എന്റെ കൊച്ചുമകള്‍, അവളുടെ കോളേജ് വോളിബോള്‍ റ്റീമില്‍വെച്ച്,  വിജയിക്കുന്ന ഒരു തത്വം പഠിച്ചു. പന്ത് അവളുടെ വഴിയില്‍ വന്നപ്പോള്‍, എന്തു സംഭവിച്ചാലും, അവള്‍ക്ക് ‘പന്തു മികച്ചതാക്കാന്‍’ കഴിയും. ചീത്ത പറയുകയോ, കുറ്റപ്പെടുത്തുകയോ, ന്യായീകരണങ്ങള്‍ നിരത്തുകയോ ചെയ്യാതെ, അവളുടെ റ്റീമംഗങ്ങളെ മികച്ച സാഹചര്യത്തിലേക്കു നയിക്കുന്ന ഒരു കളി പുറത്തെടുക്കാന്‍ അവള്‍ക്കു കഴിയും. 

ബാബിലോന്യരാജാവായ നെബൂഖദ്‌നേസര്‍ ദാനീയേലിനെയും മൂന്ന് എബ്രായ സ്‌നേഹിതരെയും അടിമകളായി ബാബിലേണിലേക്കു കൊണ്ടുപോയപ്പോള്‍ ദാനീയേലിന്റെ പ്രതികരണം അങ്ങനെയായിരുന്നു. അവര്‍ക്കു ജാതീയ പേരുകള്‍ നല്‍കുകയും ശത്രുവിന്റെ കൊട്ടാരത്തില്‍ മൂന്നുവര്‍ഷത്തെ ‘പരിശീലനം” നേടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തെങ്കിലും, ദാനീയേല്‍ പ്രകോപിതനായില്ല. പകരം, സമ്പന്നമായ രാജകീയഭക്ഷണവും വീഞ്ഞും കഴിച്ചുകൊണ്ട് ദൈവസന്നിധിയില്‍ അശുദ്ധമാകാതിരിക്കാന്‍ അവന്‍ അനുവാദം ചോദിച്ചു. കൗതുകകരമായ ഈ ബൈബിള്‍ കഥ വ്യക്തമാക്കുന്നതുപോലെ, പച്ചക്കറികളും വെള്ളവും മാത്രം പത്തുദിവസം കഴിച്ചശേഷം (ദാനീയേല്‍ 1:12), ദാനീയേലിന്റെയും കൂട്ടുകാരുടെയും മുഖം ‘രാജഭോജനം കഴിച്ചുവന്ന സകല ബാലന്മാരുടേതിലും അഴകുള്ളതും അവര്‍ മാംസപുഷ്ടിയുള്ളവരും’ ആയി കാണപ്പെട്ടു (വാ. 15).

മറ്റൊരു സന്ദര്‍ഭത്തില്‍, രാജാവിനെ അസ്വസ്ഥമാക്കിയ സ്വപ്‌നം എന്തെന്നു പറയാനും അര്‍ത്ഥം വ്യാഖ്യാനിക്കാനും കഴിയുന്നില്ലെങ്കില്‍, ദാനീയേലിനെയും കൊട്ടാരത്തിലെ എല്ലാ വിദ്വാന്മാരെയും കൊല്ലുമെന്ന് നെബൂഖദ്‌നേസര്‍ ഭീഷണിപ്പെടുത്തി. അപ്പോഴും, ദാനീയേല്‍ പരിഭ്രാന്തനായില്ല, പകരം ‘സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണയ്ക്കായി അപേക്ഷിച്ചു” ‘ആ രഹസ്യം ദാനീയേലിനു രാത്രി ദര്‍ശനത്തില്‍ വെളിപ്പെട്ടു” (2:18-19). ദാനിയേല്‍ ദൈവത്തെക്കുറിച്ചു പ്രഖ്യാപിച്ചതുപോലെ, ‘ജ്ഞാനവും ബലവും അവനുള്ളതല്ലോ” (വാ. 20). പ്രവാസകാലത്തുടനീളം, ദാനീയേല്‍ താന്‍ നേരിട്ട പോരാട്ടങ്ങളുടെയെല്ലാമിടയില്‍ ദൈവത്തിന്റെ ഏറ്റവും മികച്ചത് അന്വേഷിച്ചു. നമ്മുടെ കഷ്ടതകളില്‍, നമുക്ക് ആ മാതൃക പിന്തുടര്‍ന്നുകൊണ്ട് ആ സാഹചര്യത്തെ ദൈവത്തിങ്കലേക്കു കൊണ്ടുപോകുന്നതിലൂടെ അതിനെ മെച്ചപ്പെടുത്താം.