ഞാനും എന്റെ സഹപാഠികളും സർവ്വകലാശാലയിൽ വല്ലപ്പോഴുമൊക്കെ നടക്കുന്ന പ്രഭാഷണങ്ങൾ ഒഴിവാക്കാറുണ്ടെങ്കിലും, വർഷാവസാന പരീക്ഷകൾക്ക് ഒരാഴ്ച മുമ്പു നടക്കുന്ന പ്രൊഫസർ ക്രിസിന്റെ പ്രഭാഷണത്തിൽ പങ്കെടുക്കാൻ എല്ലാവരും എപ്പോഴും ശ്രദ്ധിച്ചിരുന്നു. അപ്പോഴാണ് അദ്ദേഹം തയ്യാറാക്കിയ പരീക്ഷാ ചോദ്യങ്ങളെക്കുറിച്ചുള്ള വലിയ സൂചനകൾ നൽകുന്നത്.
ഞങ്ങൾ നന്നായി പഠിക്കണമെന്ന് പ്രൊഫസർ ക്രിസ് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നതുവരെ അദ്ദേഹം എന്തിനാണ് അങ്ങനെ ചെയ്തിരുന്നതെന്ന് ഞാൻ എപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് ഉയർന്ന മാനദണ്ഡങ്ങളുണ്ടായിരുന്നു, എങ്കിലും അവ പാലിക്കാൻ അദ്ദേഹം ഞങ്ങളെ സഹായിക്കുകയായിരുന്നു. ശരിയായി തയ്യാറെടുക്കുന്നതിന് ഞങ്ങൾ ചെയ്യേണ്ടത് പ്രഭാഷണത്തിൽ പങ്കെടുക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക എന്നതായിരുന്നു.
ദൈവവും അങ്ങനെയാണെന്ന് അതെന്നെ ബോധ്യപ്പെടുത്തി. ദൈവത്തിന് തന്റെ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല, എന്നാൽ നാമും തന്നെപ്പോലെ തന്നെ ആയിരിക്കണമെന്ന് അവൻ അഗാധമായി ആഗ്രഹിക്കുന്നതിനാൽ, ആ മാനദണ്ഡങ്ങൾ പാലിക്കാൻ നമ്മെ സഹായിക്കുന്നതിന് പരിശുദ്ധാത്മാവിനെ നമുക്കു നൽകി.
യിരെമ്യാവ് 3:11-14 ൽ, അവിശ്വസ്തരായ യിസ്രായേലിനോട് അവരുടെ കുറ്റം സമ്മതിച്ച് അവങ്കലേക്ക് മടങ്ങിവരാൻ ദൈവം ആവശ്യപ്പെട്ടു. എന്നാൽ അവർ എത്രമാത്രം ശാഠ്യക്കാരും ബലഹീനരുമാണ് എന്നറിയുന്നതിനാൽ അവൻ അവരെ സഹായിക്കും. അവരുടെ വിശ്വാസത്യാഗ വഴികളെ സൗഖ്യമാക്കുമെന്ന് അവൻ വാഗ്ദത്തം ചെയ്തു (വാ. 22), അവരെ പഠിപ്പിക്കാനും നയിക്കാനും അവൻ ഇടയന്മാരെ അയച്ചു (വാ. 15).
നാം എത്ര വലിയ പാപത്തിൽ കുടുങ്ങിയാലും അല്ലെങ്കിൽ നാം ദൈവത്തിൽ നിന്ന് എത്ര ദൂരം അകന്നാലും നമ്മുടെ വിശ്വാസത്യാഗത്തെ സുഖപ്പെടുത്താൻ അവൻ തയ്യാറാണെന്ന് അറിയുന്നത് എത്ര ആശ്വാസകരമാണ്! നാം ചെയ്യേണ്ടത് നമ്മുടെ തെറ്റായ വഴികൾ അംഗീകരിക്കുകയും അവന്റെ പരിശുദ്ധാത്മാവിനെ നമ്മുടെ ഹൃദയങ്ങളിൽ മാറ്റം വരുത്താൻ അനുവദിക്കുകയും ചെയ്യുക എന്നതാണ്.
വിശ്വസ്തതയോടെയും അനുസരണത്തോടെയും ദൈവത്തെ അനുഗമിക്കുന്നതിൽ നിങ്ങൾ എവിടെയാണ് പോരാട്ടം അനുഭവിക്കുന്നത്? നിങ്ങളെ സുഖപ്പെടുത്താനും സഹായിക്കാനും നിങ്ങൾക്ക് എങ്ങനെ ദൈവത്തോട് അപേക്ഷിക്കാനാകും?
സ്നേഹവാനായ ദൈവമേ, അങ്ങയെപ്പോലെ വിശുദ്ധനായിരിക്കുവാൻ എന്നെ പ്രാപ്തമാക്കുന്ന അങ്ങയുടെ കരുണയ്ക്കും സ്നേഹത്തിനും വേണ്ടി അങ്ങേയ്ക്കു നന്ദി പറയുന്നു. എന്റെ അവിശ്വാസത്തിൽ നിന്ന് എന്നെ സുഖപ്പെടുത്താനും എന്റെ ഹൃദയത്തെ പരിവർത്തനം ചെയ്യാനും അങ്ങയുടെ ആത്മാവിനെ അനുവദിക്കാൻ എന്നെ സഹായിക്കണമേ.
DiscoverySeries.org/Q0301 ൽ വായിക്കുക: ആത്മാവിനാൽ നിറയപ്പെടുക.