യുഎസ് ആര്‍മി സൈനികനായ ഡെസ്മണ്ട് ഡോസിന്റെ വീരകൃത്യങ്ങള്‍ 2016 ല്‍ പുറത്തിറങ്ങിയ ഹാക്സോ റിഡ്ജില്‍ ചിത്രീകരിച്ചിരിക്കുന്നു. ഡോസിന്റെ ബോധ്യങ്ങള്‍ മനുഷ്യ ജീവന് എടുക്കാന്‍ അനുവദിക്കില്ലെങ്കിലും, ഒരു സൈനിക ഡോക്ടര്‍ എന്ന നിലയില്‍, സ്വന്തം ജീവന് പണയം വെച്ചു മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. 1945 ഒക്ടോബര്‍ 12 ന് ഡോസിന്റെ മെഡല്‍ ഓഫ് ഓണര്‍ ചടങ്ങില്‍ വായിച്ച ഈ വാക്കുകള്‍ അതു സൂചിപ്പിക്കുന്നു: ‘പ്രൈവറ്റ് ഫസ്റ്റ് ക്ലാസ് ഡോസ് സൈനിക സംരക്ഷണം തേടാന്‍ വിസമ്മതിക്കുകയും വെടിവയ്പ്പു നടക്കുന്ന പ്രദേശത്ത് മുറിവേറ്റവര്‍ക്കൊപ്പം തുടരുകയും ചെയ്തു, അവരെ ഓരോരുത്തരെയായി സുരക്ഷിത സ്ഥലത്തേക്കു കൊണ്ടുപോയി . . . . ഒരു ആര്‍ട്ടിലറി ഓഫീസറെ സഹായിക്കാനായി അദ്ദേഹം ശത്രു ഷെല്ലിങ്ങിനെയും ചെറിയ ആയുധമുപയോഗിച്ചുള്ള വെടിവയ്പ്പിനെയും ധൈര്യത്തോടെ നേരിട്ടു.”
സങ്കീര്‍ത്തനം 11 ല്‍, തന്റെ അഭയം ദൈവത്തിലാണെന്ന ദാവീദിന്റെ ബോധ്യം ശത്രുക്കളെ അഭിമുഖീകരിക്കുന്നതിനുപകരം ഓടിപ്പോകാനുള്ള നിര്‍ദ്ദേശങ്ങളെ ചെറുക്കാന്‍ അവനെ നിര്‍ബന്ധിച്ചു (വാ. 2-3). ലളിതമായ മൂന്നു വാക്കുകള്‍ ദാവീദിന്റെ വിശ്വാസപ്രസ്താവന ഉള്‍ക്കൊള്ളുന്നു: ‘ഞാന്‍ യഹോവയെ ശരണമാക്കിയിരിക്കുന്നു’ (വാ. 1). നന്നായി വേരൂന്നിയ ആ ബോധ്യമാണ് ദാവീദിന്റെ പെരുമാറ്റത്തെ നയിച്ചത്.
4 മുതല്‍ 7 വരെയുള്ള വാക്യങ്ങളിലെ ദാവീദിന്റെ വാക്കുകള്‍ ദൈവത്തിന്റെ മഹത്വത്തെ എടുത്തു കാണിക്കുന്നു. ജീവിതം ചിലപ്പോള്‍ ഒരു യുദ്ധഭൂമി പോലെയാകാം. ആരോഗ്യപരമായ വെല്ലുവിളികളും സാമ്പത്തികവും ബന്ധപരവും ആത്മീയവുമായ സമ്മര്‍ദ്ദങ്ങളാല്‍ നാം ആക്രമിക്കപ്പെടുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ നമുക്കു പ്രേരണയുണ്ടാകാം. അതിനാല്‍, നമ്മള് എന്തു ചെയ്യണം? ദൈവം പ്രപഞ്ചത്തിന്റെ രാജാവാണെന്ന് അംഗീകരിക്കുക (വാ. 4); കൃത്യതയോടെ വിധിക്കാനുള്ള അവിടുത്തെ അത്ഭുതകരമായ കഴിവില്‍ ആനന്ദിക്കുക (വാ. 5-6); നേര്, നീതി, തുല്യത എന്നിവയില്‍ അവന് സന്തോഷിക്കുന്നു എന്നറിഞ്ഞു വിശ്രമിക്കുക (വാ. 7). നമുക്ക് അഭയത്തിനായി ദൈവത്തിലേക്കു വേഗത്തില്‍ ഓടിച്ചെല്ലാന്‍ കഴിയും!
എപ്പോഴാണ് നിങ്ങള്‍ ജീവിതത്തിലെ എതിര്‍പ്പിന്റെ ചൂട് അനുഭവിച്ചത്? ദൈവത്തെയല്ലാതെ മറ്റെന്തിലെങ്കിലും അഭയം കണ്ടെത്താന്‍ നിങ്ങള്‍ക്കു പ്രലോഭനമുണ്ടായിട്ടുള്ളത്? ദൈവം നിങ്ങളെ രക്ഷിക്കുകയും ദൈവത്തിലുള്ള നിങ്ങളുടെ പ്രത്യാശയെ പുതുക്കുകയും ചെയ്ത സമയങ്ങള്‍ നിങ്ങള്‍ക്ക് ഓര്‍മ്മിക്കാമോ?
പിതാവേ, എന്നെ എതിര്‍ക്കുന്ന ഏതൊരു ശക്തിയെക്കാളും വ്യക്തമായി അങ്ങയെ കാണാനും യഥാര്‍ത്ഥ സുരക്ഷയ്ക്കും രക്ഷയ്ക്കുമായി അങ്ങയുടെ അടുത്തേക്ക് ഓടിവരുവാനും എന്നെ സഹായിക്കണമേ!