പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഡോ. ജെറി മോട്ടോ, ഒരു ”കരുതുന്ന കത്തിന്റെ” ശക്തി കണ്ടെത്തി. ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലായി ഡിസ്ചാര്‍ജ് ചെയ്ത രോഗികള്‍ക്കു കരുതല്‍ പ്രകടിപ്പിക്കുന്ന ഒരു കത്ത് അയച്ചാല്‍, വീണ്ടും ആത്മഹത്യയ്ക്കു ശ്രമിക്കുന്നവരുടെ നിരക്ക് പകുതിയായി കുറയുമെന്ന് അദ്ദേഹത്തിന്റെ ഗവേഷണത്തില്‍ കണ്ടെത്തി. ഗുരുതരമായ വിഷാദരോഗികള്‍ക്കു തുടര്‍ചികിത്സയായി ‘കരുതല്‍ പ്രകടിപ്പിക്കുന്ന” ടെക്സ്റ്റുകള്‍, പോസ്റ്റ്കാര്‍ഡുകള്‍, സോഷ്യല്‍ മീഡിയാ സന്ദേശങ്ങള്‍ എന്നിവ അയയ്ക്കുന്നതിന്റെ ഈ ശക്തി ആരോഗ്യപ്രവര്‍ത്തകര്‍ അടുത്തയിടെ വീണ്ടും കണ്ടെത്തി.
ബൈബിളിലെ ഇരുപത്തിയൊന്നു ‘പുസ്തകങ്ങള്‍” യഥാര്‍ത്ഥത്തില്‍ കത്തുകളാണ് – ലേഖനങ്ങള്‍. പല കാരണങ്ങളാല്‍ പോരാട്ടങ്ങളും വെല്ലുവിളികളും നേരിടുന്ന ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികള്‍ക്ക് എഴുതിയ കരുതലിന്റെ കത്തുകളാണ് അവ. പൗലൊസും യാക്കോബും യോഹന്നാനും വിശ്വാസത്തിന്റെയും ആരാധനയുടെയും അടിസ്ഥാനകാര്യങ്ങള്‍ വിശദീകരിക്കുന്നതിനും, സംഘര്‍ഷം പരിഹരിച്ച് ഐക്യം കെട്ടിപ്പടുക്കുന്നത് എങ്ങനെ എന്നു വിശദീകരിക്കുന്നതിനും കത്തുകള്‍ എഴുതി.
എന്നിരുന്നാലും, റോമന്‍ ചക്രവര്‍ത്തിയായ നീറോയുടെ് പീഡനമനുഭവിക്കുന്ന വിശ്വാസികള്‍ക്ക് അപ്പൊസ്തലനായ പത്രൊസ് പ്രത്യേകം കത്തെഴുതി. 1 പത്രൊസ് 2:9 ല്‍, ‘നിങ്ങളോ … തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു” എന്ന് എഴുതിക്കൊണ്ട് ദൈവസന്നിധിയില്‍ അവര്‍ക്കുള്ള അപാരമായ വിലയെക്കുറിച്ച് പത്രൊസ് ഓര്‍മ്മപ്പെടുത്തി. ഇത് അവരുടെ ലോകത്തില്‍ ദൈവത്തിന്റെ മഹത്തായ ലക്ഷ്യത്തിലേക്ക് അവരുടെ നോട്ടം ഉയര്‍ത്തുവാന്‍ സഹായിച്ചു: ‘നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിക്കുവാന്‍ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ടവരാണ്.”
നമ്മുടെ മഹാനായ ദൈവം തന്നെ നമുക്കുവേണ്ടി കരുതലിന്റെ കത്തുകള്‍ നിറഞ്ഞ ഒരു പുസ്തകം എഴുതി – പ്രചോദനാത്മകമായ തിരുവെഴുത്ത്. അവിടുന്ന് നമുക്കു നല്‍കിയിരിക്കുന്ന മൂല്യത്തിന്റെ ഒരു രേഖ നമുക്ക് എപ്പോഴും ഉണ്ടായിരിക്കുന്നതിനുവേണ്ടിയാണിത്. അവിടുത്തെ കത്തുകള്‍ ദിവസവും വായിച്ച് അവിടുന്നു നല്കുന്ന പ്രത്യാശ ആവശ്യമുള്ളവരുമായി നമുക്കു പങ്കിടാം.
കരുതലിന്റെ കത്തുകളെന്ന നിലയില്‍ ലേഖനങ്ങള്‍ വായിക്കുന്നത് ദൈവത്തിന്റെ പ്രോത്സാഹനം സ്വീകരിക്കാന്‍ നിങ്ങളെ എങ്ങനെ സഹായിക്കും? ദൈവത്തിന്റെ കരുതലിന്റെ കത്തുകളുടെ പ്രത്യാശ നിങ്ങള്‍ എങ്ങനെ പങ്കിടും?
സ്നേഹനിധിയായ ദൈവമേ, ബൈബിളിലെ കരുതലിന്റെ കത്തുകള്‍ക്കായി നന്ദി!