മഹാമാരിക്കാലത്തെ ലോക്ക്ഡൗണിന്റെ സമയത്ത്, ജെറി തന്റെ ഫിറ്റ്നസ് സെന്റർ അടയ്ക്കാൻ നിർബന്ധിതനാകുകയും മാസങ്ങളോളം വരുമാനമില്ലാതെ കഴിയേണ്ടിവരികയും ചെയ്തു. വൈകുന്നേരം 6 മണിക്ക് തന്റെ ഒരു സുഹൃത്തിനെ ചെന്നു കാണാൻ ആവശ്യപ്പെടുന്ന ഒരു സന്ദേശം, ഒരു ദിവസം അദ്ദേഹത്തിനു ലഭിച്ചു. എന്തിനാണെന്ന് ജെറിക്ക് നിശ്ചയമില്ലായിരുന്നു, എങ്കിലും അവിടെയെത്തി. താമസിയാതെ പാർക്കിംഗ് സ്ഥലത്തേക്കു കാറുകൾ വരാൻ തുടങ്ങി. ആദ്യത്തെ കാറിലെ ഡ്രൈവർ കെട്ടിടത്തിനടുത്തുള്ള നടപ്പാതയിൽ ഒരു ബാസ്ക്കറ്റ് വെച്ചു. പിന്നാലെ ഒന്നിനു പുറകെ ഒന്നായി കാറുകൾ വന്നു (ഏകദേശം അമ്പതെണ്ണം). കാറിലിരുന്നവർ കൈവീശിയും ”ഹലോ” പറഞ്ഞും ജെറിയെ അഭിവാദ്യം ചെയ്യുകയും ബാസ്കറ്റിൽ സാധനങ്ങളും പണവും നിക്ഷേപിക്കുകയും ചെയ്തു. ചിലർ ത്യാഗപരമായിട്ടാണ് പണം നൽകിയത്; എല്ലാവരും അവനെ പ്രോത്സാഹിപ്പിക്കാൻ തങ്ങളുടെ സമയം ചിലവഴിച്ചു.
അപ്പൊസ്തലനായ പൗലൊസിന്റെ അഭിപ്രായത്തിൽ, സ്നേഹത്തിന്റെ യഥാർത്ഥ സ്വഭാവം ത്യാഗപൂർണ്ണമാണ്. അപ്പൊസ്തലന്മാരുടെയും മറ്റുള്ളവരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മക്കദോന്യക്കാർ ”പ്രാപ്തി പോലെയും പ്രാപ്തിക്കു മീതെയും” നൽകിയതായി പൗലൊസ് കൊരിന്ത്യരോട് വിശദീകരിച്ചു (2 കൊരിന്ത്യർ 8:4). പൗലൊസിനും ദൈവജനത്തിനും ദാനം ചെയ്യാനുള്ള അവസരത്തിനായി അവർ പൗലൊസിനോട് ”അപേക്ഷിക്കുകപോലും” ചെയ്തു. യേശുവിന്റെ ത്യാഗ ഹൃദയമായിരുന്നു അവരുടെ ദാനത്തിന്റെ അടിസ്ഥാനം. ഒരു ദാസനായി ഭൂമിയിലേക്കു വരാനും തന്റെ ജീവൻ നൽകാനും അവൻ സ്വർഗ്ഗത്തിലെ സമ്പത്ത് ഉപേക്ഷിച്ചു. ”യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും … നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്നു” (വാ. 9).
മറ്റുള്ളവരുടെ ആവശ്യങ്ങൾ സ്നേഹപൂർവ്വം നിറവേറ്റുന്നതിനായി ”ഈ ധർമ്മകാര്യത്തിലും മുന്തിവരുവാൻ” നമുക്കും ദൈവത്തോട് അപേക്ഷിക്കാം.
ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിൽ ത്യാഗപരമായ സേവനം അല്ലെങ്കിൽ ദാനം ചെയ്യൽ എങ്ങനെയായിരിക്കും അനുയോജ്യമാകുക? നിങ്ങളുടെ പ്രോത്സാഹനം ആവശ്യമായിരിക്കുന്നത് ആർക്കാണ്?
സ്നേഹവാനായ ദൈവമേ, അങ്ങു വളരെ നല്ലവനാണ്. അങ്ങയുടെ ശക്തിയിലും വിവേകത്തിലും അങ്ങേയ്ക്കായി മറ്റുള്ളവരെ അനുഗ്രഹിക്കാൻ എനിക്ക് അവസരങ്ങൾ നൽകണമേ.