മോഹനും രേഖയും തങ്ങളുടെ ഒരേയൊരു കുഞ്ഞിനെ സ്വർഗത്തിനായി വിട്ടു കൊടുത്ത ശേഷം തങ്ങളെത്തന്നെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയാതെ വിഷമിച്ചു. ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട പിതാവിനെയോ മാതാവിനെയോ വിശേഷിപ്പിക്കാൻ പറ്റിയ ഒരു വാക്കില്ല. ഭർത്താവ് മരിച്ച ഭാര്യയെ വിധവ എന്നും ഭാര്യ മരിച്ച ഭർത്താവിനെ വിഭാര്യൻ എന്നും പറയും. മാതാപിതാക്കൾ ഇല്ലാത്ത കുഞ്ഞാണ് അനാഥൻ. എന്നാൽ കുഞ്ഞ് മരിച്ച് പോയ മാതാപിതാക്കൾ നിർവ്വചനാതീതമായ, നൊമ്പരത്തിന്റെ ഒരു ഗോളമാണ്.
ഗർഭം അലസൽ, ആകസ്മിക ശൈശവ മരണം, ആത്മഹത്യ, രോഗം, അപകടം .. ഇങ്ങനെയൊക്കെ മരണം ഒരു കുഞ്ഞിനെ ഈ ലോകത്തിൽ നിന്ന് തട്ടിക്കൊണ്ടു പോകുമ്പോൾ മാതാപിതാക്കളുടെ അസ്തിത്വം തന്നെ ഇല്ലാതാകുന്നതുപോലെയാകുന്നു.
എന്നിരുന്നാലും ദൈവത്തിന് ഈ തകർത്തു കളയുന്ന ദുഃഖം അറിയാം ; തന്റെ ഏകജാതനായ പുത്രൻ – യേശു – ക്രൂശിൽ മരിക്കുമ്പോൾ തന്നെ വിളിച്ചു പറഞ്ഞത് ഇപ്രകാരമായിരുന്നു : ” പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കൈയിൽ ഏല്പിക്കുന്നു ” (ലൂക്കൊ.23:46 ). യേശുവിന്റെ ഐഹിക ജനനത്തിനു മുമ്പും ദൈവം പിതാവായിരുന്നു ; യേശു അന്ത്യശ്വാസം വലിക്കുമ്പോഴും താൻ പിതാവ് തന്നെയായിരുന്നു. തന്റെ പുത്രന്റെ ചേതനയറ്റ ശരീരം കല്ലറയിൽ വെച്ചപ്പോഴും ദൈവം പിതാവ് തന്നെയായിരുന്നു. ദൈവം ഇന്നും, ഉയിർത്തെഴുന്നേറ്റ പുത്രന്റെ പിതാവായി ജീവിക്കുന്നു എന്നത് തങ്ങളിൽ നിന്ന് വേർപെട്ടു പോയ കുഞ്ഞും ഇനിയും ജീവിക്കും എന്ന പ്രത്യാശ മാതാപിതാക്കൾക്ക് നല്കുന്നു.
സ്വന്തപുത്രനെ ഈ പ്രപഞ്ചത്തിനായി , നമുക്കോരോരുത്തർക്കുമായി, യാഗമർപ്പിച്ച സ്വർഗീയ പിതാവിനെ എന്താണ് നാം വിളിക്കുന്നത്? പിതാവ് എന്ന് തന്നെ, ഇപ്പോഴും. ദുഃഖത്തിന്റെ നിഘണ്ടുവിൽ ഈ വേദനയെ വിശേഷിപ്പിക്കാൻ പറ്റിയ പദം ഇല്ലാത്തപ്പോഴും, ദൈവം നമ്മുടെ പിതാവാണ്; അവിടുന്ന് നമ്മെ മക്കൾ എന്നും വിളിക്കുന്നു (1 യോഹ. 3:1)
ദൈവം എപ്പോഴും നിങ്ങളുടെ പിതാവായിരുന്ന് നിങ്ങളെ മക്കൾ എന്ന് വിളിക്കുന്നു എന്ന യാഥാർത്ഥ്യം നിങ്ങളുടെ ഹൃദയത്തെ എങ്ങനെ സ്പർശിക്കുന്നു ? ഈ ചിന്ത നിങ്ങളെ എങ്ങനെയാണ് ആശ്വസിപ്പിക്കുന്നത് ?
പ്രിയ സ്വർഗീയ പിതാവേ, അവിടുന്ന് എന്റെ പിതാവായിരിക്കുന്നതിനാലും എന്നെ സ്വന്തം കുഞ്ഞാക്കിയിരിക്കുന്നതിനാലും ഞാൻ നന്ദി പറയുന്നു.
വായിക്കുക: Life after loss - DiscoverySeries.org/ CB 131