മൈക്കലാഞ്ചലോയുടെ ശില്പങ്ങള് യേശുവിന്റെ ജീവിതത്തിന്റെ വിവിധ തലങ്ങളെ ആഴമായി പര്യവേക്ഷണം ചെയ്യുന്നവയാണ്. എങ്കിലും ഏറ്റവും വിശദമായ ഒന്ന് ഏറ്റവും ലളിതവുമായിരുന്നു. 1540-കളില്‍ അദ്ദേഹം തന്റെ സ്നേഹിതയായ വിറ്റോറിയ കൊളോണയ്ക്കായി ഒരു പിയാത്ത (യേശുവിന്റെ അമ്മ ക്രിസ്തുവിന്റെ മൃതദേഹം മടിയില്‍ വച്ചിരിക്കുന്ന ചിത്രം) വരച്ചു. ചോക്കില്‍ വരച്ച ചിത്രത്തില്‍, മറിയ തന്റെ പുത്രന്റെ നിശ്ചലരൂപത്തെ മടിയില്‍ കിടത്തി, ആകാശത്തേക്കു നോക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. മറിയയുടെ പുറകില്‍, ഉയര്‍ന്നു നില്ക്കുന്ന കുരിശില്‍ ഡാന്റേയുടെ പാരഡൈസില്‍ നിന്നുള്ള ഈ വാക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു: “അതിന് എത്രമാത്രം രക്തം വിലകൊടുക്കേണ്ടതാണെന്ന് അവിടെ അവര്‍ ചിന്തിക്കുന്നില്ല.’’ മൈക്കലാഞ്ചലോയുടെ ചിന്ത അഗാധമായിരുന്നു: യേശുവിന്റെ മരണത്തെ നാം ധ്യാനിക്കുമ്പോള്‍, അവിടുന്നു നല്കിയ വിലയെക്കുറിച്ചു നാം ചിന്തിക്കണം.
ക്രിസ്തു നല്കിയ വില “നിവൃത്തിയായി’’ എന്ന അവിടുത്തെ അന്തിമ വാക്കുകളില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു (യോഹന്നാന് 19:30). ‘നിവൃത്തിയായി’ (റ്റെറ്റലെസ്റ്റായി) എന്ന പദം പല തരത്തില്‍ ഉപയോഗിക്കാറുണ്ട് – ഒരു ബില്‍ അടച്ചുതീര്‍ത്തു, ഒരു ദൗത്യം പൂര്‍ത്തിയായി, ഒരു യാഗം അര്‍പ്പിച്ചു, ഒരു കലാരൂപം പൂര്‍ത്തിയാക്കി എന്നിവ സൂചിപ്പിക്കാന്‍ ഈ പദം ഉപയോഗിക്കുന്നു. ക്രൂശില്‍ യേശു നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളെ സംബന്ധിച്ച് ഇവ ഓരോന്നും ബാധകമാണ്! ഒരുപക്ഷേ അതുകൊണ്ടാകാം അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതിയത്, “എനിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്രൂശില്‍ അല്ലാതെ പ്രശംസിക്കുവാന്‍ ഇടവരരുത്; അവനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു’’ (ഗലാത്യര്‍ 6:14).
ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ നിത്യമായ തെളിവാണ് നമ്മുടെ സ്ഥാനം ഏറ്റെടുക്കാനുള്ള യേശുവിന്റെ സന്നദ്ധത. അവിടുന്ന് നല്കിയ വിലയെക്കുറിച്ചു ധ്യാനിക്കുമ്പോള്‍, നമുക്ക് അവിടുത്തെ സ്നേഹത്തെ ആഘോഷിക്കാം – ഒപ്പം ക്രൂശിനായി നന്ദി പറയാം.
റ്റെറ്റലെസ്റ്റായിയുടെ ഓരോ അര്‍ത്ഥവും യേശുവിന്റെ ക്രൂശിലും അവിടെ അവിടുന്നു നേടിയ കാര്യങ്ങളിലും എങ്ങനെ പ്രയോഗിക്കാനാകും? ഓരോന്നും നിങ്ങളെ സംബന്ധിച്ച് എന്തുകൊണ്ടാണ് അര്ത്ഥവത്തായിരിക്കുന്നത്?
പിതാവേ, എനിക്കുവേണ്ടി യേശു ചെയ്ത ത്യാഗത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍, ഞാന്‍ താഴ്മയുള്ളവനും നന്ദിയുള്ളവനുമാണ്. യേശുവിനെ നല്‍കിയതിന് അങ്ങേയ്ക്കു നന്ദി പറയുന്നു, ക്രൂശിനായി അങ്ങേയ്ക്കു നന്ദി പറയുന്നു!