ലോകത്തിലെ ഏറ്റവും ആഴമുള്ള തടാകമായ ബെയ്ക്കല്‍ തടാകം വിശാലവും ഗംഭീരവുമാണ്. ഒരു മൈല്‍ ആഴവും 400 മൈല്‍ (636 കിലോമീറ്റര്‍) നീളവും 49 മൈല്‍ (79 കിലോമീറ്റര്‍) വീതിയുമുള്ള ഈ തടാകത്തില്‍ ലോകത്തിലെ ഉപരിതലശുദ്ധജലത്തിന്റെ അഞ്ചിലൊന്ന് അടങ്ങിയിരിക്കുന്നു. എന്നാല്‍ ഈ ജലം മിക്കവാറും അപ്രാപ്യമാണ്. റഷ്യയിലെ ഏറ്റവും വിദൂര പ്രദേശങ്ങളിലൊന്നായ സൈബീരിയയിലാണ് ബെയ്ക്കല്‍ തടാകം സ്ഥിതിചെയ്യുന്നത്. നമ്മുടെ ഗ്രഹത്തിന്റെ ഭൂരിഭാഗത്തിനും വെള്ളം വളരെ അത്യാവശ്യമുള്ള ഒന്നായതിനാല്‍, ഭൂരിഭാഗം ആളുകള്‍ക്കും പ്രവേശിക്കാന്‍ കഴിയാത്ത ഒരിടത്ത് ഇത്രയും വലിയൊരു ജലസ്രോതസ്സ് വെച്ചിരിക്കുന്നതു വൈരുദ്ധ്യമാണ്.

ബെയ്ക്കല്‍ തടാകം വിദൂരമാണെങ്കിലും, ആവശ്യമുള്ളവര്‍ക്കെല്ലാം ലഭ്യമായ ജീവജലത്തിന്റെ അനന്തമായ ഒരു സ്രോതസ്സുണ്ട്. ശമര്യയിലെ ഒരു കിണറ്റരികില്‍ വെച്ച്, യേശു ഒരു സ്ത്രീയോടു സംസാരിക്കുകയും അവളുടെ ആത്മീയദാഹത്തെ ഉണര്‍ത്തുകയും ചെയ്തു. അവളുടെ ഹൃദയാവശ്യത്തിനുള്ള പരിഹാരം എന്തായിരുന്നു? യേശു തന്നെ.

കിണറ്റില്‍നിന്നു കോരാന്‍ കഴിയുന്ന വെള്ളത്തില്‍നിന്നു വ്യത്യസ്തമായി, അതിലും മികച്ചത് യേശു വാഗ്ദാനം ചെയ്തു: “ഈ വെള്ളം കുടിക്കുന്നവന് എല്ലാം പിന്നെയും ദാഹിക്കും. ഞാന്‍ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരു നാളും ദാഹിക്കുകയില്ല; ഞാന്‍ കൊടുക്കുന്ന വെള്ളം അവനില്‍ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” (യോഹന്നാന്‍ 4:13-14).

പലതും സംതൃപ്തി വാഗ്ദാനം ചെയ്യുന്നുവെങ്കിലും, ഒരിക്കലും നമ്മുടെ ദാഹിക്കുന്ന ഹൃദയങ്ങളെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുകയില്ല. നമ്മുടെ ആത്മീയദാഹം യഥാര്‍ത്ഥത്തില്‍ തൃപ്തിപ്പെടുത്താന്‍ യേശുവിനു മാത്രമേ കഴിയൂ. അവിടുത്തെ ദാനം എല്ലാവര്‍ക്കും, എല്ലായിടത്തും ലഭ്യമാണ്.