മുറിവേറ്റ കുതിരയ്ക്ക്് ഡ്രമ്മര്‍ ബോയ് എന്നു പേരിട്ടു. ചാര്‍ജ്ജ് ഓഫ് ലൈറ്റ് ബ്രിഗേഡ് എന്ന പേരില്‍ പ്രസിദ്ധമായ യുദ്ധത്തിലേക്കു ബ്രിട്ടീഷ് സൈനികരെ എത്തിച്ച 112 കുതിരകളിലൊന്നായിരുന്നു അത്. ആ മൃഗം അത്യധികം ധൈര്യവും ശക്തിയും പ്രകടിപ്പിച്ചതിനാല്‍, ധീരരായ മനുഷ്യരെപ്പോലെ കുതിരയും ഒരു മെഡലിന് അര്‍ഹനാണെന്നു നിയുക്ത കമാന്‍ഡര്‍ ലെഫ്റ്റനന്റ് കേണല്‍ ഡി സാലിസ് തീരുമാനിച്ചു. ശത്രുസൈന്യത്തിനെതിരായ അവരുടെ സൈനിക നടപടി പരാജയപ്പെട്ടെങ്കിലും അദ്ദേഹമിതു ചെയ്തു. കുതിരപ്പടയുടെ വീര്യം, അവരുടെ കുതിരകളുടെ ധൈര്യവുമായി പൊരുത്തപ്പെട്ടിരുന്നതിനാല്‍, ഈ ഏറ്റുമുട്ടല്‍ ബ്രിട്ടന്റെ ഏറ്റവും വലിയ സൈനിക നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെട്ടു, അതിന്നും ആഘോഷിക്കപ്പെടുന്നു.
എന്നിരുന്നാലും, ഈ ഏറ്റുമുട്ടല്‍ ഒരു പുരാതന ബൈബിള്‍ സദൃശവാക്യത്തിന്റെ ജ്ഞാനം വെളിപ്പെടുത്തുന്നു: ‘കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു” (സദൃശവാക്യങ്ങള്‍ 21:31). തിരുവെഴുത്ത് ഈ തത്വം വ്യക്തമായി സ്ഥിരീകരിക്കുന്നു. ‘നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്ത് നിങ്ങളെ രക്ഷിക്കുവാന്‍ നിങ്ങളോടുകൂടെ പോരുന്നു എന്ന് അവരോടു പറയണം” (ആവര്‍ത്തനം 20:4). മരണത്തിന്റെ വിഷമുള്ളിനെതിരെ പോലും അപ്പൊസ്തലനായ പൗലൊസ് എഴുതി, ‘നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിനു സ്തോത്രം” (1 കൊരിന്ത്യര്‍ 15:56-57).
ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങള്‍ക്കു തയ്യാറാകുക എന്നതാണ് ഇതറിയുന്ന നാം ചെയ്യേണ്ടത്. ഒരു ശുശ്രൂഷ കെട്ടിപ്പടുക്കുന്നതിന്, നാം പഠിക്കുകയും ജോലി ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മനോഹരമായ ഒരു കലാരൂപം സൃഷ്ടിക്കുന്നതിന്, നാം ഒരു വൈദഗ്ദ്ധ്യം നേടുന്നു. ഒരു പര്‍വ്വതത്തെ കീഴടക്കുന്നതിന്, നാം ഉപകരണങ്ങള്‍ സമ്പാദിക്കുകയും ബലം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരുക്കപ്പെടുന്ന നാം, ക്രിസ്തുവിന്റെ ശക്തമായ സ്നേഹത്തിലൂടെ വിജയികളാണ്.
നിങ്ങള്‍ ഇപ്പോള്‍ എന്തു യുദ്ധങ്ങള്‍ക്ക് അല്ലെങ്കില്‍ വെല്ലുവിളികള്ക്കായിട്ടാണു തയ്യാറെടുക്കുന്നത്? നിങ്ങളുടെ വിജയം ദൈവത്തില്‍ ആശ്രയിച്ചുള്ളതാണെങ്കില്, പിന്നെ നിങ്ങള്‍ എന്തിനാണ് ഈ ജീവിത പരിശോധനയ്ക്കുവേണ്ടി തയ്യാറെടുപ്പു നടത്തേണ്ടിയിരിക്കുന്നത്?
സ്വര്‍ഗ്ഗീയ പിതാവേ, ഞാന്‍ ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങളെ സമീപിക്കുമ്പോള്‍, അങ്ങു വിജയം നേടുന്നതിനുവേണ്ടി എന്റെ ഹൃദയത്തെ ഒരുക്കുന്നതിനായി എന്നെ പ്രചോദിപ്പിക്കണമേ.