എന്റെ ഭാര്യ കാണാൻ എല്ലായ്പ്പോഴും ആഗ്രഹിക്കുന്ന ഒരു സംഗീതജ്ഞന്റെ കച്ചേരിക്കുള്ള ടിക്കറ്റുകൾ നൽകി ഞാൻ അവളെ അത്ഭുതപ്പെടുത്തി. പ്രതിഭാധനനായ ഗായകനോടൊപ്പം ഒരു സിംഫണി ഓർക്കസ്ട്രയും ഉണ്ടായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 6,000 അടിയിലധികം ഉയരത്തിൽ, 300 അടി ഉയരമുള്ള രണ്ട് പാറക്കെട്ടുകൾക്കിടയിൽ നിർമ്മിച്ച ഒരു ഓപ്പൺ എയർ ആംഫിതിയേറ്ററിലായിരുന്നു ഈ കച്ചേരി നടന്നത്. നിരവധി പ്രിയപ്പെട്ട ക്ലാസിക്കൽ ഗാനങ്ങളും നാടോടി രാഗങ്ങളും ഓർക്കസ്ട്ര അവതരിപ്പിച്ചു. ”അമേസിംഗ് ഗ്രേസ്” എന്ന ക്ലാസിക് ഗാനത്തിന്റെ പുതിയ രീതിയിലുള്ള ആവിഷ്കാരമായിരുന്നു അവരുടെ അവസാന ഇനം. മനോഹരവും ആകർഷണീയവുമായ അവതരണം ഞങ്ങളെ അമ്പരപ്പിച്ചുകളഞ്ഞു!
സ്വരച്ചേർച്ചയെ സംബന്ധിച്ച് മനോഹരമായ ഒന്നുണ്ട്—വലിയതും കൂടുതൽ അടുക്കുകൾ ഉള്ളതുമായ സംഗീത പ്രപഞ്ചം സൃഷ്ടിക്കുന്ന രീതിയിൽ ഒറ്റയൊറ്റ സംഗീതോപകരണങ്ങൾ ഒരുമിച്ചു വായിക്കുന്നതാണത്. ”ഏകമനസ്സുള്ളവരാകുവാനും” ”ഏകസ്നേഹം” ഉള്ളവരാകുവാനും ”ഐകമത്യപ്പെടുവാനും” ”ഏകഭാവമുള്ളവർ” ആയിരിക്കാനും ഫിലിപ്പിയരോട് പറഞ്ഞപ്പോൾ സ്വരച്ചേർച്ചയുടെ സൗന്ദര്യത്തെയാണ് അപ്പൊസ്തലനായ പൗലൊസ് ചൂണ്ടിക്കാണിച്ചത് (ഫിലിപ്പിയർ 2:2). ഒരുപോലെയുള്ളവർ ആയിരിക്കാനല്ല അവൻ അവരോടാവശ്യപ്പെട്ടത്, മറിച്ച് യേശുവിന്റെ താഴ്മയുള്ള മനോഭാവവും ത്യാഗപരമായ സ്നേഹവും ഉള്ളവർ ആയിരിക്കാനാണ്. പൗലൊസ് നന്നായി അറിയുകയും പഠിപ്പിക്കുകയും ചെയ്ത സുവിശേഷം, നമ്മുടെ വ്യത്യാസങ്ങളെ മായ്ച്ചുകളയുന്നില്ല, പക്ഷേ അതിന് നമ്മുടെ ഭിന്നതകളെ ഇല്ലാതാക്കാൻ കഴിയും.
ഇവിടെ പൗലൊസ് ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ ഒരു ആദ്യകാല ആരാധനാഗീതത്തിന്റെ ആദ്യവരികളാണെന്ന് പല പണ്ഡിതന്മാരും വിശ്വസിക്കുന്നു (വാ. 6-11). ഇതാണ് ശ്രദ്ധേയമായ കാര്യം: നമ്മുടെ വ്യതിരിക്തമായ ജീവിതങ്ങളിലൂടെയും സന്ദർഭങ്ങളിലൂടെയും പ്രവർത്തിക്കാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുകയും നമ്മെ യേശുവിനെപ്പോലെയാക്കുകയും ചെയ്യുമ്പോൾ, ഒരുമിച്ച് ഒരു ക്രിസ്തുതുല്യമായ എളിയ സ്നേഹത്താൽ പ്രതിധ്വനിക്കുന്ന ഒരു സിംഫണിയായി നാം മാറുന്നു.
ഇന്ന് നിങ്ങളിൽ നിന്നുള്ള കുറച്ച് പ്രോത്സാഹനം ആർക്കാണ് ഉപയോഗിക്കാൻ കഴിയുക? യേശു നമുക്കുവേണ്ടി ചെയ്തതുപോലെ മറ്റുള്ളവരുടെ താത്പര്യങ്ങൾ നിങ്ങളുടെ സ്വന്തം താല്പര്യങ്ങൾക്കു മുകളിൽ വയ്ക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
പ്രിയ യേശുവേ, എന്നെ രക്ഷിച്ചതിനു നന്ദി പറയുന്നു. അങ്ങയുടെ ആത്മാവ് എന്നെ അങ്ങയുടെ സ്വരൂപത്തിനനുസൃതമായി പരിവർത്തനം ചെയ്യട്ടെ. എന്റെ മനോഭാവത്തിലും പ്രവൃത്തിയിലും, അങ്ങയുടെ താഴ്മയും ത്യാഗപൂർണ്ണമായ സ്നേഹവും ഏറ്റെടുക്കാൻ എന്നെ സഹായിക്കണമേ. ഇത് എന്റെ ജീവിതത്തിലെ മറ്റ് വിശ്വാസികളുമായി കൂടുതൽ ഐക്യത്തിന് ഇടയാക്കട്ടെ.