1999 ജൂലൈ 16-ന് ജോണ്‍ എഫ്. കെന്നഡി ജൂനിയര്‍ ( മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ മകന്) പറത്തിയ ചെറിയ വിമാനം അറ്റ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നു വീണു. സ്പേഷ്യല്‍ ഡിസോറിയന്റേഷന്‍ എന്നറിയപ്പെടുന്ന ഒരു സാധാരണ പിശകാണ് അപകടകാരണമെന്ന് അന്വേഷകര്‍ വിലയിരുത്തി. കാഴ്ചക്കുറവ് കാരണം, പൈലറ്റുമാര്‍ വഴിതെറ്റിപ്പോകുകയും ലക്ഷ്യസ്ഥാനത്ത് വിജയകരമായി എത്തിച്ചേരാന്‍ സഹായിക്കുന്നതിന് അവരുടെ ഉപകരണങ്ങളെ ആശ്രയിക്കാന്‍ മറക്കുകയും ചെയ്യുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.
നമ്മള് ജീവിതത്തെ നിയന്ത്രിക്കുമ്പോള്‍, ജീവിതം അത്യധികം പ്രയാസകരമായി അനുഭവപ്പെടുന്ന അനുഭവങ്ങളുണ്ടാകയും നാം ദിശമാറിപ്പോകയും ചെയ്യാറുണ്ട്. ഒരു കാന്‍സര്‍ രോഗനിര്‍ണ്ണയം, പ്രിയപ്പെട്ട ഒരാളുടെ മരണം, ജോലി നഷ്ടപ്പെടല്‍, ഒരു സുഹൃത്തിന്റെ വിശ്വാസവഞ്ചന എന്നിങ്ങനെ ജീവിതത്തിലെ അപ്രതീക്ഷിത ദുരന്തങ്ങള്‍ നമ്മെ വഴിതെറ്റിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തേക്കാം.
ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ നാം അകപ്പെടുമ്പോള്‍, 43-ാം സങ്കീര്‍ത്തനത്തിന്റെ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കാന്‍ നാം ശ്രമിച്ചേക്കാം. ഈ സങ്കീര്‍ത്തനത്തില്‍, താന്‍ ദുഷ്ടതയാലും അനീതിയാലും വലയം ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ താന്‍ നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കുന്നതായി സങ്കീര്ത്തനക്കാരന് അനുഭവപ്പെടുന്നു. നിരാശയില്‍, സുരക്ഷിതമായി തന്റെ ലക്ഷ്യസ്ഥാനമായ ദൈവസാന്നിധ്യത്തിലേക്ക് സഞ്ചരിക്കുന്നതിനു തന്നെ സഹായിക്കുന്നതിനായി അവന് ദൈവത്തോടു നിലവിളിക്കുന്നു (വാ. 3-4). ദൈവസന്നിധിയില്‍ പുതിയ പ്രത്യാശയും സന്തോഷവും കണ്ടെത്താന്‍ കഴിയുമെന്നു സങ്കീര്‍ത്തനക്കാരനറിയാം.
മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി സങ്കീര്ത്തനക്കാരന് അഭ്യര്‍ത്ഥിക്കുന്ന ഉപകരണങ്ങള്‍ ഏതാണ്? സത്യത്തിന്റെ പ്രകാശവും പരിശുദ്ധാത്മാവിനാല്‍ ദൈവത്തിന്റെ സാന്നിധ്യത്തിന്റെ ഉറപ്പും.
നിങ്ങള്‍ക്കു വഴിതെറ്റിപ്പോയതായി തോന്നുകയും നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍, ദൈവത്തിന്റെ ആത്മാവിലൂടെയും സ്നേഹപൂര്‍വമായ സാന്നിധ്യത്തിലൂടെയും ദൈവത്തിന്റെ വിശ്വസ്ത മാര്‍ഗ്ഗനിര്‍ദ്ദേശം നിങ്ങളെ ആശ്വസിപ്പിക്കുകയും നിങ്ങളുടെ വഴിയെ പ്രകാശിപ്പിക്കുകയും ചെയ്യും.
എന്തു അപരിചിത സാഹചര്യത്തിലാണു നിങ്ങള്‍ അകപ്പെട്ടതായി അനുഭവപ്പെടുന്നത്? ഇന്നു നിങ്ങളെ നയിക്കുന്നതിനു സഹായിക്കാന്‍ ദൈവത്തോട് എങ്ങനെ ആവശ്യപ്പെടാന്‍ കഴിയും?
സ്വര്‍ഗ്ഗീയ പിതാവേ, ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞതും വഴിതെറ്റുന്നതുമായ സാഹചര്യങ്ങളില്‍ അങ്ങെന്നെ തനിച്ചാക്കിയിട്ടില്ല എന്നതിനു നന്ദി. ഇന്നത്തെ എന്റെ ചുവടുകള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന് അങ്ങയെ ആശ്രയിക്കാന്‍ എന്നെ സഹായിക്കണമേ.
വേദന അനുഭവിക്കുന്ന ആളുകളെ എങ്ങനെ സഹായിക്കാമെന്നു മനസ്സിലാക്കാന്‍, ChristianUniversity.org/CC205 സന്ദര്‍ശിക്കുക.