”ഉടനെ വരൂ. ഞങ്ങൾ ഒരു മഞ്ഞുകട്ടയെ ഇടിച്ചു.” 1912 ഏപ്രിൽ 15 ന് പുലർച്ചെ 12:25 ന് ആർഎംഎസ് കാർപ്പാത്തിയയിലെ വയർലെസ് ഓപ്പറേറ്റർ ഹാരോൾഡ് കോട്ടാമിന് മുങ്ങിക്കൊണ്ടിരുന്ന ടൈറ്റാനിക്കിൽനിന്നു ലഭിച്ച ആദ്യ വയർലെസ് സന്ദേശമായിരുന്നു അത്. അപകട സ്ഥലത്തേക്ക് ആദ്യം പാഞ്ഞെത്തിയ കപ്പൽ കാർപ്പാത്തിയ ആയിരുന്നു. 706 പേരെ അവർ രക്ഷപ്പെടുത്തി.
ദിവസങ്ങൾക്കു ശേഷം യുഎസ് സെനറ്റ് നടത്തിയ വിചാരണയിൽ കാർപ്പാത്തിയയുടെ ക്യാപ്റ്റൻ ആർതർ റോസ്ട്രോൻ ഇങ്ങനെ സാക്ഷ്യപ്പെടുത്തി,”ഈ സംഗതികളെല്ലാം തികച്ചും ദൈവിക കരുതലായിരുന്നു. . . . വയർലെസ് ഓപ്പറേറ്റർ ആ സമയത്ത് തന്റെ ക്യാബിനിലായിരുന്നു, ഔദ്യോഗിക ജോലിയിലായിരുന്നില്ല. അദ്ദേഹം വസ്ത്രം മാറിക്കൊണ്ടിരിക്കുകയായിരുന്നു. . . . പത്ത് മിനിറ്റിനുള്ളിൽ അദ്ദേഹം ഉറക്കത്തിലാകുമായിരുന്നു, എങ്കിൽ ഞങ്ങൾ സന്ദേശം കേൾക്കുമായിരുന്നില്ല.”
കേൾക്കുന്നതു പ്രധാനമാണ്, പ്രത്യേകിച്ച് ദൈവത്തെ കേൾക്കുന്നത്. 85-ാമത്തെ സങ്കീർത്തനത്തിന്റെ എഴുത്തുകാരായ കോരഹ്പുത്രന്മാർ, ”യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും; അവർ ഭോഷത്തത്തിലേക്കു വീണ്ടും തിരിയാതിരിക്കേണ്ടതിന് അവൻ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും. തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് അവന്റെ രക്ഷ അവന്റെ ഭക്തന്മാരോട് അടുത്തിരിക്കുന്നു നിശ്ചയം” (വാ. 8-9) എന്നെഴുതിയപ്പോൾ ശ്രദ്ധാപൂർവ്വം അനുസരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഊന്നിപ്പറഞ്ഞത്. അവരുടെ ഉദ്ബോധനം പ്രത്യേകിച്ചും ശ്രദ്ധേയമാണ്, കാരണം അവരുടെ പൂർവ്വികനായ കോരഹ് ദൈവത്തിനെതിരെ മത്സരിക്കുകയും മരുഭൂമിയിൽവെച്ചു നശിക്കുകയും ചെയ്തിരുന്നു (സംഖ്യാപുസ്തകം 16:1-35).
ടൈറ്റാനിക് മുങ്ങിയ രാത്രിയിൽ മറ്റൊരു കപ്പൽ കുറെക്കൂടി അടുത്തുണ്ടായിരുന്നു, പക്ഷേ അതിന്റെ വയർലെസ് ഓപ്പറേറ്റർ ഉറങ്ങാൻ കിടന്നിരുന്നു. രക്ഷാസന്ദേശം അയാൾ കേട്ടിരുന്നെങ്കിൽ ഒരുപക്ഷേ കൂടുതൽ പേരെ രക്ഷിക്കാമായിരുന്നു. ദൈവത്തിന്റെ ഉപദേശങ്ങൾ അനുസരിക്കുന്നതിലൂടെ നാം അവനെ ശ്രവിക്കുമ്പോൾ, ജീവിതത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ സമുദ്രത്തിൽ പോലും സഞ്ചരിക്കാൻ അവിടുന്ന് നമ്മെ സഹായിക്കും.
ഏത് വിധത്തിലാണ് നിങ്ങൾ ഇന്ന് ദൈവശബ്ദത്തെയും തിരുവെഴുത്തുകളെയും ശ്രവിക്കുന്നത്? അങ്ങനെ ചെയ്യുന്നത് മറ്റുള്ളവരെ സഹായിക്കാൻ നിങ്ങളെ എങ്ങനെ സഹായിക്കും?
പിതാവേ, എന്റെ ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും അങ്ങയോടു കൂടുതൽ അടുത്തിരിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ പ്രത്യാശ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് ദയവായി എന്നെ അങ്ങയുടെ ദാസനായി ഉപയോഗിക്കണമേ.