ഒരു ബ്രിട്ടീഷ് ചരിത്രകാരിയും റ്റിവി അവതാരകയുമാണു ലൂസി വോര്‍സ്ലി. സമൂഹത്തില്‍ പ്രശസ്തരായവര്‍ അധികപേരും സാധാരണ നേരിടുന്നതുപോലെ അവള്‍ക്കും മോശമായ മെയിലുകള്‍ ലഭിക്കാറുണ്ട് – അവളുടെ കാര്യത്തില്‍ സംസാരത്തിലെ ചെറിയൊരു വൈകല്യം നിമിത്തം ‘r’ എന്നത് ‘w’ എന്നാണവള്‍ ഉച്ചരിക്കുന്നത് എന്നതാണ് വിമര്‍ശനങ്ങള്‍ക്കു കാരണം. ഒരാളെഴുതി: “ലൂസി, ഞാന്‍ തുറന്നങ്ങു പറയുകയാണ്: ഒന്നുകില്‍ ദയവായി നിങ്ങളുടെ അലസമായ പ്രസംഗം തിരുത്താന്‍ കഠിനമായി ശ്രമിക്കുക, അല്ലെങ്കില്‍ സ്ക്രിപ്റ്റില്‍നിന്ന് ‘r’ നീക്കം ചെയ്യുക – നിങ്ങളുടെ റ്റിവി പരിപാടി ആദിയോടന്തം കാണാനെനിക്കു കഴിയുന്നില്ല, അതെന്നെ ഭ്രാന്തുപിടിപ്പിക്കുന്നു. ആദരവോടെ, ഡാരന്‍.’’
ചില ആളുകളെ സംബന്ധിച്ച്, ഇതുപോലുള്ള വിവേകശൂന്യമായ ഒരു അഭിപ്രായം സമാന നിലയില്‍ പരുഷമായ മറുപടി നല്കാന് പ്രേരിപ്പിച്ചേക്കാം. എന്നാല്‍ ലൂസി പ്രതികരിച്ചതെങ്ങനെയെന്നത്: “ഓ, ഡാരന്‍, താങ്കള്‍ എന്റെ മുഖത്തു നോക്കി പറയാന്‍ മടിക്കുന്ന ചിലതു പറയാന്‍ ഇന്റര്‍നെറ്റിന്റെ അജ്ഞാതത്വം ഉപയോഗിച്ചുവെന്നു ഞാന്‍ കരുതുന്നു. താങ്കളുടെ നിഷ്കരുണമായ വാക്കുകള്‍ പുനര്‍വിചിന്തനം ചെയ്യുക! ലൂസി.’’
ലൂസിയുടെ അളന്നുകുറിച്ച പ്രതികരണം ഫലം കണ്ടു. ഡാരന്‍ ക്ഷമ ചോദിക്കുകയും അത്തരമൊരു ഇമെയില്‍ വീണ്ടും ആര്‍ക്കും അയയ്ക്കില്ലെന്ന് ശപഥം ചെയ്യുകയും ചെയ്തു.
സദൃശവാക്യങ്ങള്‍ പറയുന്നു: ‘മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു’ (15:1). കോപിഷ്ഠനായ വ്യക്തി കാര്യങ്ങള്‍ ഇളക്കിവിടുമ്പോള്‍, ക്ഷമാശീലന്‍ അതിനെ ശാന്തമാക്കുന്നു (വാ. 18). ഒരു സഹപ്രവര്‍ത്തകനില്‍നിന്ന് ഒരു വിമര്‍ശനാത്മക അഭിപ്രായം, അല്ലെങ്കില്‍ ഒരു കുടുംബാംഗത്തില്‍ നിന്നുള്ള ഒരു വിലകുറഞ്ഞ പരാമര്‍ശം, അല്ലെങ്കില്‍ അപരിചിതനില്‍നിന്നുള്ള മോശമായ മറുപടി എന്നിവ ലഭിക്കുമ്പോള്‍, നമുക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നുണ്ട്: ആളിക്കത്തിക്കുന്ന കോപത്തിന്റെ വാക്കുകള്‍ പറയാം, അല്ലെങ്കില്‍ അവരെ മയപ്പെടുത്തുന്ന ശാന്തമായ വാക്കുകള്‍ പറയാം.
കോപത്തെ അകറ്റുന്ന വാക്കുകള്‍ സംസാരിക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ – അല്ലെങ്കില്‍ ബുദ്ധിമുട്ടേറിയ ആളുകള്‍ക്കു മാറ്റം വരാന്‍ സഹായിക്കട്ടെ.
മറ്റൊരാളുമായി നിങ്ങള്‍ക്കു പ്രശ്നമുണ്ടായ ഒരു സമയത്തെക്കുറിച്ചു ചിന്തിക്കുക. എന്തുകൊണ്ടാണു നിങ്ങള്‍ അങ്ങനെ പ്രതികരിച്ചതെന്നാണു കരുതുന്നത്? ദൈവത്തിന്റെ ശക്തിയില്‍ നിങ്ങള്‍ക്ക് എങ്ങനെ വ്യത്യസ്തമായി പ്രതികരിക്കാന്‍ കഴിയുമായിരുന്നു?
സ്നേഹവാനായ ദൈവമേ, വഴക്കുണ്ടാക്കുന്ന ആളുകളോടു ക്ഷമയോടും സൗമ്യമായ വാക്കുകളോടും കൂടെ പ്രതികരിക്കാനുള്ള കഴിവ് എനിക്കു നല്കണമേ.