‘ഗുഡ് മോണിംഗ്,” ഞങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സിന്റെ ലീഡര്‍ പറഞ്ഞു. ഞാന്‍ ‘ഹലോ’ എന്നു തിരികെ പറഞ്ഞു. പക്ഷേ ഞാന്‍ അദ്ദേഹത്തെ നോക്കിയില്ല. സ്ക്രീനില്‍ കണ്ട എന്റെ സ്വന്തരൂപം എന്നെ പിന്തിരിപ്പിച്ചു. ഞാന്‍ ഇങ്ങനെയാണോ? സ്ക്രീനില്‍ കാണുന്ന മറ്റുള്ളവരുടെ പുഞ്ചിരിക്കുന്ന മുഖത്തേക്കു ഞാന്‍ നോക്കി. അത് അവരെപ്പോലെ തന്നെ തോന്നുന്നു. അതെ, ഇതു ഞാനായിരിക്കണം. എനിക്കു കുറച്ചു ഭാരം കുറയ്ക്കണം. മുടി വെട്ടുകയും വേണം.
ഫറവോന്റെ മനസ്സില്‍, അവന് വളരെ ശ്രേഷ്ഠനായിരുന്നു. അവന് ”ജാതികളുടെ ഇടയില്‍ ഒരു ബാലസിംഹവും കടലിലെ ഒരു നക്രവും ആയിരുന്നു” (യെഹെസ്കേല്‍ 32:2). എന്നാല്‍ പിന്നീട് ദൈവത്തിന്റെ വീക്ഷണകോണില്‍ നിന്ന് ഒരു ദര്‍ശനം അവനു ലഭിച്ചു. അവന് അപകടത്തിലാണെന്നും അവന്റെ ശവം വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുമെന്നും ദൈവം അവനോടു പറഞ്ഞു. ‘ഞാന്‍ അനേകം ജാതികളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാര് കാണ്‍കെ ഞാന്‍ എന്റെ വാള് വീശുമ്പോള്‍, അവര്‍ നിന്റെ നിമിത്തം അത്യന്തം പേടിച്ചുപോകും” (വാ. 10). ഫറവോന് താന്‍ വിചാരിച്ചത്രയും മതിപ്പുള്ളവനായിരുന്നില്ല.
നാം ‘ആത്മീയമായി സൗന്ദര്യമുള്ളവരാണ്’ എന്നു നാം വിചാരിച്ചേക്കാം – ദൈവം കാണുന്നതുപോലെ നമ്മുടെ പാപങ്ങളെ നാം കാണുന്നതുവരെയേ ആ വിചാരം നില്‍ക്കുകയുള്ളു. അവിടുത്തെ വിശുദ്ധ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ‘നമ്മുടെ നീതി പ്രവൃത്തികള്‍ കറപുരണ്ട തുണിപോലെയാണ്” (യെശയ്യാവ് 64:6). എന്നാല്‍ ദൈവം, മറ്റൊന്നുകൂടി കാണുന്നു – കൂടുതല്‍ യാഥാര്‍ത്ഥ്യമായ ഒരു കാര്യം: അവിടുന്ന് യേശുവിനെ കാണുന്നു, അവിടുന്ന് യേശുവില്‍ നമ്മെ കാണുന്നു.
നിങ്ങള്‍ എങ്ങനെയാണെന്നതില്‍ നിരുത്സാഹം തോന്നുന്നുണ്ടോ? ഇത് യഥാര്‍ത്ഥ നിങ്ങളല്ലെന്ന് ഓര്‍ക്കുക. നിങ്ങള്‍ യേശുവില്‍ ആശ്രയം വെച്ചിരിക്കുന്നുവെങ്കില്‍, നിങ്ങള്‍ യേശുവിലാണ്, അവിടുത്തെ വിശുദ്ധി നിങ്ങളെ പൊതിഞ്ഞിരിക്കുന്നു. നിങ്ങള്‍ ചിന്തിക്കുന്നതിനെക്കാളും സുന്ദരനാണ്/സുന്ദരിയാണ് നിങ്ങള്‍.
നിങ്ങളുടെ മനസ്സില്‍ നിങ്ങളെക്കുറിച്ചുള്ള ചിത്രമെന്താണ്? നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ ഹൃദയത്തിലുള്ള ചിത്രവുമായി അതിനെ എങ്ങനെ താരതമ്യം ചെയ്യാം?
യേശുവേ, ഞാന്‍ അങ്ങയെ മുറുകെപ്പിടിക്കുന്നു. അങ്ങയുടെ സ്നേഹവും നന്മയും എന്നെ സൗന്ദര്യമുള്ളവന്/സൗന്ദര്യമുള്ളവള്‍ ആക്കുന്നു.
വായിക്കുക: ദൈവത്തിന്റെ ക്ഷമ, DiscoverySeries.org/Q0602.