“മകനെ, നിനക്ക് നല്കാൻ എന്റെ പക്കൽ അധികമൊന്നുമില്ല. എന്നാൽ എനിക്ക് ഒരു നല്ല പേരുണ്ട് , നീ അത് മോശമാക്കരുത്.” ജെറോം കോളേജ് പഠനത്തിനായി പോകുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞതാണ് ജ്ഞാനവും കുലീനത്വവും നിറഞ്ഞ ഈ വാക്കുകൾ. ഒരു പ്രൊഫഷണൽ അത്ലെറ്റായി ആദരം ഏറ്റുവാങ്ങാൻ സ്റ്റേജിൽ നിന്നപ്പോൾ ജെറോം പിതാവിന്റെ ഈ വാക്കുകൾ ഉദ്ധരിച്ചു. ജെറോമിന്റെ ജീവിതകാലം മുഴുവൻ ഈ വിലയേറിയ വാക്കുകൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു ; അതുകൊണ്ട് അദ്ദേഹം തന്റെ മകന് നല്കിയ ഉപദേശവും ഇത് തന്നെയായിരുന്നു: “മകനെ, നമുക്കുള്ള നല്ല പേരിനെക്കാൾ അധികമായ ഒന്നും നിനക്ക് നല്കാൻ എന്റെ പക്കലില്ല.”

സൽപ്പേരുണ്ടാകുക എന്നത് യേശുവിൽ വിശ്വസിക്കുന്നവർക്ക് അതിപ്രധാനമാണ്. കൊലോസ്യർ 3:12-17 ലെ പൗലോസിന്റെ വാക്കുകൾ നാം ആരെ പ്രതിനിധീകരിക്കുന്നു എന്ന് ഓർമ്മിപ്പിക്കുന്നു. സ്വഭാവം എന്നത് നാം ധരിക്കുന്ന വസ്ത്രം പോലെയാണ്; ഈ വേദഭാഗം ആ വസ്ത്രത്തിൽ “യേശു എന്ന ലേബൽ” പ്രദർശിപ്പിക്കുന്നു. ” അതുകൊണ്ട് ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കുകയും തമ്മിൽ ക്ഷമിക്കുകയും ചെയ്യുവിൻ. എല്ലാറ്റിനും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിക്കുവിൻ. ” ( വാ . 12 – 14 ) ഇത് കേവലം നമ്മുടെ “ഞായറാഴ്ച വസ്ത്രമല്ല”. മറിച്ച്, നാം എല്ലായിടത്തും എല്ലായ്പ്പോഴും ഇത് ധരിച്ച് അവിടുത്തെ പ്രതിഫലിക്കുവാൻ ദൈവം നമ്മിൽ പ്രവർത്തിക്കുന്നു. ഈ സത്ഗുണങ്ങൾ നമ്മുടെ ജീവിതത്തിൽ കാണപ്പെടുമ്പോൾ നാം യേശുവിന്റെ നാമം ധരിക്കുന്നവരെന്ന് വെളിപ്പെടും.

നമുക്ക് ആവശ്യമായവയെല്ലാം പ്രദാനം ചെയ്യുന്നതിനാൽ നമുക്ക് പ്രാർത്ഥനാപൂർവ്വം സൂക്ഷ്മതയോടെ യേശുവിനെ പ്രതിനിധാനം ചെയ്യാം.