കടുത്ത തലവേദനയും ക്ഷീണവും കാരണം എന്റെ സഭാ ആരാധനയിൽ പങ്കെടുക്കാൻ എനിക്ക് സാധിച്ചില്ല. കൂട്ടായ്മയിൽ പങ്കെടുക്കുവാൻ കഴിയാഞ്ഞതിന്റെ ദുഃഖത്തിൽ ഞാൻ ഒരു ഓൺലൈൻ പ്രസംഗം കേട്ടു. ആദ്യം തന്നെ, അതിലെ കുറവുകൾ എന്നെ മുഷിപ്പിച്ചു. അതിലെ ദൃശ്യത്തിന്റെയും ശബ്ദത്തിന്റെയും വ്യക്തതക്കുറവ് എന്നെ അലോസരപ്പെടുത്തി. എന്നാൽ, ആ വീഡിയോയിലെ ശബ്ദം വളരെ പരിചിതമായ ഒരു പഴയ ഗീതം ആലപിച്ചു. ആ വരികൾ പാടിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി: “എന്റെ ഹൃദയത്തിന്റെ കർത്താവേ, നീ എന്റെ ദർശനമാകുക. നീയല്ലാതെ മറ്റൊന്നും എനിക്ക് മതിയാകില്ല. പകലിലും രാത്രിയിലും,ഉണരുമ്പോഴും ഉറങ്ങുമ്പോഴും നീയാണെന്റെ ചിന്ത, നിന്റെ സാന്നിദ്ധ്യം എന്റെ വെളിച്ചം” ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തിന്റെ ദാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, എന്റെ സ്വീകരണമുറിയിൽ ഇരുന്നുകൊണ്ട് ഞാൻ അവനെ ആരാധിച്ചു.
ഒന്നിച്ചു കൂടിയുള്ള ആരാധനയുടെ പ്രാധാന്യത്തെപ്പറ്റി ദൈവവചത്തിൽ പറയുമ്പോഴും ( എബ്രായർ 10:25), ദൈവം ഒരു സഭയുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നില്ല. ശമര്യ സ്ത്രീയുമായി കിണറ്റിന്റെ അരികിൽ വച്ചു യേശു നടത്തിയ സംഭാഷണത്തിൽ, മിശിഹായെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളെയും അവിടുന്ന് വെല്ലുവിളിച്ചു (യോഹ.4:9). അവളെ കുറ്റം വിധിക്കുന്നതിനു പകരം, കിണറിന്റെ അരികെ നിന്ന അവളോട് യേശു സത്യം സംസാരിക്കുകയും അവളെ സ്നേഹിക്കുകയും ചെയ്തു (വാ.10). അവിടുത്തെ മക്കളെക്കുറിച്ചുള്ള പരിജ്ഞാനവും അടുപ്പവും അവിടുന്ന് വെളിപ്പെടുത്തി (വാ.17-18). പരിശുദ്ധാത്മാവിലുള്ള സത്യാരാധന ജനങ്ങളുടെ ഹൃദയങ്ങളിൽ നിന്നാവണം, മറിച്ച് ഭൗതികമായ ഒരു പ്രത്യേക സ്ഥലത്തുനിന്നല്ല എന്ന് അവിടുത്തെ ദൈവീകത പ്രഖ്യാപിക്കുന്നതിലൂടെ യേശു പ്രസ്താവിച്ചു. (വാ. 23-24)
ദൈവം ആരാണെന്നും, അവിടുന്ന് എന്താണ് ചെയ്തതെന്നും, അവിടുന്ന് എന്താണ് വാഗ്ദാനം ചെയ്തതെന്നും നാം ശ്രദ്ധിച്ചാൽ, നമുക്ക് മറ്റു വിശ്വാസികളോടൊപ്പമോ, സ്വീകരണമുറിലോ എവിടെവേണമെങ്കിലും, ഇരുന്നു അവിടുത്തെ നിരന്തര സാന്നിധ്യത്തിൽ ആരാധിക്കുവാൻ കഴിയും.
ദൈവത്തെ എവിടെ ആരാധിക്കുന്നതാണ് നിങ്ങൾക്ക് സന്തോഷം നൽകുന്നത്? ദൈവത്തെ ആരാധിക്കുന്നതിലൂടെ അവിടുത്തെ സാന്നിധ്യം അനുഭവിക്കുന്നതിൽ സന്തോഷിക്കുന്നതിന് പകരം ആരാധനയുടെ കുറവുകൾ കണ്ടുപിടിക്കുവാനുള്ള പ്രേരണയെ എങ്ങനെയാണ് മറികടക്കുന്നത്?
അത്ഭുതവാനായ ദൈവമേ, അവിടുന്ന് ആരാണെന്നതിനും, അവിടുന്ന് എന്ത് ചെയ്തു എന്നതിനും, അവിടുന്ന് വാഗ്ദാനം ചെയ്ത സകലതിനും അങ്ങയെ ആരാധിക്കുന്നതിലൂടെ അങ്ങിൽ സന്തോഷിക്കുവാൻ എന്നെ സഹായിക്കേണമേ.