എക്കാലത്തെയും ഏറ്റവും മികച്ചതെന്ന് അവര്‍ കരുതുന്ന ഇരുപതു സിംഫണികള്‍ തിരഞ്ഞെടുക്കാന്‍ ലോകത്തിലെ ഏറ്റവും മികച്ച നൂറ്റിയമ്പത്തിയൊന്നു സംഗീതജ്ഞരോട് ഒരു പ്രമുഖ ഇംഗ്ലീഷ് മാഗസിന്‍ ആവശ്യപ്പെട്ടപ്പോള്‍, ബീഥോവന്റെ രചനകളാണ് ഒന്നാം സ്ഥാനത്തു വന്നത്. ”വീരോചിതം”  എന്നര്‍ത്ഥം വരുന്ന രചന, ലോകമെമ്പാടും രാഷ്ട്രീയ അസ്വസ്ഥതകള്‍ നിലനില്ക്കുന്നതിനിടയിലാണ് എഴുതപ്പെട്ടത്. അതിലെല്ലാമുപരി, ബീഥോവന്റെ കേഴ്‌വിശക്തി ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരുന്നതിനെത്തുടര്‍ന്നുണ്ടായ സ്വന്തം പോരാട്ടത്തില്‍ നിന്നുമാണ് ഇതു പുറത്തുവന്നത്. വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍ മനുഷ്യനായിരിക്കുന്നതും ജീവനോടിരിക്കുന്നതും കൊണ്ടര്‍ത്ഥമാക്കുന്നതെന്താണെന്ന് പ്രകടിപ്പിക്കുന്ന വികാരത്തിന്റെ തീവ്രമായ ചാഞ്ചാട്ടത്തെയാണ് സംഗീതം വെളിവാക്കുന്നത്. സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും വന്യമായ ചാഞ്ചാട്ടത്തിലൂടെയും തുടര്‍ന്നുള്ള വിജയത്തിലൂടെയും ബീഥോവന്റെ മൂന്നാം സിംഫണി, മനുഷ്യാത്മാവിനുള്ള കാലാതീതമായ ശ്രദ്ധാഞ്ജലിയായി കണക്കാക്കപ്പെടുന്നു.

കൊരിന്ത്യര്‍ക്കുള്ള പൗലൊസിന്റെ ആദ്യ ലേഖനം, സമാനമായ കാരണങ്ങളാല്‍ നമ്മുടെ ശ്രദ്ധയര്‍ഹിക്കുന്നു. സംഗീത സ്‌കോറുകളെക്കാള്‍ വ്യത്യസ്തമായി പ്രചോദനാത്മകമായ വാക്കുകളിലൂടെ, അത് അനുഗ്രഹത്തില്‍ ഉച്ചസ്ഥായിയിലാകുകയും (1:4-9), ആത്മാവിനെ തകര്‍ക്കുന്ന സംഘര്‍ഷത്തിന്റെ സങ്കടത്തില്‍ താഴുകയും ചെയ്യുന്നു (11:17-22), ഒപ്പം പരസ്പര നന്മയ്ക്കും ദൈവത്തിന്റെ മഹത്വത്തിനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന വരലബ്ധരായ ആളുകളുടെ ഐക്യത്തില്‍ വീണ്ടും ഉയരുകയും ചെയ്യുന്നു (12:6-7).

ദൈവാത്മാവിനുള്ള ആദരവായി നമ്മുടെ ആത്മാവിന്റെ വിജയത്തെ ഇവിടെ നാം കാണുന്നു എന്നതാണ് വ്യത്യാസം. ക്രിസ്തുവിന്റെ വിവരണാതീതമായ സ്‌നേഹം ഒരുമിച്ചനുഭവിക്കാന്‍ പൗലൊസ് നമ്മോട് ആവശ്യപ്പെടുന്നതോടൊപ്പം, നമ്മുടെ പിതാവിനാല്‍ വിളിക്കപ്പെട്ടവരും തന്റെ പുത്രനാല്‍ നയിക്കപ്പെട്ടവരും തന്റെ ആത്മാവിനാല്‍ പ്രചോദിപ്പിക്കപ്പെട്ടവരുമായി നമ്മെത്തന്നെ കാണാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു – ഇതു ശബ്ദമുണ്ടാക്കുന്നതിനുവേണ്ടിയല്ല, ഏറ്റവും വലിയ സിംഫണിയിലേക്കുള്ള നമ്മുടെ ഓരോരുത്തരുടെയും സംഭാവന നല്‍കുന്നതിനുവേണ്ടിയാണ്.