ജെയിംസിന് കേവലം ആറു വയസ്സുള്ളപ്പോള്‍, അവന്റെ മൂത്ത ജ്യേഷ്ഠന് ഡേവിഡ് ഒരു അപകടത്തില്‍ ദാരുണമായി മരിച്ചു. ഡേവിഡിന്റെ പതിന്നാലാം ജന്മദിനത്തിന്റെ തലേദിവസമായിരുന്നു അത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, ജെയിംസ് തന്റെ അമ്മ മാര്‍ഗരറ്റിനെ ആശ്വസിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. അവളുടെ അഗാധമായ ദുഃഖത്തില്‍, തന്റെ മൂത്തമകന് വളര്‍ച്ചയില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുന്നില്ലല്ലോ എന്നവള്‍ ചിലപ്പോഴൊക്കെ സ്വയം ഓര്‍മ്മിപ്പിച്ചു. ജെയിംസ് ബാരിയുടെ സമ്പന്നമായ ഭാവനയില്‍, പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇതേ ആശയം, ഒരിക്കലും പ്രായമാകാത്ത പീറ്റര്‍ പാന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുന്നതിനു പ്രചോദനമായിത്തീര്‍ന്നു. നടപ്പാതയില്‍ പൊട്ടിവിരിയുന്ന ഒരു പുഷ്പം പോലെ, ചിന്തിക്കാന്‍ പോലും കഴിയാത്ത ഹൃദയവേദനയുടെ കഠിനമായ നിലത്തുനിന്നുപോലും നന്മ ഉയര്‍ന്നുവരാറുണ്ട്.
നമ്മുടെ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളില്‍നിന്നു നല്ലതു പുറത്തുകൊണ്ടുവരുവാന്, തന്റെ അനന്തമായ സൃഷ്ടിപരമായ രീതിയില്‍ ദൈവത്തിനു കഴിയുന്നു എന്ന ചിന്ത എത്ര ആശ്വാസകരമാണ്. രൂത്തിന്റെ പഴയനിയമകഥയില് ഇതിന്റെ മനോഹരമായ ഒരു ചിത്രം കാണാം. നവോമിക്കു രണ്ടു പുത്രന്മാരെ നഷ്ടപ്പെട്ടു. അങ്ങനെ നിസ്സഹായയായി അവള് ഒറ്റപ്പെട്ടു. അവളുടെ വിധവയായ മരുമകള്‍ രൂത്ത് നവോമിയുടെ കൂടെ താമസിക്കുന്നതും ദൈവത്തെ സേവിക്കുന്നതും തിരഞ്ഞെടുത്തു (രൂത്ത് 1:16). ഒടുവില്‍, ദൈവത്തിന്റെ കരുതല്‍ അവര്‍ക്ക് അപ്രതീക്ഷിത സന്തോഷം നല്കി. രൂത്ത് പുനര്‍വിവാഹം ചെയ്യുകയും അവള്‍ക്ക് ഒരു മകന് ജനിക്കുകയും ചെയ്തു. അവര്‍ ‘അവന് ഓബേദ് എന്നു പേരു വിളിച്ചു. ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പന് ഇവന് തന്നേ’ (4:17). യേശുവിന്റെ പൂര്‍വ്വികരുടെ പട്ടികയിലും അവന് ഉള്‍പ്പെട്ടു (മത്തായി 1:5).
ദൈവത്തിന്റെ ആര്‍ദ്രമായ കരുണ നമുക്ക് ഗ്രഹിക്കാനുള്ള കഴിവിനപ്പുറത്തേക്ക് എത്തിച്ചേരുകയും നാം പ്രതീക്ഷിക്കാത്തിടത്തു നമ്മെ കണ്ടുമുട്ടുകയും ചെയ്യുന്നു. അന്വേഷണം തുടരുക! ഒരുപക്ഷേ നിങ്ങളത് ഇന്നും കണ്ടെത്തിയേക്കാം.
നിങ്ങളുടെ ജീവിതത്തിലെ ദുഷ്കരമായ സാഹചര്യങ്ങളില്‍നിന്നു ദൈവം അപ്രതീക്ഷിതമായ നന്മ പുറപ്പെടുവിക്കുന്നതു നിങ്ങള്‍ എപ്പോഴാണു കണ്ടത്? അവിടുന്നു ചെയ്തതു മറ്റുള്ളവരുമായി എങ്ങനെ പങ്കിടാന്‍ കഴിയും?
സ്നേഹവാനായ ദൈവമേ, ഞാന്‍ നേരിടുന്ന ഏതൊരു ഹൃദയവേദനയെക്കാളും പ്രതിസന്ധിയെക്കാളും അവിടുന്നു വലിയവനാകയാല്, ഒരു ദിവസം അവിടുന്ന് എന്റെ കണ്ണില്‍നിന്നു കണ്ണുനീര് എല്ലാം തുടച്ചു കളയും എന്നതിനു ഞാന്‍ അങ്ങേയ്ക്കു നന്ദി പറയുന്നു.