ഒരു സിംഫണി പോലെ
എന്റെ ഭാര്യ കാണാൻ എല്ലായ്പ്പോഴും ആഗ്രഹിക്കുന്ന ഒരു സംഗീതജ്ഞന്റെ കച്ചേരിക്കുള്ള ടിക്കറ്റുകൾ നൽകി ഞാൻ അവളെ അത്ഭുതപ്പെടുത്തി. പ്രതിഭാധനനായ ഗായകനോടൊപ്പം ഒരു സിംഫണി ഓർക്കസ്ട്രയും ഉണ്ടായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 6,000 അടിയിലധികം ഉയരത്തിൽ, 300 അടി ഉയരമുള്ള രണ്ട് പാറക്കെട്ടുകൾക്കിടയിൽ നിർമ്മിച്ച ഒരു ഓപ്പൺ എയർ ആംഫിതിയേറ്ററിലായിരുന്നു ഈ കച്ചേരി നടന്നത്. നിരവധി പ്രിയപ്പെട്ട ക്ലാസിക്കൽ ഗാനങ്ങളും നാടോടി രാഗങ്ങളും ഓർക്കസ്ട്ര അവതരിപ്പിച്ചു. ''അമേസിംഗ് ഗ്രേസ്'' എന്ന ക്ലാസിക് ഗാനത്തിന്റെ പുതിയ രീതിയിലുള്ള ആവിഷ്കാരമായിരുന്നു അവരുടെ അവസാന ഇനം. മനോഹരവും ആകർഷണീയവുമായ അവതരണം ഞങ്ങളെ അമ്പരപ്പിച്ചുകളഞ്ഞു!
സ്വരച്ചേർച്ചയെ സംബന്ധിച്ച് മനോഹരമായ ഒന്നുണ്ട്—വലിയതും കൂടുതൽ അടുക്കുകൾ ഉള്ളതുമായ സംഗീത പ്രപഞ്ചം സൃഷ്ടിക്കുന്ന രീതിയിൽ ഒറ്റയൊറ്റ സംഗീതോപകരണങ്ങൾ ഒരുമിച്ചു വായിക്കുന്നതാണത്. ''ഏകമനസ്സുള്ളവരാകുവാനും'' ''ഏകസ്നേഹം'' ഉള്ളവരാകുവാനും ''ഐകമത്യപ്പെടുവാനും'' ''ഏകഭാവമുള്ളവർ'' ആയിരിക്കാനും ഫിലിപ്പിയരോട് പറഞ്ഞപ്പോൾ സ്വരച്ചേർച്ചയുടെ സൗന്ദര്യത്തെയാണ് അപ്പൊസ്തലനായ പൗലൊസ് ചൂണ്ടിക്കാണിച്ചത് (ഫിലിപ്പിയർ 2:2). ഒരുപോലെയുള്ളവർ ആയിരിക്കാനല്ല അവൻ അവരോടാവശ്യപ്പെട്ടത്, മറിച്ച് യേശുവിന്റെ താഴ്മയുള്ള മനോഭാവവും ത്യാഗപരമായ സ്നേഹവും ഉള്ളവർ ആയിരിക്കാനാണ്. പൗലൊസ് നന്നായി അറിയുകയും പഠിപ്പിക്കുകയും ചെയ്ത സുവിശേഷം, നമ്മുടെ വ്യത്യാസങ്ങളെ മായ്ച്ചുകളയുന്നില്ല, പക്ഷേ അതിന് നമ്മുടെ ഭിന്നതകളെ ഇല്ലാതാക്കാൻ കഴിയും.
