Month: ജൂൺ 2021

നിലവിളിക്കുന്നതില്‍ തെറ്റില്ല

ഞാന്‍ മുട്ടിന്മേല്‍ വീണു, എന്റെ കണ്ണുനീര്‍ നിലത്തു വീണു. 'ദൈവമേ, എന്തുകൊണ്ടാണ് അങ്ങെന്നെ പരിപാലിക്കാത്തത്?' ഞാന്‍ കരഞ്ഞു. 2020 ലെ കോവിഡ്-19 മഹാമാരിയുടെ സമയമായിരുന്നു അത്. എന്നെ ഒരു മാസത്തോളം ജോലിയില്‍ നിന്നു പിരിച്ചുവിട്ടു, എന്റെ തൊഴിലില്ലായ്മ വേതന അപേക്ഷയില്‍ എന്തോ കുഴപ്പം സംഭവിച്ചു. എനിക്കിതുവരെ പണമൊന്നും ലഭിച്ചില്ല. അമേരിക്കന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായത്തിനുള്ള ചെക്ക് ഇതുവരെ വന്നിട്ടില്ല. ദൈവം എല്ലാം ശരിയാക്കുമെന്നു ഞാന്‍ ഉള്ളില്‍ വിശ്വസിച്ചു. ദൈവം എന്നെ ശരിക്കും സ്‌നേഹിക്കുന്നുവെന്നും എന്നെ പരിപാലിക്കുമെന്നും ഞാന്‍ വിശ്വസിച്ചു. എന്നാല്‍ ആ നിമിഷത്തില്‍, ഞാന്‍ ഉപേക്ഷിക്കപ്പെട്ടുവെന്നെനിക്കു തോന്നി.

വിലപിക്കുന്നതില്‍ തെറ്റില്ലെന്നു വിലാപങ്ങളുടെ പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ബി.സി. 587 ല്‍ ബാബിലോന്യര്‍ യെരുശലേം നശിപ്പിച്ച സമയത്തോ, അതിനുശേഷമോ ആയിരിക്കാം ഈ പുസ്തകം എഴുതിയത്. ആളുകള്‍ അനുഭവിച്ച കഷ്ടത (3:1, 19), അടിച്ചമര്‍ത്തല്‍ (1:18), പട്ടിണി (2:20; 4:10) എന്നിവ ഇതു വിവരിക്കുന്നു. എന്നിരുന്നാലും, പുസ്തകത്തിന്റെ നടുവില്‍, തനിക്കു പ്രത്യാശിക്കാന്‍ കഴിയുന്നത് എന്താണെന്ന് എഴുത്തുകാരന്‍ ഓര്‍മ്മിക്കുന്നു: 'നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീര്‍ന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു'' (3:22-23). സകലവും നശിച്ചിട്ടും, ദൈവം വിശ്വസ്തനായി തുടരുന്നുവെന്ന് എഴുത്തുകാരന്‍ ഓര്‍മ്മിപ്പിക്കുന്നു. 

'തന്നെ കാത്തിരിക്കുന്നവര്‍ക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവന്‍'' (വാ. 25) എന്നു വിശ്വസിക്കുക ചിലപ്പോഴൊക്കെ പ്രയാസകരമായി തോന്നാറുണ്ട്. പ്രത്യേകിച്ച്, നമ്മുടെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയും കാണാതെവരുമ്പോള്‍. എന്നാല്‍, ദൈവം നമ്മെ കേള്‍ക്കുന്നുവെന്നും നമ്മെ അപ്പുറത്തെത്തിക്കുവാന്‍ തക്കവണ്ണം അവിടുന്നു വിശ്വസ്തനാണെന്നും വിശ്വസിച്ചുകൊണ്ട് ദൈവത്തോടു നിലവിളിക്കുവാന്‍ നമുക്കു കഴിയും.

