2015 ല്‍, ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും കാറ്റിലും വലിയ നാശനഷ്ടങ്ങളുണ്ടാകുകയും അനേകരെ അതു ബാധിക്കുകയും ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായിരുന്നു അത്. തന്റെ മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുമായി അയാള്‍ വീട്ടില്‍ കഴിഞ്ഞെങ്കിലും വെള്ളം ഉയര്‍ന്നതോടെ അവിടം വിടേണ്ടതാവശ്യമായി വന്നു. അയാള്‍ അന്ധനായിരുന്നുവെങ്കിലും എങ്ങനെയെങ്കിലും കുഞ്ഞിനെ രക്ഷിക്കേണ്ടതാവശ്യമായിരുന്നു. ഒടുവില്‍ അയാള്‍ കുഞ്ഞിനെ തോളില്‍ കിടത്തി കഴുത്തോളം ആഴമുള്ള വെള്ളത്തിലേക്കു കാലെടുത്തുവച്ചു, അവനെ സുരക്ഷിത സ്ഥാനത്തെത്തിച്ചു.
ഒരു വലിയ പ്രതിസന്ധി നേരിടുന്ന ഒരു ഭൗമിക പിതാവ്, തന്റെ മകനെ സഹായിക്കാന്‍ ഉത്ക്കണ്ഠയുള്ളവനായെങ്കില്‍, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് തന്റെ മക്കളെക്കുറിച്ച് എത്രമാത്രം ശ്രദ്ധാലുവാണെന്നു ചിന്തിക്കുക. പഴയ നിയമത്തില്‍, വിശ്വാസത്തെ തകര്‍ക്കുംവിധമുള്ള അനുഭവങ്ങള്‍ ഉണ്ടായപ്പോഴും ദൈവം തന്റെ ജനത്തെ വഹിച്ചതെങ്ങനെയെന്ന് മോശെ ഓര്‍മ്മിപ്പിച്ചു. ദൈവം എങ്ങനെ അവരെ വിടുവിച്ചുവെന്നും, മരുഭൂമിയില്‍ ഭക്ഷണവും വെള്ളവും നല്‍കിയെന്നും അവരുടെ ശത്രുക്കളോടു യുദ്ധം ചെയ്തുവെന്നും, മേഘസ്തംഭത്തിലും അഗ്നിസ്തംഭത്തിലും എങ്ങനെ യിസ്രായേല്യരെ വഴിനടത്തിയെന്നും മോശെ അവരെ ഓര്‍മ്മിപ്പിച്ചു. ദൈവം അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച പല വഴികളെക്കുറിച്ചു ധ്യാനിച്ചുകൊണ്ടു മോശെ പറഞ്ഞു, ”ഒരു മനുഷ്യന് തന്റെ മകനെ വഹിക്കുന്നതുപോലെ … നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്നു നിങ്ങള്‍ കണ്ടുവല്ലോ” (ആവര്‍ത്തനം 1:31).
മരുഭൂമിയിലൂടെയുള്ള യിസ്രായേല്യരുടെ യാത്ര എളുപ്പമായിരുന്നില്ല, ചില സമയങ്ങളില്‍ അവരുടെ വിശ്വാസം ക്ഷയിച്ചുപോയി. എങ്കിലും അതില്‍ ദൈവത്തിന്റെ സംരക്ഷണത്തിന്റെയും കരുതലിന്റെയും തെളിവുകള്‍ നിറഞ്ഞിരുന്നു. ദൈവം യിസ്രായേലിനെ എങ്ങനെ പരിപാലിച്ചു എന്നതിന്റെ അത്ഭുതകരമായ ചിത്രമാണ് ഒരു പിതാവു മകനെ വഹിക്കുന്നത് – ആര്‍ദ്രതയോടെ, ധൈര്യത്തോടെ, ആത്മവിശ്വാസത്തോടെ. നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോഴും, അവയുടെ നടുവിലും ദൈവം നമ്മെ വഹിക്കുന്നുണ്ടെന്ന് നമുക്കോര്‍മ്മിക്കാം.
നിങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്റെ കരുതലും സംരക്ഷണവും ഏതു വിധത്തിലാണു നിങ്ങള്‍ കണ്ടിട്ടുള്ളത്? ദൈവം നിങ്ങളെ ആര്‍ദ്രതയോടെയും ആത്മവിശ്വാസത്തോടെയും വഹിക്കുന്നുവെന്ന് അറിയുന്നത് പ്രതിസന്ധികളെ നേരിടാന്‍ നിങ്ങളെ എങ്ങനെ സഹായിക്കും?
സ്നേഹവാനായ ദൈവമേ, എനിക്ക് അങ്ങനെ അനുഭവപ്പെടാത്തപ്പോള്‍ പോലും, അങ്ങ് എന്നെ വഹിക്കുന്നുവെന്ന് ഓര്‍മ്മിക്കാന്‍ എന്നെ സഹായിക്കണമേ. അങ്ങയുടെ ശക്തിക്കും അനുകമ്പയ്ക്കും നന്ദി പറയുന്നു.