രോഹിതിന്റെ മാതാപിതാക്കള്‍ അവനെ ഷീലയെ ഏല്പിച്ചപ്പോള്‍ അവന്‍ നിലവിളിച്ചു. മമ്മിയും ഡാഡിയും ആരാധനയ്ക്കു പോയപ്പോള്‍ അവനെ ആദ്യമായിട്ടാണ് സണ്ടേസ്‌കൂള്‍ റ്റീച്ചറെ ഏല്പിച്ചത് – അത് അവനത്ര സന്തോഷമായിരുന്നില്ല. അവനു കുഴപ്പമൊന്നും വരില്ലെന്നു ഷില ഉറപ്പു നല്‍കി. കളിപ്പാട്ടങ്ങളും പുസ്തകങ്ങളും കൊണ്ട് അവനെ ശാന്തനാക്കാമെന്നു ഷീല കരുതി. അവള്‍ അവനെ കസേരയില്‍ ഇരുത്തി ആട്ടി, ചുറ്റും കൊണ്ടു നടന്നു. അവിടിരിക്കുന്നത് എത്ര രസകരമായിരിക്കുമെന്നു പറഞ്ഞുനോക്കി. എന്നാല്‍ അതൊക്കെ അവന്റെ കണ്ണീരും ഉച്ചത്തിലുള്ള നിലവിളിയും വര്‍ദ്ധിപ്പിച്ചതേയുള്ളു. എന്നിട്ട് അവള്‍ അവന്റെ ചെവിയില്‍ ലളിതമായ മൂന്നു വാക്കുകള്‍ മന്ത്രിച്ചു: “ഞാന്‍ നിന്നോടൊപ്പം ഉണ്ടായിരിക്കും.” പെട്ടെന്നു സമാധാനവും ആശ്വാസവുമുണ്ടായി.

ക്രൂശിക്കപ്പെട്ട ആഴ്ചയില്‍ യേശു തന്റെ സ്‌നേഹിതര്‍ക്ക് സമാനമായ ആശ്വാസവാക്കുകള്‍ നല്‍കി: ‘എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും; അവന്‍ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ, എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിനു നിങ്ങള്‍ക്കു തരും’ (യോഹന്നാന്‍ 14:16-17). അവന്റെ പുനരുത്ഥാനത്തിനുശേഷം അവന്‍ അവര്‍ക്ക് ഈ വാഗ്ദാനം നല്‍കി: ‘ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്’ (മത്തായി 28:20). യേശു ഉടനെതന്നെ സ്വര്‍ഗ്ഗത്തിലേക്കു പോകാനിരിക്കുകയാണ്, എന്നാല്‍ അവരോടു ‘കൂടെയിരിക്കാനും’ അവരില്‍ വസിക്കാനും അവിടുന്ന് ആത്മാവിനെ അയയ്ക്കും.

നമ്മുടെ കണ്ണുനീര്‍ ഒഴുകുമ്പോള്‍ ആത്മാവിന്റെ ആശ്വാസവും സമാധാനവും നാം അനുഭവിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെടുമ്പാള്‍ നമുക്ക് അവിടുത്തെ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കുന്നു (യോഹന്നാന്‍ 14:26). ദൈവത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ അവിടുന്ന് നമ്മുടെ കണ്ണുകള്‍ തുറക്കുന്നു (എഫെസ്യര്‍ 1:17-20), നമ്മുടെ ബലഹീനതയില്‍ ആത്മാവു നമ്മെ സഹായിക്കുകയും നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു (റോമര്‍ 8:26-27).

അവിടുന്ന് എന്നേക്കും നമ്മോടൊപ്പം വസിക്കുന്നു.