ശ്രദ്ധേയമായ ജീവിതം

ശ്രദ്ധേയയായ ഓസ്‌ട്രേലിയന്‍ സര്‍ജന്‍ കാതറിന്‍ ഹാംലിനെക്കുറിച്ച്, അവളുടെ മരണവാര്‍ത്ത വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ മനസ്സിലാക്കി. വികസ്വര രാജ്യങ്ങളില്‍ സാധാരണമായതും, പ്രസവസമയത്തു സംഭവിക്കുന്ന സാധാരണ മുറിവായ ഫിസ്റ്റുലയെത്തുടര്‍ന്നുണ്ടാകുന്നതുമായ, ശാരീരികവും വൈകാരികവുമായ ആഘാതത്തില്‍ നിന്നു സ്ത്രീകളെ സുഖപ്പെടുത്തുന്നതിനായി സമര്‍പ്പിക്കപ്പെട്ട ലോകത്തിലെ ഏക ആശുപത്രി, കാതറിനും ഭര്‍ത്താവും ചേര്‍ന്ന് എത്യോപ്യയില്‍ സ്ഥാപിച്ചു. 60,000 ത്തിലധികം സ്ത്രീകളുടെ ചികിത്സയ്ക്ക് കാതറിന്‍ മേല്‍നോട്ടം വഹിച്ചു.

തൊണ്ണൂറ്റിരണ്ടു വയസ്സുള്ളപ്പോഴും ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാതറിന്‍, ഓരോ ദിവസവും ആരംഭിച്ചിരുന്നത് ഒരു കപ്പു ചായയും ബൈബിള്‍ പഠനവും കൊണ്ടായിരുന്നു. തന്റെ വിജയത്തെക്കുറിച്ചു ചോദിച്ചവരോടെല്ലാം താന്‍ യേശുവില്‍ വിശ്വസിക്കുന്ന ഒരു സാധാരണ വിശ്വാസിയാണെന്നും ദൈവം നല്‍കിയ ജോലി താന്‍ നിവേറ്റുക മാത്രമാണു ചെയ്യുന്നതെന്നും അവള്‍ പറഞ്ഞു.

കാതറിന്റെ ശ്രദ്ധേയമായ ജീവിതത്തെക്കുറിച്ച് അറിയാന്‍ കഴിഞ്ഞതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. കാരണം, ദൈവത്തെ നിരസിക്കുന്ന ആളുകള്‍ പോലും നമ്മുടെ 'നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടുƒസന്ദര്‍ശനദിവസത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തത്തക്കവിധം'' (1 പത്രൊസ് 2:12 ) നമ്മുടെ ജീവിതം നയിക്കാനുള്ള തിരുവെഴുത്തിന്റെ ആഹ്വാനത്തെ അവള്‍ ശക്തമായവിധം എനിക്കു മാതൃക കാണിച്ചുതന്നു.

ആത്മീയ അന്ധകാരത്തില്‍ നിന്നു ദൈവവുമായുള്ള ഒരു ബന്ധത്തിലേക്കു നമ്മെ വിളിച്ച ദൈവാത്മാവിന്റെ ശക്തിക്ക് (വാ. 9) നമ്മുടെ ജോലിയെ അല്ലെങ്കില്‍ സേവന മേഖലകളെ നമ്മുടെ വിശ്വാസത്തിന്റെ സാക്ഷ്യങ്ങളാക്കി മാറ്റാനും കഴിയും. ദൈവം നമുക്കു നല്‍കിയ ഏതൊരു അഭിനിവേശവും നൈപുണ്യവും ഉപയോഗപ്പെടുത്തി ആളുകളെ ദൈവത്തിങ്കലേക്കു ചൂണ്ടിക്കാണിക്കാന്‍ നമുക്കു കഴിയും. മാത്രമല്ല, ശക്തമായ രീതിയില്‍ അവയെല്ലാം ചെയ്യുന്നതിലൂടെ, നമ്മുടെ ജീവിതത്തിന് കൂടുതല്‍ അര്‍ത്ഥവും ഉദ്ദേശ്യവും കൈവരിക്കാനും നമുക്കു കഴിയും.

