ഒരു പ്രസ്ബിറ്റേറിയന്‍ ശുശ്രൂഷകനായ പിതാവിനോടൊപ്പം അമേരിക്കയിലെ ഒരു പടിഞ്ഞാറന്‍ സംസ്ഥാനത്തു വളര്‍ന്നുവന്ന രണ്ട് ആണ്‍കുട്ടികളുടെ കഥപറയുന്ന, നോര്‍മന്‍ മക്ലീന്റെ പ്രശ്സതമായ കഥയാണ് അതിലൂടെ ഒരു നദി ഒഴുകുന്നു (എ റിവര്‍ റണ്‍സ് ത്രൂ ഇറ്റ്). ഞായറാഴ്ച പ്രഭാതങ്ങളില്‍, നോര്‍മനും സഹോദരന് പോളും പള്ളിയില്‍ പോയി, അവിടെ പിതാവിന്റെ പ്രസംഗം കേട്ടു. ഞായറാഴ്ച വൈകുന്നേരം മറ്റൊരു ശുശ്രൂഷ ഉണ്ടായിരുന്നു, അവിടെയും അവരുടെ പിതാവു വീണ്ടും പ്രസംഗിക്കും. എന്നാല്‍ ഈ രണ്ടു ശുശ്രൂഷകള്‍ക്കിടയില്‍, ”വിശ്രമിക്കുന്നതിനായി” അദ്ദേഹം അവരോടൊപ്പം കുന്നുകളിലൂടെയും അരുവികളിലൂടെയും ചുറ്റി നടക്കും. ”തന്റെ ആത്മാവിനെ പുനഃസ്ഥാപിക്കുന്നതിനും സായാഹ്ന പ്രഭാഷണത്തില്‍ കവിഞ്ഞൊഴുകുന്നതിനായി വീണ്ടും നിറയ്ക്കുന്നതിനുമുള്ള” അവരുടെ പിതാവിന്റെ മനഃപൂര്‍വ്വമായ പിന്‍വലിയലായിരുന്നു അത്.
സുവിശേഷങ്ങളിലുടനീളം, മലഞ്ചരിവുകളിലും പട്ടണങ്ങളിലുംവെച്ച് യേശു ജനക്കൂട്ടത്തെ പഠിപ്പിക്കുകയും, തന്റെയടുത്തേക്കു കൊണ്ടുവന്ന രോഗികളെയും വ്യാധികള്‍ ബാധിച്ചവരെയും സൗഖ്യമാക്കുകയും ചെയ്യുന്നതായി കാണുന്നു. ഈ ഇടപെടലുകളെല്ലാം തന്നെ ”കാണാതെപോയതിനെ തിരഞ്ഞു രക്ഷിക്കുക” (ലൂക്കൊസ് 19:10)എന്ന മനുഷ്യപുത്രന്റെ ദൗത്യവുമായി പൊരുത്തപ്പെട്ടുപോകുന്നതായിരുന്നു. എങ്കിലും അവിടുന്നു പലപ്പോഴും ‘നിര്‍ജ്ജനദേശത്തേക്കു വാങ്ങിപ്പോയി” (5:16). അവിടെ യേശു പിതാവിനോട് ആശയവിനിമയം നടത്തി, പുതുക്കം പ്രാപിക്കുകയും വര്‍ദ്ധിത ഉത്സാഹത്തോടെ തന്റെ ദൗത്യത്തിലേക്കു വീണ്ടും ചുവടുവയ്ക്കുകയും ചെയ്തു.
ശുശ്രൂഷിക്കാനുള്ള നമ്മുടെ വിശ്വസ്തമായ ശ്രമങ്ങളില്‍, യേശു ”പലപ്പോഴും” പിന്‍വാങ്ങിപ്പോയി എന്ന കാര്യം ഓര്‍മ്മിക്കുന്നതു നല്ലതാണ്. ഈ പരിശീലനം യേശുവിനെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നുവെങ്കില്‍, നമുക്ക് എത്രയധികം ആവശ്യമായിരിക്കുന്നു? നമ്മെ വീണ്ടും കവിഞ്ഞൊഴുകുന്ന അവസ്ഥയില്‍ നിറയ്ക്കാന്‍ കഴിയുന്ന നമ്മുടെ പിതാവിനോടൊപ്പം പതിവായി നമുക്കു സമയം ചെലവഴിക്കാം.
''ഏകാന്തമായ'' സ്ഥലത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ എന്താണു നിങ്ങളുടെ മനസ്സില്‍ വരുന്നത്? പിതാവിനോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് എപ്പോള്‍, എവിടേക്കു പിന്‍വാങ്ങാനാകും?
പിതാവേ, അങ്ങയോടൊപ്പം സമയം ചെലവഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലിനു നന്ദി പറയുന്നു! കൂടെക്കൂടെ ക്ഷീണിക്കുന്ന എന്റെ ആത്മാവിനെ പുതുക്കാന്‍ എനിക്ക് അങ്ങയുടെ കൃപയും ശക്തിയും ആവശ്യമാണ്.
പ്രാര്‍ത്ഥനയില്‍ ദൈവത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനെക്കുറിച്ച് കൂടുതലറിയാന്‍, ChristianUniverstiy.org/SF120 സന്ദര്‍ശിക്കുക.