ഇംഗ്ലീഷ് സംഗീത ആല്‍ബമായ ദി ഗ്രേറ്റസ്റ്റ് ഷോമാനിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഗാനങ്ങളിലൊന്ന് ആലപിക്കപ്പെട്ടത്, താന്‍ കുടുംബത്തെയും സുഹൃത്തുക്കളെയും മുറിപ്പെടുത്തി എന്നു പ്രധാന കഥാപാത്രം വേദനാപൂര്‍വ്വം മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ്. തിരികെ വീട്ടിലേക്കു വന്ന്, നമുക്കു ലഭ്യമായതെല്ലാം ആവശ്യത്തിലധികമാണെന്നു കണ്ടെത്തുന്നതിന്റെ സന്തോഷമാണ് ഗാനം ആഘോഷിക്കുന്നത്.
ഹോശേയയുടെ പുസ്തകം സമാനമായ സ്വരത്തിലാണ് അവസാനിക്കുന്നത് – ദൈവം തന്നിലേക്കു മടങ്ങിവരുന്നവര്‍ക്കു നല്കുന്ന പുനഃസ്ഥാപനത്തിലുള്ള നിര്‍ന്നിമേഷമായ സന്തോഷവും നന്ദിയും. ദൈവവും തന്റെ ജനവും തമ്മിലുള്ള ബന്ധത്തെ അവിശ്വസ്ത പങ്കാളിയുമായുള്ള പ്രവാചകന്റെ ബന്ധത്തോടു താരതമ്യപ്പെടുത്തുന്ന പുസ്തകത്തിന്റെ ഭൂരിഭാഗവും, തന്നെ സ്നേഹിക്കുന്നതിലും തനിക്കുവേണ്ടി ജീവിക്കുന്നതിലുമുള്ള യിസ്രായേലിന്റെ പരാജയത്തെ ഓര്‍ത്തു ദുഃഖിക്കുന്ന ദൈവത്തെ അവതരിപ്പിക്കുന്നു.
എന്നാല്‍ 14-ാം അധ്യായത്തില്‍, തങ്ങള്‍ ദൈവത്തെ ഉപേക്ഷിച്ചുകളഞ്ഞ വഴികളെക്കുറിച്ചു ഹൃദയം തകര്‍ന്നു മടങ്ങിവരുന്നവര്‍ക്കായി സൗജന്യമായി ലഭ്യമാകുന്ന ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹം, കൃപ, പുനഃസ്ഥാപനം എന്നിവയുടെ വാഗ്ദത്തം ഹോശേയ ഉയര്‍ത്തിക്കാണിക്കുന്നു (വാ. 1-3). ”ഞാന്‍ അവരുടെ പിന്മാറ്റത്തെ ചികിത്സിച്ചു സൗഖ്യമാക്കും; … ഞാന്‍ അവരെ ഔദാര്യമായി സ്നേഹിക്കും” (വാ. 4). നന്നാക്കാന്‍ കഴിയാതെവണ്ണം തകര്‍ന്നതായി തോന്നിയത്, ഒരിക്കല്‍ കൂടി സമ്പൂര്‍ണ്ണതയും സമൃദ്ധിയും കണ്ടെത്തും, കാരണം ദൈവകൃപ, മഞ്ഞുപോലെ, തന്റെ ജനത്തെ ”തളിര്‍ക്കുവാന്‍” സഹായിക്കുകയും അവര്‍ ”ധാന്യം വിളയിക്കുകയും” ചെയ്യും (വാ. 5-7).
നാം മറ്റുള്ളവരെ വേദനിപ്പിക്കുമ്പോഴോ നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ നന്മയെ നിസ്സാരമായി കാണുമ്പോഴോ, നമുക്കു ലഭിച്ച നല്ല ദാനങ്ങളെ നാം എന്നെന്നേക്കുമായി നശിപ്പിച്ചുവെന്നു കരുതുക എളുപ്പമാണ്. എന്നാല്‍ നാം താഴ്മയോടെ ദൈവത്തിങ്കലേക്കു തിരിയുമ്പോള്‍, അവിടുത്തെ സ്നേഹം എല്ലായ്പ്പോഴും നമ്മെ ആലിംഗനം ചെയ്യുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമായി നമ്മിലേക്കെത്തുന്നു.
സാധ്യമാകുമെന്നു തോന്നിയതിലും അപ്പുറത്തുള്ള പുനഃസ്ഥാപനം നിങ്ങള്‍ എപ്പോഴാണ് അനുഭവിച്ചിട്ടുള്ളത് അല്ലെങ്കില്‍ കണ്ടിട്ടുള്ളത്? സൗഖ്യത്തിനും പുനഃസ്ഥാപനത്തിനുമുള്ള ദൈവത്തിന്റെ വാഗ്ദത്തത്തെക്കുറിച്ച് നിങ്ങളുടെ ജീവിതത്തിന്റെ ഏതു മേഖലകളിലാണു നിങ്ങള്‍ക്ക് ഉറപ്പ് ആവശ്യമായിരിക്കുന്നത്?
സ്നേഹവാനായ ദൈവവും ജീവന്റെ സ്രഷ്ടാവും ആയുള്ളോവേ, - ഞാന്‍ നല്ലവനായിരിക്കുമ്പോള് മാത്രമല്ല, എപ്പോഴും - അങ്ങയുടെ നന്മയില് ആശ്രയിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ.