അനീതി തിരുത്തുന്നതിനെക്കുറിച്ചുള്ള ഒരു സന്ദേശം കേട്ട ശേഷം, ഒരു സഭാംഗം കരഞ്ഞുകൊണ്ടു പാസ്റ്ററെ സമീപിച്ചു, ക്ഷമ ചോദിക്കുകയും, തന്റെ മുന്‍വിധിയെത്തുടര്‍ന്ന് താഴ്ന്ന ജാതിയില്‍പ്പെട്ട ഒരു ശുശ്രൂഷകനെ തങ്ങളുടെ സഭയുടെ പാസ്റ്ററായി വിളിക്കുന്നതിന് അനുകൂലമായി വോട്ടു ചെയ്തില്ലെന്നു സമ്മതിക്കുകയും ചെയ്തു. ”താങ്കള്‍ എന്നോടു ദയവായി ക്ഷമിക്കണം. മുന്‍വിധിയുടെയും ജാതീയതയുടെയും ചപ്പുചവറുകള്‍ എന്റെ കുട്ടികളുടെ ജീവിതത്തിലേക്കു വ്യാപിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ താങ്കള്‍ക്കു വോട്ടു ചെയ്തിട്ടില്ല, ഞാന്‍ ചെയ്തതു തെറ്റാണ്.” അദ്ദേഹത്തിന്റെ കണ്ണുനീരും കുറ്റസമ്മതവും ശുശ്രൂഷകനെയും കണ്ണീരണിയിക്കുകയും അദ്ദേഹം ക്ഷമിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുശേഷം, ദൈവം തന്റെ ഹൃദയത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നതിനെക്കുറിച്ചുള്ള ആ മനുഷ്യന്റെ സാക്ഷ്യം കേട്ടപ്പോള്‍ സഭ മുഴുവന്‍ സന്തോഷിച്ചു.
യേശുവിന്റെ ശിഷ്യനും ആദ്യകാല സഭയിലെ ഒരു പ്രധാന നേതാവുമായിരുന്ന പത്രൊസിനെപ്പോലും തിരുത്തേണ്ടിവന്നത് യെഹൂദേതര ജനതയെക്കുറിച്ചുള്ള തെറ്റായ ധാരണകളായിരുന്നു. വിജാതീയരോടൊപ്പം ഭക്ഷണം കഴിക്കുന്നതും (അശുദ്ധരെന്നു കരുതപ്പെട്ടിരുന്നവര്‍) സാമൂഹികവും മതപരവുമായ മാനദണ്ഡങ്ങളുടെ ലംഘനമായിരുന്നു. പത്രൊസ് പറഞ്ഞു, ”അന്യജാതിക്കാരന്റെ അടുക്കല്‍ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങള്‍ അറിയുന്നുവല്ലോ” (പ്രവൃ. 10:28). ”ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്ന് പറയരുത്” എന്നവനെ ബോധ്യപ്പെടുത്താന്‍ (വാ. 28) ദൈവത്തിന്റെ അമാനുഷിക പ്രവര്‍ത്തനം വേണ്ടിവന്നു (വാ. 9-23).
തിരുവെഴുത്തുകളുടെ പ്രസംഗം, ആത്മാവിന്റെ ബോധ്യപ്പെടുത്തല്‍, ജീവിതാനുഭവങ്ങള്‍ എന്നിവയിലൂടെ മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ദൈവം മനുഷ്യഹൃദയങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ”ദൈവത്തിനു മുഖപക്ഷമില്ല” (വാ. 34) എന്നു മനസ്സിലാക്കാന്‍ അവിടുന്നു നമ്മെ സഹായിക്കുന്നു.
ദൈവത്തിനു മുഖപക്ഷമില്ല എന്നു മനസ്സിലാക്കുന്നതിനു നിങ്ങളെ സഹായിക്കാന്‍ ദൈവം എന്ത് അനുഭവങ്ങളെ അല്ലെങ്കില്‍ ആളുകളെയാണ് ഉപയോഗിച്ചിട്ടുള്ളത്? എല്ലാ ആളുകളെയും അവിടുന്നു സ്വീകരിക്കുന്നു എന്നതിനു നേരെ നിങ്ങളെ അന്ധരാക്കുന്ന, നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങള്‍ എന്തെല്ലാമാണ്?
പ്രിയ ദൈവമേ, എന്റെ ഹൃദയത്തെ പരിശോധിച്ചു ഞാന്‍ മാറ്റം വരുത്തേണ്ട ഇടം എനിക്കു കാണിച്ചുതരണമേ.