ഏകദേശം 2.19 കോടി രൂപയ്ക്ക്, നിങ്ങള്‍ക്ക് ഒരു പുതിയ മക്ക്‌ലാരന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ വാങ്ങാന്‍ കഴിയും. 710 കുതിരശക്തി ഉള്ള വി8 എഞ്ചിനാണ് വാഹനത്തിനുള്ളത്. നിങ്ങളുടെ പ്രഭാത യാത്രയ്ക്ക് ആവശ്യമായതിനേക്കാള്‍ വളരെ കൂടുതലാണ് ഇത്.

തീര്‍ച്ചയായും, ആ ശക്തി മുഴുവനും ഉപയോഗിക്കാന്‍ നിങ്ങള്‍ക്കു പ്രലോഭനമുണ്ടായേക്കാം. ഒരു ഡ്രൈവര്‍ തന്റെ കാര്‍ വളരെ വേഗതയുള്ളതാണെന്നു മനസ്സിലാക്കി. അത് ഒരു മികച്ച ഷോറൂമില്‍ നിന്ന് വെറും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ആക്രിക്കൂമ്പാരത്തിലേക്കു തള്ളപ്പെട്ടു! കാര്‍ വാങ്ങി ഒരു ദിവസത്തിനുശേഷം അയാള്‍ അത് ഒരു മരത്തില്‍ കൊണ്ടിടിച്ചു (അയാള്‍ രക്ഷപ്പെട്ടു, നന്ദി).

ബൈബിളിലെ കഥ തുടങ്ങി മൂന്ന് അധ്യായങ്ങള്‍ക്കുശേഷം, തെറ്റായ ഒരു തിരഞ്ഞെടുപ്പും ഒരു വൃക്ഷവും ദൈവത്തിന്റെ നല്ല സൃഷ്ടിയെ എങ്ങനെ ബാധിച്ചുവെന്ന് നാം മനസ്സിലാക്കുന്നു. ആദാമും ഹവ്വായും, ഫലം ഭക്ഷിക്കരുതെന്ന് അവരെ വിലക്കിയിരുന്ന ഒരു വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു (ഉല്പത്തി 3:11). കഥ ആരംഭിച്ചിട്ടേയുണ്ടായിരുന്നുള്ളു, പക്ഷേ പറുദീസ ശപിക്കപ്പെട്ടു (വാ. 14-19).

ഈ ശാപം ഇല്ലാതാക്കുന്നതില്‍ മറ്റൊരു വൃക്ഷം പങ്കു വഹിച്ചു – യേശു നമുക്കുവേണ്ടി വഹിച്ച ക്രൂശ്. അവന്റെ മരണം, അവനോടൊപ്പമുള്ള ഒരു ഭാവി നമുക്കായി വിലയ്ക്കു വാങ്ങി (ആവര്‍ത്തനം 21:23; ഗലാത്യര്‍ 3:13).

ബൈബിളിന്റെ അവസാന അധ്യായത്തില്‍ ഈ കഥ പൂര്‍ണ്ണമാകുന്നു. ‘ജീവജല’ നദിയുടെ കരയില്‍ വളരുന്ന ‘ജീവവൃക്ഷ”ത്തെക്കുറിച്ച് അവിടെ നാം വായിക്കുന്നു (വെളിപ്പാട് 22:1-2). യോഹന്നാന്‍ വിവരിക്കുന്നതുപോലെ, ‘വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്ക് ഉതകുന്നു” (വാ. 2). ‘യാതൊരു ശാപവും ഇനി ഉണ്ടാകയില്ല’ എന്നവന്‍ ഉറപ്പു നല്‍കുന്നു (വാ. 3). നാമെല്ലാവരും കൊതിച്ച, അവര്‍ എക്കാലവും സന്തോഷത്തോടെ ജീവിക്കും, എന്ന പര്യവസാനത്തില്‍ ദൈവത്തിന്റെ കഥ എത്തിച്ചേരുന്നു.