റുവാണ്ടന്‍ വംശഹത്യയില്‍ തന്റെ ഭര്‍ത്താവിനെയും മക്കളില്‍ ചിലരെയും കൊന്ന മനശ്ശെയോട് അവള്‍ എങ്ങനെ ക്ഷമിച്ചുവെന്ന് അയവിറക്കിക്കൊണ്ടു ബിയാത്ത പറഞ്ഞു, “എന്റെ ക്ഷമ യേശു ചെയ്തതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എല്ലാക്കാലത്തെയും സകല ദുഷ്പ്രവൃത്തികള്‍ക്കുമുള്ള ശിക്ഷ അവിടുന്ന് ഏറ്റെടുത്തു. അവിടുത്തെ കുരിശാണു നാം വിജയം കണ്ടെത്തുന്ന സ്ഥലം – ഏക സ്ഥലം!’’ ബിയാത്തയോട് – ദൈവത്തോടും – ക്ഷമ യാചിച്ചുകൊണ്ട് മനശ്ശെ ഒന്നിലധികം പ്രാവശ്യം ബിയാത്തയ്ക്കു ജയിലില്‍നിന്നു കത്തെഴുതി. തന്നെ വിടാതെ പിന്‍തുടരുന്ന പതിവു പേടിസ്വപ്‌നങ്ങളെക്കുറിച്ച് അയാള്‍ കത്തില്‍ വിശദീകരിച്ചു. കുടുംബത്തെ കൊന്നതിന് അവനെ വെറുക്കുന്നുവെന്നു പറഞ്ഞ് ആദ്യം അവള്‍ക്ക് ഒരു ദയയും കാണിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് ‘യേശു അവളുടെ ചിന്തകളിള്‍ ആധിപത്യം നേടി.’ ദൈവത്തിന്റെ സഹായത്തോടെ, രണ്ടുവര്‍ഷത്തിനുശേഷം അവള്‍ അവനോടു ക്ഷമിച്ചു.  

ഇക്കാര്യത്തില്‍ മാനസാന്തരപ്പെടുന്നവരോടു ക്ഷമിക്കണമെന്ന, ശിഷ്യന്മാരോടുള്ള യേശുവിന്റെ കല്പന ബിയാത്ത അനുസരിച്ചു. ‘ദിവസത്തില്‍ ഏഴു വട്ടം നിന്നോടു പിഴയ്ക്കുകയും ഏഴുവട്ടവും നിന്റെ അടുക്കല്‍ വന്നു: ഞാന്‍ മാനസാന്തരപ്പെടുന്നു എന്നു പറയുകയും ചെയ്താല്‍ അവനോടു ക്ഷമിക്കുക’ (ലൂക്കൊസ് 17:4). എന്നാല്‍ ക്ഷമിക്കുക എന്നത് അത്യന്തം പ്രയാസകരമാണ്. അതാണു നാം ശിഷ്യന്മാരുടെ പ്രതികരണത്തില്‍ കാണുന്നത്: ‘ഞങ്ങള്‍ക്കു വിശ്വാസം വര്‍ദ്ധിപ്പിച്ചുതരണമേ!” (വാ. 5).

ക്ഷമിക്കാനുള്ള കഴിവില്ലായ്മയെക്കുറിച്ചു പ്രാര്‍ത്ഥനയില്‍ പോരാടുമ്പോള്‍ത്തന്നെ, ബിയാത്തയുടെ വിശ്വാസം വര്‍ദ്ധിച്ചു. അവളെപ്പോലെ, ക്ഷമിക്കാന്‍ നാമും പാടുപെടുകയാണെങ്കില്‍, അങ്ങനെ ചെയ്യാന്‍ പരിശുദ്ധാത്മാവിലൂടെ നമ്മെ സഹായിക്കാന്‍ ദൈവത്തോടു നമുക്ക് അപേക്ഷിക്കാം. നമ്മുടെ വിശ്വാസം വര്‍ദ്ധിക്കുന്നതിനനുസരിച്ച്, ക്ഷമിക്കാന്‍ അവിടുന്നു നമ്മെ സഹായിക്കുന്നു.