2019 ന്റെ ആരംഭത്തില്‍, എണ്‍പത്തിനാലാം വയസ്സില്‍ ചാര്‍ലി വാന്‍ഡര്‍മീര്‍ അന്തരിച്ചു. നാഷണല്‍ റേഡിയോ പ്രക്ഷേപണം ചെയ്തിരുന്ന കുട്ടികളുടെ ബൈബിള്‍ മണിക്കൂറിന്റെ അവതാരകനായിരുന്ന അദ്ദേഹം, ‘അങ്കിള്‍ ചാര്‍ലി’ എന്ന പേരില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് പതിറ്റാണ്ടുകളായി പരിചിതനായിരുന്നു. നിത്യതയിലേക്കു പ്രവേശിക്കുന്നതിന്റെ തലേരാത്രി അങ്കിള്‍ ചാര്‍ലി ഒരു നല്ല സുഹൃത്തിനോടു പറഞ്ഞു, ‘നിങ്ങള്‍ എന്തറിയുന്നു എന്നതല്ല, നിങ്ങള്‍ ആരെ അറിയുന്നു എന്നതാണു കാര്യം. തീര്‍ച്ചയായും, ഞാന്‍ യേശുക്രിസ്തുവിനെക്കുറിച്ചാണു സംസാരിക്കുന്നത്.’

താന്‍ ജീവിതാവസാനത്തിലെത്തിയപ്പോഴും, അങ്കിള്‍ ചാര്‍ലിക്ക് യേശുവിനെക്കുറിച്ചും ആളുകള്‍ യേശുവിനെ രക്ഷകനായി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല.

യേശുവിനെ അറിയുകയെന്നത് തന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണെന്ന് അപ്പൊസ്തലനായ പൗലൊസ് ചിന്തിച്ചു: “എന്റെ കര്‍ത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാന്‍ ഇപ്പോഴും എല്ലാം ചേതം എന്ന് എണ്ണുന്നു. ഞാന്‍ ക്രിസ്തുവിനെ നേടേണ്ടതിനും ന്യായപ്രമാണത്തില്‍നിന്നുള്ള എന്റെ സ്വന്തം നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവര്‍ക്കു നല്കുന്ന നീതി തന്നേ ലഭിച്ച് അവനില്‍ ഇരിക്കേണ്ടതിനും … അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറ് എന്ന് എണ്ണുന്നു” (ഫിലിപ്പിയര്‍ 3:8-9). നമുക്ക് യേശുവിനെ എങ്ങനെ അറിയാന്‍ കഴിയും? “യേശുവിനെ കര്‍ത്താവ് എന്നു വായ് കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും” (റോമര്‍ 10:9).

നമുക്കു യേശുവിനെക്കുറിച്ചുള്ള വസ്തുതകള്‍ അറിയാന്‍ കഴിഞ്ഞേക്കാം, സഭയെക്കുറിച്ചും എല്ലാക്കാര്യങ്ങളും നമുക്കറിയാമായിരിക്കാം, ബൈബിളും നമുക്കു പരിചിതമായിരിക്കാം. എന്നാല്‍ യേശുവിനെ രക്ഷകനായി അറിയാനുള്ള ഏക മാര്‍ഗ്ഗം അവിടുന്നു നല്‍കുന്ന രക്ഷയുടെ സൗജന്യദാനം സ്വീകരിക്കുക എന്നതാണ്. അവിടുന്നാണ് നാം അറിയേണ്ട ആള്‍.