ഞങ്ങളുടെ വാരാന്ത്യ അവധിക്കാലത്ത്, റോജലിയോ ഞങ്ങളുടെ വെയ്റ്ററായി സേവനമനുഷ്ഠിച്ചു. ഒരു സംഭാഷണമധ്യേ, ശക്തമായ വിശ്വാസവും അനുകമ്പയുമുള്ള തന്റെ ഭാര്യ കാലിയെ തനിക്കു തന്നനുഗ്രഹിച്ചത് യേശുവാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ആദ്യത്തെ കുഞ്ഞു ജനിച്ചതിനുശേഷം, ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച അവരുടെ സഹോദരീപുത്രിയെ പരിപാലിക്കാനുള്ള അവസരം ദൈവം അവര്‍ക്കു നല്‍കി. താമസിയാതെ, റോജലിയോയുടെ ഭാര്യാമാതാവിനും സംരക്ഷണവും പരിചരണവും ആവശ്യമായി വന്നു.

റോജലിയോ സന്തോഷത്തോടെ ജോലി ചെയ്യുന്നു. ദൈവം അവരെ ഏല്‍പ്പിച്ച ആളുകളെ പരിചരിക്കുന്നതിനു ഭാര്യയെ സഹായിക്കുന്നതിനായി അദ്ദേഹം പലപ്പോഴും ഇരട്ട ഷിഫ്റ്റുകള്‍ ചെയ്യുന്നു. തങ്ങളുടെ കുടുംബാംഗങ്ങളെ ശുശ്രൂഷിക്കുന്നതിനായി അവരുടെ ഹൃദയവും വീടും തുറന്നുകൊടുത്ത ആ ദമ്പതികളുടെ മാര്‍ഗ്ഗം എന്നെ കൂടുതല്‍ സ്‌നേഹിക്കാന്‍ പ്രേരിപ്പിച്ചു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ റോജലിയോ പറഞ്ഞു, ‘അവരെ – താങ്കളെയും – ശുശ്രൂഷിക്കുന്നത് എന്റെ സന്തോഷമാണ്.”

നാം അന്യോന്യം നിസ്വാര്‍ത്ഥമായി ശുശ്രൂഷിക്കുമ്പോള്‍, ഔദാര്യത്തോടെയും ആവശ്യങ്ങള്‍ക്കായി ദൈവത്തിലാശ്രയിച്ചും ജീവിക്കുന്നതിന്റെ ശക്തി റോജലിയോയുടെ ജീവിതം ഉറപ്പിക്കുന്നു. ‘ആശയില്‍ സന്തോഷിക്കുവിന്‍; കഷ്ടതയില്‍ സഹിഷ്ണുത കാണിക്കുവിന്‍; പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കുവിന്‍; വിശുദ്ധന്മാരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിക്കുകയും അതിഥിസല്ക്കാരം ആചരിക്കുകയും ചെയ്യുവിന്‍” (റോമര്‍ 12:10-13) എന്ന് അപ്പൊസ്തലനായ പൗലൊസ് ദൈവജനത്തെ ആഹ്വാനം ചെയ്യുന്നു. 

അസഹനീയമായ സാഹചര്യങ്ങളിലേക്കു നമ്മെയോ നമ്മുടെ പ്രിയപ്പെട്ടവരെയോ തള്ളിയിട്ടുകൊണ്ട്, നമ്മുടെ ജീവിതത്തിനു ക്ഷണനേരംകൊണ്ടു മാറ്റം സംഭവിച്ചേക്കാം. എന്നാല്‍ നാം ദൈവത്തെ കാത്തിരിക്കുമ്പോള്‍, ദൈവം നമുക്കു നല്‍കിയതെല്ലാം പങ്കുവെയ്ക്കാന്‍ നാം തയ്യാറായാല്‍, നമുക്കൊരുമിച്ച് അവിടുത്തെ നിലനില്‍ക്കുന്ന സ്‌നേഹത്തെ മുറുകെപ്പിടിക്കാന്‍ കഴിയും.