2017 ലെ ലോകകപ്പ് യോഗ്യതാമത്സരത്തില്‍, അമേരിക്കയുടെ പുരുഷ ദേശീയ ടീമിനെ, അവരെക്കാള്‍ അമ്പത്തിയാറു സ്ഥാനത്തിനു പിന്നില്‍ നിന്നിരുന്നവരും അത്രയൊന്നും അറിയപ്പെടാത്തതുമായ ട്രിനിഡാഡ് & ടൊബാഗോ ടീം തോല്‍പ്പിച്ചതു ലോകത്തെ ഞെട്ടിച്ചു. 2-1 സ്കോറിന് യുഎസ് ടീം 2018 ലെ ലോകകപ്പില്‍ നിന്നു പുറത്തായി.
ട്രിനിഡാഡ് & ടൊബാഗോയുടെ വിജയം അപ്രതീക്ഷിതമായിരുന്നു. അതിന്റെ ഒരു കാരണം അമേരിക്കയുടെ ജനസംഖ്യയുടെയും വിഭവങ്ങളുടെയും മുമ്പില്‍ ഈ ചെറിയ കരീബിയന്‍ രാജ്യം നിസ്സാരമായിരുന്നു എന്നതായിരുന്നു. എന്നാല്‍ ആവേശഭരിതരായ ഈ ടീമിനെ പരാജയപ്പെടുത്താന്‍ ആ മികവുകള്‍ പര്യാപ്തമായിരുന്നില്ല.
ഗിദെയോന്റെയും മിദ്യാന്യരുടെയും കഥയില്‍ സമാനമായ ഒരു നടുക്കമുണ്ട് – അവിടെയും ഒരു ചെറിയ കൂട്ടം പോരാളികളും ഒരു വലിയ സൈന്യവും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. യിസ്രായേല്‍ സൈന്യത്തില്‍ യഥാര്‍ത്ഥത്തില്‍ മുപ്പതിനായിരത്തിലധികം പടയാളികളുണ്ടായിരുന്നു. എന്നാല്‍ യഹോവ ആ സൈന്യത്തെ വെറും മുന്നൂറോളം യോദ്ധാക്കളാക്കി വെട്ടിച്ചുരുക്കി. അവരുടെ വിജയം അവരുടെ സൈന്യത്തിന്റെ വലിപ്പത്തിലോ, അവരുടെ ഭണ്ഡാരത്തിലെ ധനത്തിന്റെ അളവിലോ, അല്ലെങ്കില്‍ അവരുടെ നേതാക്കളുടെ വൈദഗ്ധ്യത്തിലോ അല്ല, ദൈവത്തിലാണ് ആശ്രയിച്ചിരിക്കുന്നതെന്നു രാജ്യം മനസ്സിലാക്കുന്നതിനുവേണ്ടിയായിരുന്നു അങ്ങനെ ചെയ്തത് (ന്യായാധിപന്മാര് 7:1-8).
നമുക്കു കാണാനോ അളക്കാനോ കഴിയുന്ന കാര്യങ്ങളില്‍ വിശ്വാസവും ആശ്രയവും വയ്ക്കാന്‍ നമുക്കു ചിലപ്പോള്‍ പ്രലോഭനമുണ്ടായേക്കാം, എന്നാല്‍ അതല്ല വിശ്വാസത്തിന്റെ വഴി. ദൈവത്തിലാശ്രയിക്കാന്‍ നാം തയ്യാറാകുമ്പോള്‍, ‘കര്‍ത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുക” (എഫെസ്യര്‍ 6:10) എന്നതു പലപ്പോഴും ബുദ്ധിമുട്ടാണെങ്കിലും, നാം ഭയചകിതരും യോഗ്യതയില്ലാത്തവരെന്ന ബോധ്യമുള്ളവരും ആയിരിക്കുമ്പോള്‍പോലും നമുക്കു ധൈര്യത്തോടും ആത്മവിശ്വാസത്തോടുംകൂടി പ്രതികൂല സാഹചര്യങ്ങളുടെനേരെ മുന്നേറാന്‍ കഴിയും. ദൈവത്തിന്റെ സാന്നിധ്യത്തിനും ശക്തിക്കും നമ്മിലും നമ്മിലൂടെയും അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.
എപ്പോഴാണ് നിങ്ങള്‍ അതിശക്തമായ പ്രതികൂല സാഹചര്യങ്ങളെ നേരിട്ടിട്ടുള്ളത്? നിങ്ങള്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്തിരിക്കാം, പക്ഷേ അവിടയെയും എങ്ങനെയാണു നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയുള്ള ദൈവിക കരുതല്‍ അനുഭവിച്ചത്?
ദൈവമേ, ജീവിതം വെല്ലുവിളിയാകുമ്പോള്‍, അങ്ങയുടെ മഹത്തായ ശക്തിയിലും കൃപയിലും കൂടുതല്‍ കൂടുതല്‍ ആശ്രയിക്കുവാന്‍ എന്നെ സഹായിക്കണമേ!