ഇവിടെ പൗലൊസ് ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ ഒരു ആദ്യകാല ആരാധനാഗീതത്തിന്റെ ആദ്യവരികളാണെന്ന് പല പണ്ഡിതന്മാരും വിശ്വസിക്കുന്നു (വാ. 6-11). ഇതാണ് ശ്രദ്ധേയമായ കാര്യം: നമ്മുടെ വ്യതിരിക്തമായ ജീവിതങ്ങളിലൂടെയും സന്ദർഭങ്ങളിലൂടെയും പ്രവർത്തിക്കാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുകയും നമ്മെ യേശുവിനെപ്പോലെയാക്കുകയും ചെയ്യുമ്പോൾ, ഒരുമിച്ച് ഒരു ക്രിസ്തുതുല്യമായ എളിയ സ്നേഹത്താൽ പ്രതിധ്വനിക്കുന്ന ഒരു സിംഫണിയായി നാം മാറുന്നു.
ഹോട്ടൽ കൊറോണ
യെരുശലേമിലെ ഡാൻ ഹോട്ടൽ 2020 ൽ മറ്റൊരു പേരിൽ അറിയപ്പെട്ടു—“ഹോട്ടൽ കൊറോണ.” കോവിഡ് 19 ൽ നിന്ന് മുക്തിപ്രാപിക്കുന്ന രോഗികൾക്കായി സർക്കാർ ഹോട്ടലിനെ സമർപ്പിച്ചു. പ്രതിസന്ധി കാലത്ത് സന്തോഷത്തിന്റെയും ഐക്യത്തിന്റെയും അപൂർവ്വ സ്ഥലമായി ഹോട്ടൽ അറിയപ്പെട്ടു. താമസക്കാർക്ക് ഇതിനകം തന്നെ വൈറസ് വന്നുപോയിരുന്നതിനാൽ, അവർക്ക് ഒരുമിച്ച് പാടാനും നൃത്തം ചെയ്യാനും ചിരിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. അവർ അങ്ങനെ ചെയ്തു! വ്യത്യസ്ത രാഷ്ട്രീയ, മത വിഭാഗങ്ങൾക്കിടയിൽ സംഘർഷങ്ങൾ കൂടുതലുള്ള ഒരു രാജ്യത്ത്, പങ്കിടപ്പെട്ട പ്രതിസന്ധി ആളുകൾക്ക് പരസ്പരം മനുഷ്യരായി കാണാനും — സുഹൃത്തുക്കളാകാൻ പോലും — കഴിയുന്ന ഒരു ഇടം സൃഷ്ടിച്ചു.
നമ്മുടേതിന് സമാനമായ കാര്യങ്ങൾ അനുഭവിക്കുന്നവരിലേക്ക്, നാം സംശയത്തോടെ വീക്ഷിക്കുന്ന ആളുകളിലേക്കുപോലും നാം ആകർഷിക്കപ്പെടുന്നത് സ്വാഭാവികവും സാധാരണവുമായ കാര്യമാണ്. എന്നാൽ അപ്പൊസ്തലനായ പൗലൊസ് പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുള്ളതുപോലെ, “സാധാരണം” എന്നു നാം കാണുന്ന, മനുഷ്യർ തമ്മിലുള്ള ഏതൊരു തടസ്സത്തിനും സുവിശേഷം ഒരു വെല്ലുവിളിയാണ് (2 കൊരിന്ത്യർ 5:15). സുവിശേഷത്തിന്റെ ലെൻസിലൂടെ, നമ്മുടെ വ്യത്യാസങ്ങളേക്കാൾ വലിയ ഒരു ചിത്രം നാം കാണുന്നു — പങ്കിടപ്പെട്ട തകർച്ചയും പങ്കിട്ട ആഗ്രഹവും, ദൈവസ്നേഹത്തിൽ രോഗസൗഖ്യം അനുഭവിക്കേണ്ടതിന്റെ ആവശ്യകതയും.
“എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചു” എന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ, മറ്റുള്ളവരെക്കുറിച്ചുള്ള ഉപരിപ്ലവമായ അനുമാനങ്ങളിൽ നമുക്ക് മേലിൽ സംതൃപ്തരാകാൻ കഴികയില്ല. പകരം, അവന്റെ സ്നേഹം പങ്കുവയ്ക്കാനും നാം നാമെല്ലാവരും സങ്കല്പിക്കുന്നതിനെക്കാൾ ഉപരിയായി ദൈവത്താൽ സ്നേഹിക്കപ്പെടുന്നവരോടു ചേർന്നു ദൗത്യം നിർവഹിപ്പാനും ''ക്രിസ്തുവിന്റെ സ്നേഹം നമ്മെ നിർബന്ധിക്കുന്നു'' (വാ. 14).
