ഒരാഴ്ച നീണ്ട ശിഷ്യത്വ കോൺഫറൻസ് നടന്നപ്പോൾ പുറത്തിറങ്ങാൻ വയ്യാത്ത ഉഷ്ണവും ചൂടും ആയിരുന്നു. എന്നാൽ അവസാനത്തെ ദിവസം നല്ല കുളിരുമായി തണുത്ത കാറ്റ് വീശി. കാലാവസ്ഥയെ ഇങ്ങനെ അതിശയകരമായി മാറ്റിയ ദൈവത്തെ ഞങ്ങൾ സ്തുതിച്ചപ്പോൾ നൂറ് കണക്കിന് പേരുടെ സ്വരവും ദൈവത്തെ ആരാധിക്കുവാൻ അതിനോട് ചേർന്നു. പലരും ശരീരവും മനസ്സും ആത്മാവും ഹൃദയവുമെല്ലാം അർപ്പിച്ച് എല്ലാം മറന്ന് പാടി. ദശാബ്ദങ്ങൾക്കിപ്പുറം നിന്ന് ആ ദിനത്തെപ്പറ്റി ചിന്തിക്കുമ്പോൾ ദൈവത്തെ സ്തുതിക്കുന്നതിലെ ആനന്ദത്തെയും അത്ഭുതത്തെയും പറ്റി എന്നെ ഓർമ്മപ്പെടുത്തുന്നു.
ദൈവത്തെ എങ്ങനെ ഹൃദയപൂർവ്വം ആരാധിക്കാമെന്ന് ദാവീദ് രാജാവിന് അറിയാമായിരുന്നു. ദൈവസാന്നിധ്യത്തെ പ്രതിനിധാനം ചെയ്തിരുന്ന നിയമപെട്ടകം യെരുശലേമിൽ കൊണ്ടു വന്നപ്പോൾ നൃത്തം ചെയ്തും തുള്ളിച്ചാടിയും ആഘോഷിച്ചും അദ്ദേഹം സന്തോഷിച്ചു ( 1 ദിന. 15:29 ). താൻ ഇങ്ങനെ നിയന്ത്രണമില്ലാതെ പെരുമാറിയത് തൻ്റെ ഭാര്യ മീഖൾ കാണുകയും “ഹൃദയത്തിൽ അവനെ നിന്ദിച്ചു” (വാ. 29) എങ്കിലും അവളുടെ വിമർശനം ഈ ഏകസത്യദൈവത്തെ ആരാധിക്കുന്നതിൽ നിന്നും ദാവീദിനെ തടസ്സപ്പെടുത്തിയില്ല. തന്നെത്താൻ നിസ്സാരനായി തോന്നിപ്പിച്ചെങ്കിലും ജനത്തെ നയിക്കാൻ തന്നെ തെരഞ്ഞെടുത്തതിന് ദൈവത്തിന് നന്ദി കരേറ്റുവാൻ ദാവീദ് ആഗ്രഹിച്ചു. (2 ശമു. 6:21 – 22 കാണുക).
ദാവീദ് “ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവക്ക് സ്തോത്രം ചെയ്യേണ്ടതിന് നിയമിച്ചതെന്തെന്നാൽ: യഹോവക്ക് സ്തോത്രം ചെയ്ത് ; അവന്റെ നാമത്തെ ആരാധിക്കുവിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിക്കുവിൻ; അവന് പാടി കീർത്തനം ചെയ്യുവിൻ; അവന്റെ അത്ഭുതങ്ങളെ ഒക്കെയും വർണ്ണിക്കുവിൻ.” (1 ദിന.16:7-9) നമ്മുടെ സകല സ്തുതികളും പുകഴ്ചയും അർപ്പിച്ചു കൊണ്ട് നമ്മെയും പൂർണ്ണമായും അവന്റെ ആരാധനക്കായി സമർപ്പിക്കാം.
ദൈവത്തെ മുഴുഹൃദയത്തോടെ ആരാധിക്കുവാനുള്ള സ്വാതന്ത്ര്യം നിങ്ങൾഎപ്പോഴാണ് അനുഭവിച്ചിട്ടുള്ളത്? ആ വിടുതലിന്റെയും സ്വാതന്ത്ര്യത്തിന്റെയും അനുഭവത്തിന് കാരണമായതെന്താണ്?
സ്രഷ്ടാവായ ദൈവമേ, മറ്റെല്ലാറ്റിലും ഉപരിയായി അവിടുത്തെ നാമം ഞങ്ങൾ ഘോഷിക്കുന്നു. അവിടുന്ന് സ്തുതികൾക്ക് യോഗ്യൻ ! ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു!