ഒരു ജനപ്രിയ സിനിമയിൽ, ഒരു സ്‌പോർട്‌സ് ഏജന്റായി വിജയിക്കാൻ പരിശ്രമിക്കുന്നവനും വിവാഹജീവിതത്തിൽ തകർച്ച നേരിടുന്നവനുമായി ഒരു വ്യക്തിയായി ഒരു നടൻ അഭിനയിക്കുന്നു. തന്റെ ഭാര്യയെ തിരികെ നേടാൻ ശ്രമിക്കുന്ന അയാൾ അവളുടെ കണ്ണുകളിലേക്കു നോക്കി പറയുന്നു, ”നീ എന്നെ പൂർണ്ണനാക്കുന്നു.” ഒരു നാടോടി കഥയെ പ്രതിധ്വനിപ്പിക്കുന്ന ഹൃദയസ്പർശിയായ ഒരു സന്ദേശമാണത്. ആ പുരാവൃത്തമനുസരിച്ച്, നാം ഓരോരുത്തരും ഒരു ”പകുതി” ആണ്, നാം പൂർണ്ണമാകാൻ നമ്മുടെ ”മറ്റേ പകുതി” കണ്ടെത്തണം.

ഒരു പ്രണയ പങ്കാളി നമ്മെ ”പൂർണ്ണരാക്കുന്നു” എന്ന വിശ്വാസം ഇപ്പോൾ ജനപ്രിയ സംസ്‌കാരത്തിന്റെ ഭാഗമാണ്. എന്നാൽ ഇത് ശരിയാണോ? വിവാഹിതരായ പല ദമ്പതികളുമായും ഞാൻ സംസാരിക്കാറുണ്ട്, അവരിൽ മിക്കവരും മക്കളില്ലാത്ത കാരണത്താലും അല്ലെങ്കിൽ മക്കളുണ്ടെങ്കിലും മറ്റെന്തോ കുറവുണ്ട് എന്ന തോന്നലിനാലോ അപൂർണ്ണരായി അനുഭവപ്പെടുന്നവരാണ്. ആത്യന്തികമായി, ഒരു മനുഷ്യനും നമ്മെ പൂർണ്ണരാക്കുവാൻ കഴിയുകയില്ല.

അപ്പൊസ്തലനായ പൗലൊസ് മറ്റൊരു പരിഹാരം നൽകുന്നു. ”അവനിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നത് … അവനിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു” (കൊലൊസ്യർ 2:9-10). യേശു നമ്മോട് ക്ഷമിക്കുകയും നമ്മെ സ്വതന്ത്രരാക്കുകയും മാത്രമല്ല ചെയ്യുന്നത്, ദൈവത്തിന്റെ ജീവൻ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ അവിടുന്ന് നമ്മെ പൂർണ്ണരാക്കുകയും ചെയ്യുന്നു (വാ. 13-15).

വിവാഹം നല്ലതാണ്, പക്ഷേ അതിന് നമ്മെ പൂർണ്ണരാക്കാൻ കഴികയില്ല. യേശുവിനു മാത്രമേ അത് ചെയ്യാൻ കഴിയൂ. ഒരു വ്യക്തിയോ തൊഴിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ നമ്മെ പൂർണ്ണരാക്കുമെന്ന് പ്രതീക്ഷിക്കുന്നതിനുപകരം, ദൈവത്തിന്റെ സമ്പൂർണ്ണത നമ്മുടെ ജീവിതത്തെ കൂടുതൽ കൂടുതൽ നിറയ്ക്കുന്നതിന് അനുവദിക്കാനുള്ള ദൈവത്തിന്റെ ക്ഷണം നമുക്കു സ്വീകരിക്കാം.