എന്നെ അയയ്ക്കേണമേ
1890 കളുടെ അവസാനത്തിൽ സ്വീഡിഷ് മിഷനറി എറിക് ലണ്ടിന് സ്പെയിനിലേക്ക് പോകാൻ ദൈവം വിളിച്ചതായി തോന്നിയപ്പോൾ അദ്ദേഹം അത് അനുസരിച്ചു. അവിടെ വലിയ വിജയമൊന്നും കണ്ടില്ലെങ്കിലും ദൈവവിളിയെക്കുറിച്ചുള്ള തന്റെ ബോധ്യത്തിൽ അദ്ദേഹം ഉറച്ചുനിന്നു. ഒരു ദിവസം, ബ്രൗലിയോ മനിക്കൻ എന്ന ഫിലിപ്പിനോക്കാരനെ അദ്ദേഹം കണ്ടുമുട്ടുകയും അയാളോടു സുവിശേഷം പങ്കുവെക്കുകയും ചെയ്തു. ലണ്ടും മനിക്കനും ചേർന്ന് പ്രാദേശിക ഫിലിപ്പൈൻ ഭാഷയിലേക്ക് ബൈബിൾ വിവർത്തനം ചെയ്തു, പിന്നീട് അവർ ഫിലിപ്പൈൻസിൽ ആദ്യത്തെ ബാപ്റ്റിസ്റ്റ് മിഷൻ സ്റ്റേഷൻ ആരംഭിച്ചു. പലരും യേശുവിങ്കലേക്ക് തിരിഞ്ഞു - യെശയ്യാ പ്രവാചകനെപ്പോലെ ലണ്ട് ദൈവത്തിന്റെ വിളിയോട് പ്രതികരിച്ചതായിരുന്നു അതിനു കാരണം.
യെശയ്യാവ് 6:8 ൽ, വർത്തമാനകാല ന്യായവിധിയുടെയും ഭാവികാല പ്രത്യാശയുടെയും സന്ദേശം പ്രഖ്യാപിക്കുന്നതിന് യിസ്രായേലിലേക്ക് പോകാൻ സന്നദ്ധനായ ഒരാളെ ദൈവം അന്വേഷിച്ചു. യെശയ്യാവ് ധൈര്യപൂർവ്വം സന്നദ്ധനായി: ''അടിയൻ ഇതാ അടിയനെ അയയ്ക്കേണമേ!'' താൻ യോഗ്യനാണെന്ന് അവൻ കരുതിയില്ല, കാരണം ''ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ'' (വാ. 5) എന്നവൻ ഏറ്റുപറഞ്ഞു. എന്നാൽ അവൻ ദൈവത്തിന്റെ വിശുദ്ധിക്ക് സാക്ഷ്യം വഹിക്കുകയും സ്വന്തം പാപത്തെ തിരിച്ചറിയുകയും ശുദ്ധീകരണം പ്രാപിക്കുകയും ചെയ്തതിനാലാണ് അവൻ മനസ്സോടെ പ്രതികരിച്ചത് (വാ. 1-7).
ദൈവത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ അവൻ നിങ്ങളെ വിളിക്കുന്നുണ്ടോ? നിങ്ങൾ മടിച്ചുനിൽക്കുകയാണോ? അങ്ങനെയാണെങ്കിൽ, യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ദൈവം ചെയ്തതെല്ലാം ഓർക്കുക. നമ്മെ സഹായിക്കാനും നയിക്കാനും അവൻ പരിശുദ്ധാത്മാവിനെ നൽകിയിരിക്കുന്നു (യോഹന്നാൻ 14:26; 15:26-27), അവന്റെ വിളിക്ക് ഉത്തരം നൽകാൻ അവൻ നമ്മെ ഒരുക്കും. യെശയ്യാവിനെപ്പോലെ, ''അടിയനെ അയയ്ക്കേണമേ'' എന്ന് നമുക്കു പ്രതികരിക്കാം.
