“മകനെ, നിനക്ക് നല്കാൻ എന്റെ പക്കൽ അധികമൊന്നുമില്ല. എന്നാൽ എനിക്ക് ഒരു നല്ല പേരുണ്ട് , നീ അത് മോശമാക്കരുത്.” ജെറോം കോളേജ് പഠനത്തിനായി പോകുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞതാണ് ജ്ഞാനവും കുലീനത്വവും നിറഞ്ഞ ഈ വാക്കുകൾ. ഒരു പ്രൊഫഷണൽ അത്ലെറ്റായി ആദരം ഏറ്റുവാങ്ങാൻ സ്റ്റേജിൽ നിന്നപ്പോൾ ജെറോം പിതാവിന്റെ ഈ വാക്കുകൾ ഉദ്ധരിച്ചു. ജെറോമിന്റെ ജീവിതകാലം മുഴുവൻ ഈ വിലയേറിയ വാക്കുകൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു ; അതുകൊണ്ട് അദ്ദേഹം തന്റെ മകന് നല്കിയ ഉപദേശവും ഇത് തന്നെയായിരുന്നു: “മകനെ, നമുക്കുള്ള നല്ല പേരിനെക്കാൾ അധികമായ ഒന്നും നിനക്ക് നല്കാൻ എന്റെ പക്കലില്ല.”
സൽപ്പേരുണ്ടാകുക എന്നത് യേശുവിൽ വിശ്വസിക്കുന്നവർക്ക് അതിപ്രധാനമാണ്. കൊലോസ്യർ 3:12-17 ലെ പൗലോസിന്റെ വാക്കുകൾ നാം ആരെ പ്രതിനിധീകരിക്കുന്നു എന്ന് ഓർമ്മിപ്പിക്കുന്നു. സ്വഭാവം എന്നത് നാം ധരിക്കുന്ന വസ്ത്രം പോലെയാണ്; ഈ വേദഭാഗം ആ വസ്ത്രത്തിൽ “യേശു എന്ന ലേബൽ” പ്രദർശിപ്പിക്കുന്നു. ” അതുകൊണ്ട് ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കുകയും തമ്മിൽ ക്ഷമിക്കുകയും ചെയ്യുവിൻ. എല്ലാറ്റിനും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിക്കുവിൻ. ” ( വാ . 12 – 14 ) ഇത് കേവലം നമ്മുടെ “ഞായറാഴ്ച വസ്ത്രമല്ല”. മറിച്ച്, നാം എല്ലായിടത്തും എല്ലായ്പ്പോഴും ഇത് ധരിച്ച് അവിടുത്തെ പ്രതിഫലിക്കുവാൻ ദൈവം നമ്മിൽ പ്രവർത്തിക്കുന്നു. ഈ സത്ഗുണങ്ങൾ നമ്മുടെ ജീവിതത്തിൽ കാണപ്പെടുമ്പോൾ നാം യേശുവിന്റെ നാമം ധരിക്കുന്നവരെന്ന് വെളിപ്പെടും.
നമുക്ക് ആവശ്യമായവയെല്ലാം പ്രദാനം ചെയ്യുന്നതിനാൽ നമുക്ക് പ്രാർത്ഥനാപൂർവ്വം സൂക്ഷ്മതയോടെ യേശുവിനെ പ്രതിനിധാനം ചെയ്യാം.
നിങ്ങളുടെ വസ്ത്രശേഖരം വിലയിരുത്തിയാൽ, യേശുവിന്റെ സ്വഭാവത്തെ എത്രത്തോളമാണ് നിങ്ങൾ ധരിച്ചിരിക്കുന്നത്? ക്രിസ്തുവിനെ അധികമധികമായി വെളിപ്പെടുത്താൻ അവന്റെ ജ്ഞാനവും ശക്തിയും നടത്തിപ്പും എങ്ങനെയാണ് നിങ്ങൾ തേടുന്നത്?
പിതാവേ, യേശുവിനെ വേണ്ടതുപോലെ പ്രതിനിധീകരിക്കാത്തപ്പോൾ എന്നോട് ക്ഷമിക്കേണമേ. ക്രിസ്തുവിന്റെ നാമത്തിനായും, അങ്ങയെ മഹത്വപ്പെടുത്താവാനും എനിക്ക് ധൈര്യവും ബലവും നൽകേണമേ.
ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്ന ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതലറിയാനായി Christian university.org/Hypocrisy എന്ന സൈറ്റ് കാണുക.