ആവശ്യത്തിനു സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നതിനാല്‍, കാലിഫോര്‍ണിയയിലെ ആന്റലോപ് താഴ്‌വര, ഫിഗുവെറോവ പര്‍വ്വതം എന്നിവിടങ്ങളില്‍ വര്‍ണ്ണാഭമായ കാട്ടുപൂക്കള്‍ പരവതാനി തീര്‍ക്കുന്നു. എന്നാല്‍ വരള്‍ച്ച ബാധിക്കുമ്പോള്‍ എന്തു സംഭവിക്കും? ചില കാട്ടുപൂക്കള്‍, അവയുടെ വിത്തുകള്‍ മണ്ണിനു മുകളില്‍ വന്ന് പൂക്കുന്നതിന് അനുവദിക്കുന്നതിനു പകരം, വലിയ അളവില്‍ വിത്തുകള്‍ മണ്ണിനടിയില്‍  സംഭരിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വരള്‍ച്ചയ്ക്കു ശേഷം ഈ സസ്യങ്ങള്‍ തങ്ങള്‍ സംരക്ഷിച്ച വിത്തുകള്‍ ഉപയോഗിച്ചു വീണ്ടും തഴച്ചുവളരാന്‍ തുടങ്ങുന്നു.

പുരാതന യിസ്രായേല്യര്‍, കഠിനമായ സാഹചര്യങ്ങള്‍ക്കിടയിലും മിസ്രയീമില്‍ അഭിവൃദ്ധി പ്രാപിച്ചു. ഊഴിയ വിചാരകന്മാര്‍ വയലുകളില്‍ ജോലി ചെയ്യാനും ഇഷ്ടികകള്‍ ഉണ്ടാക്കാനും അവരെ നിര്‍ബന്ധിച്ചു. ദയയില്ലാത്ത മേല്‍വിചാരകര്‍ ഫറവോനുവേണ്ടി വന്‍ നഗരങ്ങള്‍ പണിയുവാന്‍ അവരോടാവശ്യപ്പെട്ടു. മിസ്രയീമിലെ രാജാവ്, അവരുടെ ജനസംഖ്യ കുറയ്ക്കുന്നതിനായി ശിശുഹത്യയ്ക്കു മുതിര്‍ന്നു. എന്നിരുന്നാലും, ദൈവം അവരെ നിലനിര്‍ത്തിയതിനാല്‍, ‘അവര്‍ പീഡിപ്പിക്കുന്തോറും ജനം പെരുകി വര്‍ദ്ധിച്ചു’ (പുറപ്പാട് 1:12). മിസ്രയീമിലെ യിസ്രായേല്‍പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ജനസംഖ്യ 2 ദശലക്ഷമോ അതില്‍ കൂടുതലോ ആയി വര്‍ദ്ധിച്ചുവെന്ന് പല ബൈബിള്‍ പണ്ഡിതന്മാരും കണക്കാക്കുന്നു.

അന്ന് തന്റെ ജനത്തെ സംരക്ഷിച്ച ദൈവം ഇന്നും നമ്മെ താങ്ങുന്നു. ഏതു സാഹചര്യത്തിലും ദൈവത്തിനു നമ്മെ സഹായിക്കാന്‍ കഴിയും. മറ്റൊരു ധാതുവില്‍ എങ്ങനെ നിലനില്‍ക്കുമെന്നതിനെക്കുറിച്ച് നാം വിഷമിച്ചേക്കാം. എന്നാല്‍ “ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ഇങ്ങനെ ചമയിക്കുന്ന” ദൈവത്തിനു നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നു ബൈബിള്‍ ഉറപ്പു നല്‍കുന്നു (മത്തായി 6:30).