ശക്തമായ വിശ്വാസവും പ്രാർത്ഥനയും ഉള്ള ഒരാളായിട്ടാണ് എന്റെ കുടുംബം എന്റെ മുത്തച്ഛനെ ഓർമ്മിക്കുന്നത്. എന്നാൽ എല്ലായ്പ്പോഴും അതങ്ങനെയായിരുന്നില്ല. ”ഭക്ഷണം കഴിക്കുന്നതിനു മുമ്പ് നാം ദൈവത്തിന് നന്ദി പറയാൻ തുടങ്ങുകയാണ്” തന്റെ പിതാവ് കുടുംബത്തോട് ആദ്യമായി അറിയിച്ചത് എന്റെ അമ്മായി ഓർമ്മിക്കുന്നു. അദ്ദേഹത്തിന്റെ ആദ്യ പ്രാർത്ഥന വാഗ്ചാതുര്യമുള്ളതായിരുന്നില്ല. പക്ഷേ മുത്തച്ഛൻ ഓരോ ദിവസവും പലപ്രാവശ്യം പ്രാർത്ഥിച്ചുകൊണ്ട് അടുത്ത അമ്പതു വർഷക്കാലം പ്രാർത്ഥനാ പരിശീലനം തുടർന്നു. അദ്ദേഹം മരിച്ചപ്പോൾ, എന്റെ ഭർത്താവ് എന്റെ മുത്തശ്ശിക്ക് ”പ്രാർത്ഥാ കരങ്ങളുടെ” ഒരു ചിത്രം നൽകിയിട്ടു പറഞ്ഞു, ”മുത്തച്ഛൻ ഒരു പ്രാർത്ഥനാ മനുഷ്യനായിരുന്നു.” ദൈവത്തെ അനുഗമിക്കാനും അവനുമായി ദിവസവും സംസാരിക്കാനുമുള്ള മുത്തച്ഛന്റെ തീരുമാനം അദ്ദേഹത്തെ ക്രിസ്തുവിന്റെ ഒരു വിശ്വസ്ത ദാസനാക്കി മാറ്റി.
പ്രാർത്ഥനയെക്കുറിച്ച് ബൈബിളിന് ധാരാളം കാര്യങ്ങൾ പറയാനുണ്ട്. മത്തായി 6:9-13 ൽ, യേശു തന്റെ ശിഷ്യന്മാർക്ക് പ്രാർത്ഥനയ്ക്കുള്ള ഒരു മാതൃക നൽകി, ദൈവം ആരാണെന്നതിന് അവിടുത്തെ ആത്മാർത്ഥമായി സ്തുതിച്ചുകൊണ്ട് അവിടുത്തെ സമീപിക്കാൻ അവരെ പഠിപ്പിച്ചു. നമ്മുടെ അപേക്ഷകൾ ദൈവത്തിങ്കലേക്കു കൊണ്ടുവരുമ്പോൾ, ”നമ്മുടെ പ്രതിദിന ആഹാരം” നൽകുമെന്ന് നാം അവനെ വിശ്വസിക്കണം (വാ. 11). നമ്മുടെ പാപങ്ങൾ ഏറ്റുപറയുമ്പോൾ, നാം അവനോട് പാപമോചനവും പരീക്ഷകളെ ഒഴിവാക്കാനുള്ള സഹായവും ചോദിക്കുന്നു (വാ. 12-13).
എന്നാൽ ”കർത്താവിന്റെ പ്രാർത്ഥന” പ്രാർത്ഥിക്കുന്നതിൽ മാത്രം നാം പരിമിതപ്പെടുന്നില്ല. ”ഏതു നേരത്തും” ”സകല പ്രാർത്ഥനയാലും” പ്രാർത്ഥിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത് (എഫെസ്യർ 6:18). നമ്മുടെ ആത്മീയ വളർച്ചയ്ക്ക് പ്രാർത്ഥന വളരെ പ്രധാനമാണ്, കൂടാതെ എല്ലാ ദിവസവും അവനുമായി നിരന്തരം സംസാരിക്കാൻ ഇത് അവസരം നൽകുന്നു (1 തെസ്സലൊനീക്യർ 5:17-18).
ദൈവവുമായി സംസാരിക്കാൻ കൊതിക്കുന്ന എളിയ ഹൃദയങ്ങളോടെ നാം അവിടുത്തെ സമീപിക്കുമ്പോൾ, അവിടുത്തെ നന്നായി അറിയാനും സ്നേഹിക്കാനും അവിടുന്ന് നമ്മെ സഹായിക്കട്ടെ.
യാതൊരു വാഗ്ചാതുര്യവും ഇല്ലാത്തതെങ്കിലും തന്റെ മക്കളുടെ എളിയ പ്രാർത്ഥനകളെ ദൈവം എങ്ങനെയാണ് കാണുന്നത്? പ്രാർത്ഥനയെ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
സ്വർഗ്ഗീയ പിതാവേ, പ്രാർത്ഥന എന്ന അനുഗ്രഹത്തിനായി എന്റെ ഹൃദയം അങ്ങയെ സ്തുതിക്കുന്നു. ഞാൻ അങ്ങയെ വിളിക്കുമ്പോഴെല്ലാം അങ്ങെന്നെ സ്നേഹപൂർവ്വം സ്വീകരിക്കുന്നതിനു നന്ദി.
പ്രാർത്ഥനയെക്കുറിച്ചുള്ള നിങ്ങളുടെ അറിവിനെ കൂടുതൽ ആഴമുള്ളതാക്കാൻ, ChristianUniverstiy.org/understandingprayer സന്ദർശിക്കുക.