ഒരാള്‍ ഒരു ക്രിസ്തീയ റേഡിയോ സ്‌റ്റേഷനിലേക്കു വിളിച്ചിട്ട്, തന്റെ ഭാര്യ ഒരു ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയില്‍നിന്നു വീട്ടിലേക്കു വരികയാണെന്ന് അറിയിച്ചു. തുടന്ന് അദ്ദേഹം പറഞ്ഞ കാര്യം എന്റെ ഹൃദയത്തെ ആഴമായി സ്പര്‍ശിച്ചു: “ഞങ്ങളുടെ സഭാകുടുംബത്തിലെ എല്ലാവരും ഈ സമയത്തു ഞങ്ങളെ പരിചരിക്കുന്നതിനു വളരെയധികം സഹായകരമായിരുന്നു.’’

ഈ ലളിതമായ പ്രസ്താവന കേട്ടപ്പോള്‍, ക്രിസ്തീയ ആതിഥ്യമര്യാദയുടെയും പരിചരണത്തിന്റെയും മൂല്യവും ആവശ്യകതയും ഞാന്‍ ഓര്‍ത്തു. സുവിശേഷത്തിന്റെ ജീവിതരൂപാന്തരീകരണശക്തി പ്രകടിപ്പിക്കാനുള്ള ഏറ്റവും വലിയ മാര്‍ഗ്ഗമാണു സഹവിശ്വാസികളുടെ പരസ്പര സ്‌നേഹവും പിന്തുണയുമെന്നു ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി.

ഇന്നത്തെ തുര്‍ക്കിയില്‍ ഉള്‍പ്പെട്ടിരുന്നതും ഒന്നാം നൂറ്റാണ്ടില്‍ നിലവിലിരുന്നതുമായ സഭകളില്‍ വായിക്കുന്നതിനായി അപ്പൊസ്തലന്‍ എഴുതിയ ഒരു എഴുത്തായിരുന്നു പത്രൊസിന്റെ ഒന്നാം ലേഖനം. ആ എഴുത്തില്‍, തന്റെ സ്‌നേഹിതനായ പൗലൊസ് റോമര്‍ 12:13 ല്‍ എഴുതിയ ഒരു കാര്യം ചെയ്യാന്‍ പത്രൊസ് തന്റെ വായനക്കാരെ നിര്‍ബന്ധിച്ചു: ‘”അതിഥിസല്ക്കാരം ആചരിക്കുക.’’ പത്രൊസ് പറഞ്ഞു, ‘സകലത്തിനും മുമ്പേ തമ്മില്‍ ഉറ്റസ്‌നേഹം ഉള്ളവരായിരിപ്പിന്‍ …. തമ്മില്‍ അതിഥിസല്ക്കാരം ആചരിക്കുവിന്‍.’ ‘ദൈവം നല്‍കിയ വരങ്ങളെ ‘”അന്യോന്യം ശുശ്രൂഷിക്കുന്നതിന്’’ ഉപയോഗിക്കാന്‍ പത്രൊസ് അവരെ ഓര്‍മ്മിപ്പിച്ചു (1 പത്രൊസ് 4:8-10). സഹവിശ്വാസികളോട് നാം എങ്ങനെ പെരുമാറണമെന്ന് എല്ലാ ക്രിസ്തുവിശ്വാസികളോടുമുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളാണ് ഇവയെല്ലാം.

ആ വിളിച്ചയാളുടെ ഭാര്യയെപ്പോലെ, ആരെങ്കിലും തങ്ങളുടെയടുത്തെത്തി ക്രിസ്തുതുല്യമായ സ്‌നേഹവും കരുതലും പ്രകടിപ്പിക്കാന്‍ ആവശ്യമുള്ള വ്യക്തികളെ നമുക്കെല്ലാവര്‍ക്കും അറിയാം. ദൈവത്തിന്റെ ശക്തിയില്‍, ‘വളരെ സഹായകരം’ എന്നു മറ്റുള്ളവര്‍ പറയത്തക്കവിധത്തിലുള്ള ആളുകളില്‍ നാമും ഉള്‍പ്പെടട്ടെ.