ചെറുപ്പക്കാരായ മിക്ക സമോവന്‍ ആണ്‍കുട്ടികളെയും (ഓസ്‌ട്രേലിയന്‍ തീരത്തുനിന്നകലെയുള്ള ഒരു ദ്വീപ്), തങ്ങളുടെ ജനതയോടും തലവനോടും ഉള്ള ഉത്തരവാദിത്വത്തിന്റെ അടയാളമായി പച്ചകുത്താറുണ്ട്. സ്വാഭാവികമായും, ഈ അടയാളങ്ങള്‍ സമോവന്‍ പുരുഷ റഗ്ബി റ്റീം അംഗങ്ങളുടെ കൈകള്‍ മൂടുന്ന തരത്തിലുള്ളവയാണ്. ടാറ്റൂകള്‍ക്ക് നെഗറ്റീവ് അര്‍ത്ഥങ്ങള്‍ കല്പിക്കുന്ന ജപ്പാനിലേക്കുള്ള യാത്രയില്‍, അവരുടെ ചിഹ്നങ്ങള്‍ അവരുടെ ആതിഥേയര്‍ക്ക് ഒരു പ്രശ്‌നമാണെന്ന് റ്റീം അംഗങ്ങള്‍ മനസ്സിലാക്കി. സൗഹൃദത്തിന്റെ ഉദാരമായ പ്രവൃത്തിയെന്ന നിലയില്‍, സമോവക്കാര്‍ അവരുടെ ടാറ്റൂകള്‍ മൂടത്തക്കവിധം ചര്‍മ്മങ്ങളുടെ നിറമുള്ള കൈനീളമുള്ള ഉടുപ്പുകള്‍ ധരിച്ചു. “ഞങ്ങള്‍ ജപ്പാന്റെ രീതികളെ ബഹുമാനിക്കുന്നവരും കരുതുന്നവരുമാണ്” റ്റീം ക്യാപ്റ്റന്‍ വിശദീകരിച്ചു, ‘ഞങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയായുള്ളവയാണെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു.’

വ്യക്തിപരമായ ആവിഷ്‌കാരത്തിന് ഊന്നല്‍ നല്‍കുന്ന ഒരു കാലഘട്ടത്തില്‍, സ്വയം പരിമിതപ്പെടുത്തലിനെ അഭിമുഖീകരിക്കുന്നതു ശ്രദ്ധേയമാണ് – അതാണു റോമാലേഖനത്തില്‍ പൗലൊസ് എഴുതിയ ഒരു ആശയം. സ്‌നേഹം ചിലപ്പോള്‍, മറ്റുള്ളവര്‍ക്കുവേണ്ടി നമ്മുടെ അവകാശങ്ങള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നുവെന്ന് പൗലൊസ് നമ്മോടു പറയുന്നു. നമ്മുടെ സ്വാതന്ത്ര്യം പരമാവധി ഉപയോഗിക്കുന്നതിനു പകരം, ചിലപ്പോള്‍ സ്‌നേഹം നമുക്കു കടിഞ്ഞാണിടുന്നു. സഭയിലെ ചില ആളുകള്‍ ‘എന്തും ഭക്ഷിക്കാന്‍ തങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നു’ വാദിക്കുന്ന കാര്യവും മറ്റുള്ളവര്‍ ‘സസ്യാദികള്‍ മാത്രം’ കഴിക്കുന്നവരാണെന്ന കാര്യവും അപ്പൊസ്തലന്‍ വിശദീകരിച്ചു (റോമര്‍ 14:2). ഇത് ഒരു ചെറിയ പ്രശ്‌നമാണെന്നു തോന്നാമെങ്കിലും, ഒന്നാം നൂറ്റാണ്ടില്‍ പഴയനിയമത്തിലെ ഭക്ഷണനിയമങ്ങള്‍ പാലിക്കുന്നതു വിവാദവിഷയമായിരുന്നു. സ്വാതന്ത്ര്യത്തോടെ ഭക്ഷണം കഴിക്കുന്നവരോട് ചില പ്രത്യേക വാക്കുകള്‍ പറയുന്നതിനു മുമ്പായി, ‘അന്യോന്യം വിധിക്കുന്നത്’ അവസാനിപ്പിക്കാന്‍ പൗലൊസ് എല്ലാവരോടും നിര്‍ദ്ദേശിച്ചു (വാ. 13): ‘മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന് ഇടര്‍ച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലത്’ (വാ. 21).

ചില സമയങ്ങളില്‍, മറ്റൊരാളെ സ്‌നേഹിക്കുകയെന്നാല്‍ നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുക എന്നാണ്. നമുക്ക് ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളതെല്ലാം നാം എല്ലായ്‌പ്പോഴും ചെയ്യേണ്ടതില്ല. ചിലപ്പോള്‍ സ്‌നേഹം നമുക്കു കടിഞ്ഞാണിടുന്നു.