ഒരു മിഡില്‍ സ്കൂള്‍ അധ്യാപികയായ കാരെന്, പരസ്പരം എങ്ങനെ നന്നായി മനസ്സിലാക്കാമെന്നു വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി ഒരു പ്രവര്‍ത്തനം തയ്യാറാക്കി. ‘ബാഗേജ് ആക്റ്റിവിറ്റി’ യില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ വഹിക്കുന്ന ചില വൈകാരിക ഭാരം എഴുതി. കുറിപ്പുകള്‍ പേരെഴുതാതെ പരസ്പരം പങ്കിട്ടു. വിദ്യാര്‍ത്ഥികള്‍ക്കു പരസ്പരം ബുദ്ധിമുട്ടുകളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു ഇത്. കുറിപ്പുകള്‍ വായിച്ച സഹപാഠികള്‍ കണ്ണുനീരോടെയാണു പ്രതികരിച്ചത്. ഇപ്പോള്‍ ആ കൗമാരക്കാര്‍ പരസ്പരം കൂടുതല്‍ സഹാനുഭൂതി പുലര്‍ത്തുന്നതിനാല്‍, പരസ്പരബഹുമാനത്തിന്റെ ആഴത്തിലുള്ള ബോധം ക്ലാസ്മുറിയില്‍ നിറഞ്ഞിരിക്കുന്നു.
പരസ്പരം അന്തസ്സോടെ പെരുമാറാനും മറ്റുള്ളവരുമായുള്ള ആശയവിനിമയത്തില്‍ സഹാനുഭൂതി കാണിക്കാനും ബൈബിളിലുടനീളം ദൈവം തന്റെ ജനത്തെ ഉപദേശിച്ചിട്ടുണ്ട് (റോമര്‍ 12:15). ലേവ്യാപുസ്തകത്തിലെന്നപോലെ, യിസ്രായേലിന്റെ ആദ്യകാലചരിത്രത്തില്ത്തന്നെ സഹാനുഭൂതി കാണിക്കുന്നതിനെക്കുറിച്ച് ദൈവം യിസ്രായേല്യരെ ചൂണ്ടിക്കാണിച്ചിട്ടുണ്ട് – പ്രത്യേകിച്ചും പരദേശികളോടുള്ള പെരുമാറ്റത്തില്‍. ‘നിന്നെപ്പോലെ തന്നേ സ്നേഹിക്കണം” എന്നു ദൈവം പറഞ്ഞു, കാരണം അവരും മിസ്രയീമില്‍ പരദേശികളായിരുന്നു, അതിന്റെ കാഠിന്യം അടുത്തറിഞ്ഞിരുന്നു (ലേവ്യാപുസ്തകം 19:34).
ചില സമയങ്ങളില്‍ നാം വഹിക്കുന്ന ഭാരം, നമ്മുടെ സ്വന്തജനത്തിന്റെ ഇടയില്‍പ്പോലും നാം പരദേശികള്‍ – ഏകാന്തരും തെറ്റിദ്ധരിക്കപ്പെട്ടവരും – ആണെന്ന തോന്നല്‍ നമ്മില്‍ ഉളവാക്കാറുണ്ട.് യിസ്രായേല്യര്‍, അവരുടെ ഇടയിലുള്ള പരദേശികളുമായി അനുഭവിച്ചതുപോലെയുള്ള അനുഭവം നമുക്ക് എപ്പോഴും ഉണ്ടാകാറില്ല. എങ്കിലും, ദൈവം നമ്മെ നമ്മുടെ പാതയില്‍ കൊണ്ടുവരുന്നവരോട്, നമ്മോടു മറ്റുള്ളവര്‍ എങ്ങനെ പെരുമാറണം എന്നു നാം ആഗ്രഹിക്കുന്ന അതേ ബഹുമാനത്തോടും തിരിച്ചറിവോടും കൂടെ പെരുമാറാന്‍ നമുക്കു കഴിയും. അതൊരു ആധുനികകാല മിഡില്‍സ്കൂള്‍ വിദ്യാര്‍ത്ഥിയോ, ഒരു യിസ്രായേല്യനോ, അല്ലെങ്കില്‍ അതിനിടയിലുള്ള ആരെങ്കിലുമോ ആണെങ്കിലും, നാം അങ്ങനെ ചെയ്യുമ്പോള്‍, ദൈവത്തെ ബഹുമാനിക്കുകയാണു ചെയ്യുന്നത്.
നിങ്ങളുടെ ചുറ്റുമുള്ള ആര്‍ക്കാണ് അവര്‍ വഹിക്കുന്ന ഭാരങ്ങളെ സംബന്ധിച്ചു നിങ്ങളുടെ സഹാനുഭൂതി ആവശ്യമായിരിക്കുന്നത്? നിങ്ങള്‍ക്ക് എങ്ങനെ 'നിങ്ങളെപ്പോലെ അവരെ സ്നേഹിക്കാന്‍' കഴിയും?
ദൈവം, എന്റെ ഹൃദയത്തിലെ ഭാരം അങ്ങറിയുകയും ഞാന്‍ അങ്ങയില്‍ ആശ്രയം വെച്ചതിനാല്‍ അങ്ങു കൃപയോടെ എന്റെ ഭാരം മാറ്റുകയും ചെയ്യുന്നു. എന്റെ ജീവിതത്തിലുള്ളവരോട് കരുതലും അനുകമ്പയും കാണിക്കുവാന്‍ എന്നെ സഹായിക്കണമേ.