അമ്പതു വര്‍ഷത്തിലേറെയായി, എന്റെ പിതാവ് തന്റെ എഡിറ്റിങ്ങിലെ മികവിനായി പരിശ്രമിച്ചു. തെറ്റുകള്‍ കണ്ടെത്തുക മാത്രമല്ല, വ്യക്തത, യുക്തിഭദ്രത, ഒഴുക്ക്, വ്യാകരണം എന്നിവയിലും ഒരു രചന മികച്ചതാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിനിവേശം. ചുവപ്പിനെക്കാള്‍ തിരുത്തലുകള്‍ക്കായി പച്ചമഷിയുള്ള പേനയാണ് അദ്ദേഹം ഉപയോഗിച്ചത്. അദ്ദേഹത്തെ സംബന്ധിച്ച് ഒരു പച്ചപ്പേന ‘ കൂടുതല്‍ സൗഹൃദപരമായി’ തോന്നി. ചുവപ്പു മഷി ഒരു പുതിയ, അല്ലെങ്കില്‍ ആത്മവിശ്വാസമില്ലാത്ത എഴുത്തുകാരനെ ദ്യോതിപ്പിക്കുന്നു. തെറ്റുകളെ മികച്ച നിലയില്‍ സൗമ്യമായി ചൂണ്ടിക്കാണിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

യേശു ആളുകളെ തിരുത്തിയപ്പോള്‍, സ്‌നേഹത്തോടെയാണ് അതു ചെയ്തത്. ചില സാഹചര്യങ്ങളില്‍ – പരീശന്മാരുടെ കപടഭക്തിക്കെതിരെ സംസാരിച്ചതുപോലെയുള്ള സമയങ്ങളില്‍ (മത്തായി 23) – അവിടുന്ന് അവരെ കഠിനമായി ശാസിച്ചു. എങ്കിലും അത് അവരുടെ പ്രയോജനത്തിനായിട്ടായിരുന്നു. എന്നാല്‍ അവന്റെ സ്‌നേഹിതയായ മാര്‍ത്തയുടെ കാര്യത്തില്‍, ഒരു സൗമ്യമായ തിരുത്തല്‍ മാത്രം മതിയിരുന്നു (ലൂക്കൊസ് 10:38-42). പരീശന്മാര്‍ യേശുവിന്റെ ശാസനയോടു മോശമായി പ്രതികരിച്ചപ്പോള്‍, മാര്‍ത്ത യേശുവിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുകളില്‍ ഒരാളായി തുടര്‍ന്നു (യോഹന്നാന്‍ 11:5).

തിരുത്തല്‍ അസുഖകരമായേക്കാം. നമ്മില്‍ വളരെ കുറച്ചുപേര്‍ മാത്രമേ അതിഷ്ടപ്പെടുന്നുള്ളൂ. ചിലപ്പോഴൊക്കെ, നമ്മുടെ അഭിമാനം കാരണം, അതു കൃപയോടെ സ്വീകരിക്കാന്‍ പ്രയാസമാണ്. സദൃശവാക്യങ്ങള്‍ ജ്ഞാനത്തെക്കുറിച്ച് വളരെയധികം സംസാരിക്കുകയും ‘ശാസന കേള്‍ക്കുന്നത്’ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും അടയാളമാണെന്നു സൂചിപ്പിക്കുകയും ചെയ്യുന്നു (15:31-32).

ദൈവത്തിന്റെ സ്‌നേഹനിര്‍ഭരമായ തിരുത്തല്‍ നമ്മുടെ ദിശ ക്രമീകരിക്കാനും അവിടുത്തെ കൂടുതലായി അടുത്തു അനുഗമിക്കാനും സഹായിക്കുന്നു. അതു നിരസിക്കുന്നവര്‍ക്കു കര്‍ശനമായ മുന്നറിയിപ്പു നല്‍കുന്നു (വാ.10), എന്നാല്‍ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ അതിനോടു പ്രതികരിക്കുന്നവര്‍ക്കു ജ്ഞാനവും വിവേകവും ലഭിക്കും (വാ. 31-32).