എനിക്കിത് മനസ്സിലാകുന്നതേയില്ല, എന്റെ മകൾ അവളുടെ കൈയ്യിലിരുന്ന പെൻസിൽ ഡെസ്കിലടിച്ചു. അവൾ കണക്കിലെ ഒരു അസ്സൈന്മെന്റ് ചെയ്യുകയായിരുന്നു. ഞാൻ ഒരു ഹോംസ്കൂളിങ് അദ്ധ്യാപിക/ മാതാവ് എന്ന നിലയിൽ ആരംഭിച്ചിതെയുള്ളൂ. ഞങ്ങൾ ധർമ്മസങ്കടത്തിലായി. ദശാംശത്തെ ഭിന്നസംഖ്യയാക്കി മാറ്റുന്നതിനെപ്പറ്റി മുപ്പത്തിയഞ്ചു വര്ഷം മുൻപ് പഠിച്ചത് എനിക്ക് ഓർമ്മിച്ചെടുക്കാനെ കഴിഞ്ഞില്ല. എനിക്ക് അറിവില്ലാത്ത കാര്യങ്ങൾ അവൾക്ക് പഠിപ്പിച്ചു കൊടുക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല. അതിനാൽ ഒരു ഓൺലൈൻ ടീച്ചർ കാര്യങ്ങൾ വിശദീകരിക്കുന്നത് ഞങ്ങൾ കണ്ടു.
മനുഷ്യരെന്ന നിലയിൽ, നാമെല്ലാവരും ചില സമയങ്ങളിൽ നമുക്കറിയാത്തതോ മനസ്സിലാക്കാത്തതു ആയ കാര്യങ്ങളാൽ ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ദൈവത്തിന് അങ്ങനെ സംഭവിക്കാറില്ല. അവിടുന്ന് സകലവുമറിയുന്ന ദൈവമാണ് – സർവവിജ്ഞാനിയായ ദൈവം. യെശയ്യാവ് ഇങ്ങനെ എഴുതി, “യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ?
അവനെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗ്ഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന്നു അവൻ ആരോടാകുന്നു ആലോചന കഴിച്ചതു?” (യെശ. 40:13-14). ഇതിന്റെ ഉത്തരമെന്താണ്? ആരുമില്ല.
മനുഷ്യർക്ക് ബുദ്ധിയുണ്ട് കാരണം ദൈവം നമ്മെ അവിടുത്തെ രൂപസാദൃശ്യത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നിട്ടും, നമ്മുടെ ബുദ്ധി അവിടുത്തെ ബുദ്ധിയുടെ ഒരു സൂചന മാത്രമാണ്. നമ്മുടെ ജ്ഞാനം പരിമിതമാണ്, എന്നാൽ ദൈവത്തിന് നിത്യതയുടെ ആദിമുതൽ അവസാനം വരെയുള്ള സകലത്തെയും കുറിച്ച് അറിയാം (സങ്കീ.147:5). നമ്മുടെ അറിവ് വർദ്ധിക്കുന്നത് ശാസ്ത്രത്തിന്റെ സഹായത്തോടെയാണ്, എന്നിട്ടും നമുക്ക് തെറ്റുകൾ സംഭവിക്കുന്നു. യേശുവിന് സകല കാര്യവും “തൽക്ഷണം, ഒരേ സമയത്തു, സമഗ്രമായും സത്യമായും, അറിയാം” എന്ന് ഒരു ദൈവപണ്ഡിതൻ രേഖപ്പെടുത്തിയിരിക്കുന്നു.
മനുഷ്യർ ജ്ഞാനത്തിൽ എത്ര തന്നെ മുന്നേറിയാലും നാം ഒരിക്കലും ക്രിസ്തുവിന്റെ സർവ്വജ്ഞാനത്തിന്റെ
നിലവാരത്തിൽ എത്തുകയില്ല. നമ്മുടെ അറിവിനെ അനുഗ്രഹിക്കുവാനും നല്ലതും സത്യവും പഠിപ്പിക്കുവാനും നമുക്ക് അവിടുത്തെ എപ്പോഴും ആവശ്യമാണ്.
ഏതൊക്കെ സാഹചര്യങ്ങളിലാണ് താങ്കൾ ദൈവത്തിന്റെ സർവ്വജ്ഞത്വത്തിൽ നന്ദിയുള്ളവനായിരിക്കുന്നതു? യേശു സകലതും മനസിലാക്കുന്നു എന്ന തിരിച്ചറിവ് എങ്ങനെയാണ് താങ്കളെ ധൈര്യപ്പെടുത്തുന്നത്?
യേശുവേ, അങ്ങ് സകലവും അറിയുന്നതിനാൽ ഞാൻ അങ്ങയെ സ്തുതിക്കുന്നു. ഞാൻ ഗ്രഹിക്കേണമെന്ന് അങ്ങ് ആഗ്രഹിക്കുന്നത് എന്നെ പഠിപ്പിക്കേണമേ, കൂടാതെ പൂർണ്ണ മനസ്സോടെ അങ്ങയെ സ്നേഹിക്കുവാൻ എന്നെ സഹായിക്കേണമേ.
ദൈവത്തെക്കുറിച്ച് കൂടുതൽ അറിയുവാനായി ChristianUniversity.org/character_god സന്ദർശിക്കുക