വാഷ്ബേസിനില്‍ കൈകഴുകിക്കൊണ്ട്, രണ്ടു കൊച്ചുകുട്ടികള്‍ പരസ്പരം ”ഹാപ്പി ബര്‍ത്ത്ഡേ” എന്നു രണ്ടു പ്രാവശ്യം വീതം സന്തോഷത്തോടെ പാടുന്നു. ”അണുക്കളെ കഴുകിക്കളയാന്‍ അത്രയധികം സമയമെടുക്കും,” അവരുടെ അമ്മ അവരോടു പറയുന്നു. കോവിഡ്-19 മഹാമാരിക്കു മുമ്പുതന്നെ, സമയമെടുത്ത് അവരുടെ കൈകളില്‍ നിന്ന് അഴുക്കു വൃത്തിയാക്കാന്‍ അവര്‍ പഠിച്ചു.
മഹാമാരിയില്‍നിന്നു നാം പഠിച്ചതുപോലെ, വസ്തുക്കളെ വൃത്തിയായി സൂക്ഷിക്കുന്നതു ശ്രമകരമായ ഒരു പ്രക്രിയയാണ്. എന്നിരുന്നാലും, പാപത്തെ മായിച്ചുകളയുക എന്നതിനര്‍ത്ഥം, ദൈവത്തിലേക്കു മടങ്ങിച്ചെല്ലുന്നതിനുള്ള ചുവടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്.
റോമാ സാമ്രാജ്യത്തിലുടനീളം ചിതറിക്കിടക്കുന്ന യേശുവിലുള്ള വിശ്വാസികളോട് തങ്ങളുടെ ശ്രദ്ധ ദൈവത്തിലേക്കു തിരിക്കാന്‍ യാക്കോബ് ആവശ്യപ്പെട്ടു. കലഹങ്ങളും തമ്മില്‍ത്തല്ലും, നേതൃത്വം, സമ്പത്ത്, ലൗകിക സുഖങ്ങള്‍, പണം, അംഗീകാരം എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളും അവരെ ദൈവത്തിന്റെ ശത്രുക്കളാക്കി മാറ്റി. ”ആകയാല്‍ നിങ്ങള്‍ ദൈവത്തിനു കീഴടങ്ങുവിന്; പിശാചിനോട് എതിര്ത്തുനില്ക്കുവിന്; എന്നാല്‍ അവന് നിങ്ങളെ വിട്ട് ഓടിപ്പോകും. … പാപികളേ, കൈകളെ വെടിപ്പാക്കുവിന്‍; ഇരുമനസ്സുള്ളവരേ, ഹൃദയങ്ങളെ ശുദ്ധീകരിക്കുവിന്‍” (യാക്കോബ് 4:7-8) എന്നു യാക്കോബ് അവര്‍ക്കു മുന്നറിയിപ്പു നല്കി. പക്ഷെ എങ്ങനെ?
”ദൈവത്തോട് അടുത്തു ചെല്ലുവിന്‍; എന്നാല്‍ അവന് നിങ്ങളോട് അടുത്തുവരും” (വാ. 8). നമ്മുടെ ജീവിതത്തില്‍ നിന്ന് പാപത്തിന്റെ അഴുക്കു നീക്കിക്കളയാന്‍ ദൈവത്തിങ്കലേക്കു തിരിയേണ്ടതിന്റെ ആവശ്യകത വിവരിക്കുന്ന വാക്കുകളാണ് ഇവ. ശുദ്ധീകരണ രീതി യാക്കോബ് വിശദീകരിച്ചു: ”സങ്കടപ്പെട്ടു ദുഃഖിച്ചു കരയുവിന്‍; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. കര്‍ത്താവിന്റെ സന്നിധിയില്‍ താഴുവിന്‍; എന്നാല്‍ അവന് നിങ്ങളെ ഉയര്‍ത്തും” (വാ. 9-10).
നമ്മുടെ പാപത്തെ കൈകാര്യം ചെയ്യുന്നത് നമ്മെ വിനയപ്പെടുത്തും. എന്നാല്‍ ഹല്ലേലൂയാ, നമ്മുടെ ”കഴുകല്‍” ആരാധനയാക്കി മാറ്റാന്‍ ദൈവം വിശ്വസ്തനാണ്.
നിങ്ങളുടെ ജീവിതത്തില്‍ എവിടെയാണു പാപം നിലനില്‍ക്കുന്നത്? നിങ്ങളെ ശുദ്ധീകരിക്കാന്‍ ദൈവത്തെ അനുവദിക്കാനായി നിങ്ങള്‍ ദൈവത്തിങ്കലേക്കു തിരിഞ്ഞിട്ടുണ്ടോ?
പരിശുദ്ധ ദൈവമേ, പാപത്തെ ശുദ്ധീകരിക്കുന്നതിനുള്ള അങ്ങയുടെ ശുദ്ധീകരണ രീതികള്‍ എന്നെ അങ്ങയിലേക്ക് അടുപ്പിക്കുന്നതിനു നന്ദി പറയുന്നു. ഞാന്‍ മടങ്ങിവരുമ്പോള്‍, എന്റെ കൈകളെ കഴുകി എന്റെ ഹൃദയത്തെ ശുദ്ധീകരിക്കണമേ.