ക്രിസ്തുവിൽ പരിപൂർണ്ണർ
ഒരു ജനപ്രിയ സിനിമയിൽ, ഒരു സ്പോർട്സ് ഏജന്റായി വിജയിക്കാൻ പരിശ്രമിക്കുന്നവനും വിവാഹജീവിതത്തിൽ തകർച്ച നേരിടുന്നവനുമായി ഒരു വ്യക്തിയായി ഒരു നടൻ അഭിനയിക്കുന്നു. തന്റെ ഭാര്യയെ തിരികെ നേടാൻ ശ്രമിക്കുന്ന അയാൾ അവളുടെ കണ്ണുകളിലേക്കു നോക്കി പറയുന്നു, ''നീ എന്നെ പൂർണ്ണനാക്കുന്നു.'' ഒരു നാടോടി കഥയെ പ്രതിധ്വനിപ്പിക്കുന്ന ഹൃദയസ്പർശിയായ ഒരു സന്ദേശമാണത്. ആ പുരാവൃത്തമനുസരിച്ച്, നാം ഓരോരുത്തരും ഒരു ''പകുതി'' ആണ്, നാം പൂർണ്ണമാകാൻ നമ്മുടെ ''മറ്റേ പകുതി'' കണ്ടെത്തണം.
ഒരു പ്രണയ പങ്കാളി നമ്മെ ''പൂർണ്ണരാക്കുന്നു'' എന്ന വിശ്വാസം ഇപ്പോൾ ജനപ്രിയ സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ ഇത് ശരിയാണോ? വിവാഹിതരായ പല ദമ്പതികളുമായും ഞാൻ സംസാരിക്കാറുണ്ട്, അവരിൽ മിക്കവരും മക്കളില്ലാത്ത കാരണത്താലും അല്ലെങ്കിൽ മക്കളുണ്ടെങ്കിലും മറ്റെന്തോ കുറവുണ്ട് എന്ന തോന്നലിനാലോ അപൂർണ്ണരായി അനുഭവപ്പെടുന്നവരാണ്. ആത്യന്തികമായി, ഒരു മനുഷ്യനും നമ്മെ പൂർണ്ണരാക്കുവാൻ കഴിയുകയില്ല.
അപ്പൊസ്തലനായ പൗലൊസ് മറ്റൊരു പരിഹാരം നൽകുന്നു. ''അവനിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നത് ... അവനിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു'' (കൊലൊസ്യർ 2:9-10). യേശു നമ്മോട് ക്ഷമിക്കുകയും നമ്മെ സ്വതന്ത്രരാക്കുകയും മാത്രമല്ല ചെയ്യുന്നത്, ദൈവത്തിന്റെ ജീവൻ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ അവിടുന്ന് നമ്മെ പൂർണ്ണരാക്കുകയും ചെയ്യുന്നു (വാ. 13-15).
വിവാഹം നല്ലതാണ്, പക്ഷേ അതിന് നമ്മെ പൂർണ്ണരാക്കാൻ കഴികയില്ല. യേശുവിനു മാത്രമേ അത് ചെയ്യാൻ കഴിയൂ. ഒരു വ്യക്തിയോ തൊഴിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ നമ്മെ പൂർണ്ണരാക്കുമെന്ന് പ്രതീക്ഷിക്കുന്നതിനുപകരം, ദൈവത്തിന്റെ സമ്പൂർണ്ണത നമ്മുടെ ജീവിതത്തെ കൂടുതൽ കൂടുതൽ നിറയ്ക്കുന്നതിന് അനുവദിക്കാനുള്ള ദൈവത്തിന്റെ ക്ഷണം നമുക്കു സ്വീകരിക്കാം.