യെരുശലേമിലെ ഡാൻ ഹോട്ടൽ 2020 ൽ മറ്റൊരു പേരിൽ അറിയപ്പെട്ടു—“ഹോട്ടൽ കൊറോണ.” കോവിഡ് 19 ൽ നിന്ന് മുക്തിപ്രാപിക്കുന്ന രോഗികൾക്കായി സർക്കാർ ഹോട്ടലിനെ സമർപ്പിച്ചു. പ്രതിസന്ധി കാലത്ത് സന്തോഷത്തിന്റെയും ഐക്യത്തിന്റെയും അപൂർവ്വ സ്ഥലമായി ഹോട്ടൽ അറിയപ്പെട്ടു. താമസക്കാർക്ക് ഇതിനകം തന്നെ വൈറസ് വന്നുപോയിരുന്നതിനാൽ, അവർക്ക് ഒരുമിച്ച് പാടാനും നൃത്തം ചെയ്യാനും ചിരിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. അവർ അങ്ങനെ ചെയ്തു! വ്യത്യസ്ത രാഷ്ട്രീയ, മത വിഭാഗങ്ങൾക്കിടയിൽ സംഘർഷങ്ങൾ കൂടുതലുള്ള ഒരു രാജ്യത്ത്, പങ്കിടപ്പെട്ട പ്രതിസന്ധി ആളുകൾക്ക് പരസ്പരം മനുഷ്യരായി കാണാനും — സുഹൃത്തുക്കളാകാൻ പോലും — കഴിയുന്ന ഒരു ഇടം സൃഷ്ടിച്ചു.

നമ്മുടേതിന് സമാനമായ കാര്യങ്ങൾ അനുഭവിക്കുന്നവരിലേക്ക്, നാം സംശയത്തോടെ വീക്ഷിക്കുന്ന ആളുകളിലേക്കുപോലും നാം ആകർഷിക്കപ്പെടുന്നത് സ്വാഭാവികവും സാധാരണവുമായ കാര്യമാണ്. എന്നാൽ അപ്പൊസ്തലനായ പൗലൊസ് പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുള്ളതുപോലെ, “സാധാരണം” എന്നു നാം കാണുന്ന, മനുഷ്യർ തമ്മിലുള്ള ഏതൊരു തടസ്സത്തിനും സുവിശേഷം ഒരു വെല്ലുവിളിയാണ് (2 കൊരിന്ത്യർ 5:15). സുവിശേഷത്തിന്റെ ലെൻസിലൂടെ, നമ്മുടെ വ്യത്യാസങ്ങളേക്കാൾ വലിയ ഒരു ചിത്രം നാം കാണുന്നു — പങ്കിടപ്പെട്ട തകർച്ചയും പങ്കിട്ട ആഗ്രഹവും, ദൈവസ്‌നേഹത്തിൽ രോഗസൗഖ്യം അനുഭവിക്കേണ്ടതിന്റെ ആവശ്യകതയും.

“എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചു” എന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ, മറ്റുള്ളവരെക്കുറിച്ചുള്ള ഉപരിപ്ലവമായ അനുമാനങ്ങളിൽ നമുക്ക് മേലിൽ സംതൃപ്തരാകാൻ കഴികയില്ല. പകരം, അവന്റെ സ്നേഹം പങ്കുവയ്ക്കാനും നാം നാമെല്ലാവരും സങ്കല്പിക്കുന്നതിനെക്കാൾ ഉപരിയായി ദൈവത്താൽ സ്‌നേഹിക്കപ്പെടുന്നവരോടു ചേർന്നു ദൗത്യം നിർവഹിപ്പാനും ”ക്രിസ്തുവിന്റെ സ്‌നേഹം നമ്മെ നിർബന്ധിക്കുന്നു” (വാ. 14).