നീതിയുടെ ദൈവം

ഒരുപക്ഷേ, അവളായിരിക്കാം ചരിത്രത്തിലെ ഏറ്റവും വലിയ 'ബലിയാട്.' അവളുടെ പേര് ഡെയ്‌സി എന്നോ, മാഡലിന്‍ എന്നോ, ഗ്വെന്‍ഡോളിന്‍ എന്നോ (ഇങ്ങനെ പല പേരുകളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്) ആയിരിക്കാം, നമുക്കറിയില്ല. പക്ഷേ 1871 ല്‍, ചിക്കാഗോയിലെ മൂന്നിലൊന്നു ജനങ്ങളെ ഭവനരഹിതരാക്കിയ വന്‍ അഗ്നിബാധയ്ക്കു കാരണക്കാരിയെന്നു മുദ്രകുത്തപ്പെട്ടത് മിസ്സിസ് ഓ' ലിയറിയുടെ ഈ പശുവായിരുന്നു. ഇതു നഗരത്തിലെ താമസക്കാരില്‍ മൂന്നിലൊരാളെ വീതം ഭവനരഹിതനാക്കി. ശക്തമായ കാറ്റില്‍ മരവീടുകളിലൂടെ ആളിപ്പടര്‍ന്ന തീ, മൂന്നു ദിവസം അണയാതെ കത്തുകയും മുന്നൂറോളം പേരുടെ ജീവനപഹരിക്കുകയും ചെയ്തു.

ഒരു ഷെഡില്‍ കത്തിനിന്ന വിളക്ക് പശു തട്ടിമറിച്ചപ്പോഴാണു തീ പടര്‍ന്നതെന്ന്, വര്‍ഷങ്ങളോളം പലരും വിശ്വസിച്ചു. കൂടുതല്‍ അന്വേഷണത്തെത്തുടര്‍ന്ന്, 126 വര്‍ഷത്തിനുശേഷം, നഗരത്തിലെ പോലീസും അഗ്നിശമന സേനയും പശുവിനെയും അതിന്റെ ഉടമസ്ഥരെയും കുറ്റവിമുക്തരാക്കുന്ന തീരുമാനം പാസ്സാക്കുകയും ഇക്കാര്യത്തില്‍ ഒരു അയല്‍വാസിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

നീതി ലഭിക്കാന്‍ പലപ്പോഴും കാലതാമസം നേരിടുന്നു. അത് എത്രത്തോളം പ്രയാസകരമാണെന്നു തിരുവെഴുത്തും അംഗീകരിക്കുന്നു. 'എത്രത്തോളം?' എന്ന ചോദ്യം 13-ാം സങ്കീര്‍ത്തനത്തില്‍ നാലുതവണ ആവര്‍ത്തിക്കുന്നു: 'യഹോവേ, എത്രത്തോളം നീയെന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാന്‍ കാണാതെവണ്ണം മറയ്ക്കും? എത്രത്തോളം ഞാന്‍ എന്റെ ഉള്ളില്‍ വിചാരം പിടിച്ച് എന്റെ ഹൃദയത്തില്‍ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേല്‍ ഉയര്‍ന്നിരിക്കും?'' (വാ.1-2). എന്നാല്‍ ഈ നിലവിളിയുടെ മദ്ധ്യത്തിലും, വിശ്വാസത്തിനും പ്രത്യാശയ്ക്കുമുള്ള കാരണം ദാവീദ് കണ്ടെത്തുന്നു: 'ഞാനോ നിന്റെ കരുണയില്‍ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയില്‍ ആനന്ദിക്കും'' (വാ. 5).

നീതി വൈകുമ്പോള്‍ പോലും, ദൈവത്തിന്റെ സ്‌നേഹം നമ്മെ ഒരിക്കലും കൈവിടുകയില്ല. ഈ നിമിഷത്തില്‍ മാത്രമല്ല, നിത്യതയോളം നമുക്കു ദൈവത്തില്‍ ആശ്രയിക്കാനും വിശ്രമിക്കാനും കഴിയും!