്യന്മാരുടെ ദര്‍ശനത്തെ വികലമാക്കി. അവരെക്കുറിച്ചുള്ള യേശുവിന്റെ നല്ല ഉദ്ദേശ്യങ്ങള്‍ കാണാത്ത നിലയില്‍ അവരുടെ കണ്ണുകളെ അന്ധമാക്കി. കാറ്റിനെയും തിരമാലയെയും ശാസിച്ചശേഷം (വാ. 39), തുളച്ചുകയറുന്ന രണ്ടു ചോദ്യങ്ങളുമായി അഭിമുഖീകരിച്ചു: ‘നിങ്ങള്‍ ഇങ്ങനെ ഭീരുക്കള്‍ ആകുവാന്‍ എന്ത്? നിങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസം ഇല്ലയോ?” (വാ. 40).
നമ്മുടെ ജീവിതത്തിലും കൊടുങ്കാറ്റുകള്‍ ആഞ്ഞടിക്കാം, ശരിയല്ലേ? എന്നാല്‍ യേശുവിന്റെ ചോദ്യങ്ങള്‍ നമ്മുടെ ഭയത്തെ ശരിയായ വീക്ഷണകോണില്‍ നിര്‍ത്താന്‍ സഹായിക്കും. യേശുവിന്റെ ആദ്യചോദ്യം നമ്മുടെ ഭയത്തിനു പേരിടാന്‍ നമ്മോടാവശ്യപ്പെടുന്നു. രണ്ടാമത്തേത്, വികലമായ ആ വികാരങ്ങളെ അവനെ ഭരമേല്പിക്കാന് നമ്മെ ക്ഷണിക്കുന്നു – ഒപ്പം ജീവിതത്തിലെ ഏറ്റവും രൂക്ഷമായ കൊടുങ്കാറ്റുകളിലൂടെപ്പോലും അവിടുന്ന് നമ്മെ എങ്ങനെ നയിക്കുന്നുവെന്ന് കാണാനുള്ള കണ്ണുകള്‍ നല്കാന് കര്‍ത്താവിനോട് ആവശ്യപ്പെടുന്നതിനും.
നിങ്ങള്‍ ഇപ്പോള്‍ എന്തു കൊടുങ്കാറ്റുകളെയാണ് നേരിടുന്നത്? കാറ്റു വീശുകയും വെള്ളം ഉയരുകയും ചെയ്യുമ്പോള്‍, നിങ്ങളുടെ ഭയവും വികാരവും യേശുവിനെ എങ്ങനെ ഏല്പിക്കാന് കഴിയും?
സ്നേഹമുള്ള രക്ഷകനേ, അങ്ങു സദാ കൊടുങ്കാറ്റില്‍ ഉണ്ടായിരുന്നതിനു നന്ദി! ജീവിതത്തിലെ ഭീതിദമായ നിമിഷങ്ങളിലൂടെ ഞാന്‍ കടന്നുപോകുമ്പോള്‍ ഓരോ ദിവസവും അങ്ങയോടു സംസാരിക്കുവാനും എന്റെ ഭയത്തെ അങ്ങയില്‍ ഭരമേല്പിക്കുവാനും എന്നെ സഹായിക്കണമേ.