ജീവിത സായാഹ്നത്തില്‍, മിസ്സിസ് ഗുഡ്‌റിച്ചിന് തന്റെ വെല്ലുവിളി നിറഞ്ഞതും കൃപ നിറഞ്ഞതുമായ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇടയ്ക്കിടെ തെളിയുകയും മങ്ങുകയും ചെയ്തുകൊണ്ടിരുന്നു. കടല്‍ത്തീരത്തെ വീട്ടിലിരുന്ന് ജനാലയിലൂടെ ജലപ്പരപ്പിലേക്കു നോക്കിയിരുന്ന ഗുഡ്‌റിച്ച് കൈനീട്ടി നോട്ട്പാഡ് എടുത്തു. അവള്‍ ഇങ്ങനെ കുറിക്കുവാന്‍ തുടങ്ങി (താന്‍ തന്നെ എഴുതിയവയാണ് ആ വാക്കുകള്‍ എന്നു പെട്ടെന്നുതന്നെ അവള്‍ മറന്നുപോകും): ‘ഇവിടെ ഞാന്‍ എന്റെ പ്രിയപ്പെട്ട കസേരയില്‍, അതിന്റെ പടിയില്‍ എന്റെ കാലും അന്തരീക്ഷത്തില്‍ എന്റെ ഹൃദയവും വെച്ച് ഇരിക്കുന്നു, താഴെയുള്ള ജലപ്പരപ്പില്‍ സൂര്യതാപമേറ്റുയര്‍ന്ന തിരമാലകള്‍, നിരന്തരമായ ചലനത്തിലാണ് – എവിടേക്കാണവ നീങ്ങുന്നതെന്നെനിക്കറിയില്ല. എങ്കിലും ഉയരത്തിലെ പിതാവേ,  അങ്ങയുടെ എണ്ണമറ്റ ദാനങ്ങള്‍ക്കും നിലയ്ക്കാത്ത സ്‌നേഹത്തിനും ഞാന്‍ നന്ദി പറയുന്നു! എനിക്കു കാണാന്‍ കഴിയാത്ത ഒരാളുമായി ഞാന്‍ വളരെയധികം സ്‌നേഹത്തിലാണ് എന്നത് എപ്പോഴും എന്നെ വിസ്മയിപ്പിക്കുന്നു – ഇതെങ്ങനെ സംഭവിക്കുന്നു?”

അപ്പൊസ്തലനായ പത്രൊസ് അത്തരം അത്ഭുതങ്ങളെ അംഗീകരിച്ചു. പത്രൊസ് യേശുവിനെ സ്വന്തം കണ്ണുകൊണ്ടു കണ്ടിട്ടുണ്ട്, പക്ഷേ പത്രൊസിന്റെ ലേഖനം വായിക്കുന്നവര്‍ കണ്ടിട്ടില്ല. ‘അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു; ഇപ്പോള്‍ കാണാതെ വിശ്വസിച്ചുംകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു” (1 പത്രൊസ് 1:8). നാം യേശുവിനെ സ്‌നേഹിക്കുന്നതു നമ്മോടു കല്പിച്ചതുകൊണ്ടല്ല, മറിച്ച് ആത്മാവിന്റെ സഹായത്തോടെ (വാ. 11) അവിടുന്നു നമ്മെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നു കാണാന്‍ തുടങ്ങുന്നതുകൊണ്ടാണ്.

നമ്മളെപ്പോലുള്ളവരെ അവിടുന്നു കരുതുന്നുവെന്നു കേള്‍ക്കുന്നതിനേക്കാള്‍ അധികമാണിത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ക്രിസ്തുവിന്റെയും ആത്മാവിന്റെയും അദൃശ്യ സാന്നിധ്യത്തിന്റെ അത്ഭുതം നമ്മെ കാണിക്കാമെന്ന ക്രിസ്തുവിന്റെ വാഗ്ദത്തം നേരിട്ടനുഭവിക്കുന്നതാണത്.